തിരുവനന്തപുരം : കേരളത്തില്‍ വിഘടനവാദികള്‍ വളര്‍ന്ന് വരുന്നതും തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറുന്നതും മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനും പ്രശ്നമല്ല വോട്ടിനായി ആരുമായും വിട്ടുവീഴ്ച്ച ചെയ്യാമെന്നാണ് സംസ്ഥാനത്തെ സ്ഥിതിയെന്ന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യുവമോര്‍ച്ച സംഘടിപ്പിച്ച നവഭാരതമേള സമാപന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക രാജ്യത്തിന് വേണ്ടി വാദിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമി. വിയോജിപ്പുളളവന്റെ കൈ വെട്ടുന്നവരാണ് എസ്ഡിപിഐക്കാര്. ഇവര്‍ രണ്ടു പേരെയും കൂടെ നിര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസും എടുത്തിരിക്കുന്നത്. നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് ബിഷപ്പുമാര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ എന്തോ വലിയ അപരാധം പറഞ്ഞുവെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞത്. മതമൗലികവാദികള്‍ക്കെതിരേ സംസാരിച്ചാല്‍ അവരെ തള്ളിപ്പറയുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെത്. പ്രതിപക്ഷ നേതാവും ഇതുപോലെയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
മുമ്പും പ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഉറക്കമില്ലാത്ത കാവല്‍ക്കാരനായി ഇന്ന് ഒരു വ്യക്തിയുടെ പേര് പറയാനുണ്ടെങ്കില്‍ അത് നരേന്ദ്രമോദിയുടെ പേരാണ്. അദ്ദേഹത്തിന്റേയും കേരളത്തിലെ നേതാക്കളുടെയും നിലപാടുകള്‍ തമ്മിലുളള വ്യത്യാസവും ഇതില്‍ പ്രകടമാണ്. . തീവ്രവാദത്തോടും വിഘടനവാദത്തോടും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് നരേന്ദ്രമോദി കൃതമായി പറഞ്ഞിട്ടുണ്ട് അത് തെളിയിച്ചിട്ടുമുണ്ട്.
അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഒരു വിഷയം പെട്ടാല്‍ അതിന് പരിഹാരം ഉണ്ടാകുമെന്നാണ് പറയുന്നത്. അദ്ദേഹം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ പേരില്‍ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ നരേന്ദ്രമോദിയെ ദൈവതുല്യനായാണ് കാണുന്നതെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: