നമ്മുടെ നാവിന് തുമ്പില്‍ തത്തിക്കളിക്കുന്ന ഒരു പ്രയോഗമില്ലേ? ഒരു പഴമൊഴി, ചൊല്ല്. ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന്. നമുക്കു സ്വാതന്ത്ര്യം വാങ്ങിത്തന്നുവെന്ന് അഭിമാനിക്കുന്ന (ഇത്തിരി ശരിയുണ്ടെന്ന് കൂട്ടിക്കോളീ) കോണ്‍ഗ്രസ്സിന്റെ അവസ്ഥയില്‍ അന്തംവിട്ടു നില്ക്കുന്ന ഒരു മാതിരിപ്പെട്ടവര്‍ക്കൊക്കെ തോന്നുന്നതാണിത്. പുലിക്കുട്ടിയെന്ന് പാണന്മാര് പാടിപ്പുകഴ്ത്തിയ സുധാകരന്‍ജിയെന്ന പിസിസി അധ്യക്ഷന്‍ പാര്‍ട്ടിയെ കേഡറിസത്തിന്റെ അനന്തസാധ്യതകള്‍ പഠിപ്പിക്കാന്‍ ഗുരുക്കന്മാരെ ഇംപോര്‍ട്ട് ചെയ്യാന്‍ എംഒയു ഒപ്പുവെച്ചിരിക്കെ കാര്യങ്ങളെല്ലാം അട്ടിമറിയുകയാണ്.
സുധാകരന്‍ജി ആള് പുലിയാണെന്നാണ് പൊതുവെയുള്ള വര്‍ത്തമാനം. ഒരു പാട് പുലിക്കളികള്‍ക്ക് സാക്ഷ്യം വഹിച്ചവരോട് അതൊന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പുലിയ്ക്കും പൂച്ചയ്ക്കും ഉള്ള സ്ഥാനം അടിവരയിട്ടു മനസ്സിലാക്കിയ ദേഹമാണത്. കോണ്‍ഗ്രസ്സിലെ പച്ചവെള്ളംകുടി പരുവമുള്ള രാഷ്ട്രീയമല്ല ടിയാന്റെയുള്ളിലെന്ന് ആര്‍ക്കും അറിയാവുന്നതത്രെ. വിപ്ലവപ്പാര്‍ട്ടിയെക്കുറിച്ചാണെങ്കില്‍ ഈ സാധ്യത എത്രയോ മുന്നെത്തന്നെ അവരുടെ കിത്താബില്‍ കോറിയിട്ടതാണു താനും. അതിനാല്‍ തന്നെ പിസിസി തെരഞ്ഞെടുപ്പു മുതല്‍ പാര്‍ട്ടി അതൊക്കെ സാകൂതം വീക്ഷിച്ചു വരികയാണ്.
ഓരോ പാര്‍ട്ടിയിലെയും നേതാക്കന്മാരെ മനസ്സിലാക്കാന്‍ ഏറ്റവും യുക്തമായ സമയം തെരഞ്ഞെടുപ്പു തന്നെയാണ്. ഇത് രണ്ടു തരത്തിലുണ്ട്. ചിലരെ പാര്‍ട്ടി അണ്ടറെസ്റ്റിമേറ്റ് ചെയ്യും. എല്ലുമുറിയെ പണിയെടുത്ത ടിയാനെ മാറ്റി മറ്റൊരാള്‍ക്ക് ടിക്കറ്റ് കൊടുക്കും. ജീവിതം പാര്‍ട്ടിക്കു വേണ്ടി ഉഴിഞ്ഞു വെച്ചയാള്‍ക്ക് അതോടെ സ്ഥലകാലബോധം നഷ്ടമാവും. ഇത്ര കാലം ജനകീയനെന്നു ധരിച്ചുവശായ ആളെ കറിവേപ്പില പരുവത്തില്‍ കണക്കാക്കുമ്പോള്‍ അറ്റകൈ പ്രയോഗമാവും പിന്നെ നടത്തുക. അതുവരെ ധീരവീരം ആരോപണമുന്നയിച്ചിരുന്ന എതിര് പാര്‍ട്ടിയുടെ ആകാശത്ത് ശുക്രനക്ഷത്രമുദിച്ചുയര്‍ന്നതിന്റെ സൗന്ദര്യത്തില്‍ മതിമറക്കും. പിന്നെ അതിന്റെ ആസ്വാദ്യതകളിലേക്ക് ഇറങ്ങിച്ചെല്ലും. അഭിപ്രായം ഇരുമ്പുലക്കയല്ല എന്നത് എത്ര മനോഹരമായ വാക്യം എന്ന് ആസ്വദിക്കും.
നമ്മുടെ സുധാകരന്‍ജിക്ക് ഇതൊന്നും അറിഞ്ഞു കൂടാത്തതല്ല. ഇടയ്ക്കെപ്പൊഴോ അങ്ങനെയൊക്കെ തോന്നുകയും മാധ്യമമഹിതാശയന്മാര്‍ അതൊക്കെ മാലോകരെ വേണ്ട പോലെ അറിയിക്കുകയും ചെയ്തിരുന്നു. അത്തരം വിചാരങ്ങളുടെ ധന്യനിമിഷത്തിലെപ്പൊഴോ ആണ് കേഡര്‍ചിന്ത ആ മനസ്സിന്റെ ഉമ്മറത്തേക്ക് ബൂട്ടുകെട്ടി വന്നത്. പെരിയാറിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയപ്പോഴാണ് അത് പക്ഷേ, പ്രവൃത്തിപഥത്തിലേക്ക് എത്തുന്നത്. പിസിസി അധ്യക്ഷന്മാര്ക്കൊന്നും ഇതുവരെ ഉണ്ടാകാത്ത ചങ്കൂറ്റത്തോടെ പാര്‍ട്ടി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത അദ്ദേഹത്തിന്റെ മുമ്പില്‍ പാരമ്പര്യക്കാരും പടനായകന്മാരുമുള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃനിര അസ്തപ്രജ്ഞരായി എന്നതാണ് സത്യം.
കേഡറിസത്തിന്റെ അനന്തസാധ്യതകള്‍ അനുഭവിച്ചും രുചിച്ചും ഉള്ളുറപ്പു വരുത്തിയ അദ്ദേഹത്തിന്റെ കേഡറിയന്‍ രീതികള്‍ ക്ലച്ചു പിടിച്ചു വരുമ്പോഴാണ് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാവുന്നത്. വിപ്ലവക്കൂട്ടങ്ങളുടെ അസഹിഷ്ണുതയ്ക്കും ധാര്‍ഷ്ട്യത്തിനും നേരെ നെഞ്ചുവിരിച്ചു നിന്നവരൊക്കെ അഹമഹമികയാ ചോരക്കൊടി പിടിയ്ക്കാന്‍ ഇരമ്പിയാര്‍ക്കുകയാണ്.
ഇങ്ങനെ പോയാല്‍ കെപിസിസി കെട്ടിടത്തിന് സെക്യൂരിറ്റിയായി പോലും ആരെയും കിട്ടാത്ത അവസ്ഥ വന്നുചേരും എന്നായിരിക്കുന്നു. ആര് ചോരക്കൊടി പിടിക്കാനും പ്രകടനത്തില്‍ പങ്കെടുക്കാനും പോയാലും ‘ ദ ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്. തല്ക്കാലം ആ ഒരു പിടിവള്ളി മാത്രമേ സുധാകരന്‍ജിയുടെ മുമ്പിലുള്ളൂ. കേഡര്‍പാര്‍ട്ടിയുടെ സമ്മോഹിത അവസ്ഥയാണോ അക്കാര്യം പരസ്യമാക്കിയതാണോ പ്രശ്നമായതെന്ന അങ്കലാപ്പിലാണിപ്പോള്‍ സുധാകരന്‍ജി.
കോണ്ഗ്രസ്സു പാര്‍ട്ടിയെ കേഡര്‍ നിലവാരത്തിലാക്കി കൊണ്ടുവരുമ്പോഴേക്കും തലമുറ രണ്ടു മൂന്നു കഴിയുമെന്ന കണക്കുകൂട്ടലിലാണ് ചോരത്തിളപ്പുള്ള പല നേതാക്കളും. അങ്ങനെയുള്ള ‘കേഡര്‍ കോണ്‍ഗ്രസ്സി’നെ കാത്തു നിന്ന് പല്ലുകൊഴിഞ്ഞു പോകുന്നതിനെക്കാള്‍ഭേദം ഇപ്പോള്‍ തന്നെ നല്ല കച്ചവടമുള്ള കേഡര്‍പാര്‍ട്ടിയുടെ കൊടി പിടിക്കുന്നതല്ലേ? തികച്ചും ന്യായവും യുക്തിസഹവുമായ ഒരു നിലപാടല്ലേ അത്. കേഡര്‍ പാര്‍ട്ടി വേണമെന്നല്ലേയുള്ളൂ. മാത്രവുമല്ല കേന്ദ്രതലത്തില്‍ വല്യ കക്ഷിയെ എതിരിടാന്‍ മറ്റെല്ലാവരുമായി കൈകോര്‍ത്ത് പോവുകയുമാണ്. പാര്‍ട്ടികളിങ്ങനെ ചിതറിക്കിടക്കുന്നതിനെക്കാള്‍ ഒന്നിച്ചു നില്‍ക്കുന്നതല്ലേ നന്ന്. സുധാകരന്‍ജിയ്ക്ക് മനസ്സിലാകാത്ത കേഡറിയന്‍ രാഷ്ട്രീയം പ്രശാന്തില്‍ തുടങ്ങി അനില്‍കുമാര്‍ വഴി രതികുമാറിലൂടെ മുന്നേറുകയാണ്.
ഇതൊക്കെ കാണുമ്പോള്‍ രാഹുല്‍ജിയ്ക്കുണ്ടാവുന്ന സന്തോഷത്തിന് കൈയ്യും കണക്കുമുണ്ടാവില്ല. വയനാടന്‍ മണ്ണില്‍ വിത്തിറക്കിയതിന് നൂറുമേനി വിള കിട്ടും എന്ന് അന്ന് അമ്മച്ചിയോടു പറഞ്ഞത് എത്ര ശരിയായാണ് വരുന്നത്. കണ്ണൂര്‍ കേഡറില്‍ നിന്ന് കമ്യൂണിസ്റ്റ് കേഡറിലേക്കുള്ള സുധാകര പ്രയാണത്തിന് ഒരു ഏകെജി സെന്റര്‍ സലാം. എന്തുകൊണ്ടും കേരളം തന്നെയാണ് യഥാര്‍ഥ ദൈവരാജ്യം എന്നറിയുമ്പോഴുള്ള ആഹ്ലാദം അളക്കാനാവാ!
നേര്‍മുറി
സേവാദള്‍ ചങ്ങാതിമാരെ കേഡറിസത്തിലേക്ക് കൊണ്ടുപോവാന്‍ പദ്ധതിയൊന്നുമില്ലേ ഗുരുഭൂതരേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: