കാബൂള്‍ : അഫ്ഗാനിസ്ഥാന് താലിബാന് ഭരണം കയ്യേറിയതിനുശേഷം സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. ഏഴ് മുതല്‍ 12ാം ക്ലാസ്സ് വരെയുള്ള രാജ്യത്തെ സെക്കന്‍ഡറി സ്കൂളുകള്‍ ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വെള്ളിയാഴ്ച താലിബാന് അറിയിച്ചിരുന്നു.
ആണ്‍കുട്ടികളെ കുറിച്ചു മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇതോടെ പെണ്‍കുട്ടികള്‍ക്ക് താലിബാന് വിദ്യാഭ്യാസവും നിഷേധിക്കുകയാണെന്നും ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ രാജ്യത്തെ പകുതിയോളം വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിക്കുന്നത്.
സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ്. പുരുഷന്മാരായ അധ്യാപകരോട് ജോലിയില്‍ തിരികെ പ്രവേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. താലിബാന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട ഉത്തരവില്‍ വനിതാ അധ്യാപകരെ കുറിച്ച് പരാമര്‍ശമില്ല. ഇവര്‍ക്കും വീട്ടില്‍ ഇരിക്കേണ്ടതായി വരും. ഇസ്ലാമിക രാഷ്ട്രമാക്കി അഫ്ഗാനെ മാറ്റാനാണ് താലിബാന്റെ ശ്രമം.
1990 കളില്‍ അഫ്ഗാന്റെ ഭരണം കൈയാളിയിരുന്ന കാലത്തും പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നത് താലിബാന് വിലക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഭരണം കയ്യേറിയതിന് പിന്നാലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം താലിബാന് നല്‍കുമെന്നാണ് ആദ്യം അറിയിച്ചത്.
എന്നാല്‍ ഹൈസ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് അനുമതി നിഷേധിച്ച നടപടി ഭാവിയില്‍ സര്‍വകലാശാലാ വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്. സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്കും പഠിക്കാമെന്ന് താലിബാന് അടുത്തിടെ അറിയിച്ചിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്കൊപ്പമിരുന്ന് പഠിക്കാനാവില്ലെന്നാണ് പറഞ്ഞിരുന്നത്.
അതേസമയം രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളും ജോലിക്കെത്തുന്നത് താലിബാന് ഇതിനകം വിലക്കിയിട്ടുണ്ട്. പുരുഷന്മാരെ മാത്രമാണ് പല ഓഫീസുകളിലും ജോലിക്കെത്താന്‍ അനുവദിച്ചിട്ടുള്ളത്. രാജ്യത്തെ സുരക്ഷാ സാഹചര്യം മോശമായതിനാല്‍ സ്ത്രീകള്‍ ജോലിക്കെത്തുന്നത് സുരക്ഷിതമല്ല എന്നാണ് ഇതിനു നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: