കോഴിക്കോട്: ആധുനിക ഇന്ത്യയുടെ രക്ഷകനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷം കോഴിക്കോട് ജില്ലാ ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ നിന്നും വികസന മുരടിപ്പില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഭാരതത്തെ രക്ഷിക്കുന്ന നേതാവാണ് മോദി. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പ്രധാന സേവകനായി മാറുകയായിരുന്നു അദ്ദേഹം. കുടുംബാധിപത്യത്തില്‍ നിന്നും ഭാരതത്തെ ജനാധിപത്യത്തിലേക്ക് നയിച്ച ആധുനിക ഇന്ത്യയുടെ പരിഷ്കര്ത്താവാണദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം രാജ്യം ആഘോഷിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ മാപ്പിള കലാപത്തിന്റെ വാര്‍ഷികം ആഘോഷിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഒരിക്കലും ജന്മദിനം ആഘോഷിക്കാത്തയാളാണ് അദ്ദേഹം. നദ്ദയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയാണ് ‘സേവ ഔര്‍ സമര്പ്പണ്’ എന്ന സന്ദേശവുമായി ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. വികസനത്തിന്റെയും ദേശസ്നേഹത്തിന്റെയും ആഘോഷമാണ് ഒക്ടോബര്‍ ഏഴ് വരെ നടക്കുകയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇന്ധന വില ഉയരുന്നതിനെതിരെ ഫലപ്രദമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ജിഎസ്ടി കണ്‍സില്‍ യോഗത്തില്‍ പ്രശ്നം അടിസ്ഥാപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധന വില ജിഎസ്ടിയില്‍ ഉള്പെടുത്തരുതെന്നാണ് മഹാരാഷ്ട്ര, കേരള സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത്. കേരളം തീവ്രവാദികളുടെ നഴ്സറിയെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ സിപിഎം അതിനെ പരിഹസിക്കുകയായിരുന്നു. ഇന്ന് കലാലയങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദം വളരുകയാണെന്ന് അംഗീകരിച്ചിരിക്കുന്നു. നാര്‍ക്കോ ജിഹാദിനെതിരെ പാലാ ബിഷപ്പ് പ്രതികരിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ തിരിയുകയാണ് കേരളത്തിലെ ഇരുമുന്നണികളും ചെയ്തത്. യുവാക്കള്‍ക്ക് മയക്ക് മരുന്ന് വിറ്റ് തീവ്രവാദികള്‍ വരുമാനമുണ്ടാക്കുകയാണ്. എന്നാല്‍ കേരളം ഇതിനെ ഗൗരവമായി പരിഗണിച്ചില്ല. മദനി മുതല്‍ മുജാഹിദ് ബാലുശ്ശേരിവരെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കെതിരെ നടപടി ഉണ്ടായില്ല. തീവ്രവാദത്തിനെതിരെയുള്ള നിലപാട് മുസ്ലീം സമൂഹത്തിനെതിരാണെന്ന് വ്യാജ പ്രചാരണം നടത്തുകയായിരുന്നു ഇരുമുന്നണികളും- അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് അധ്യക്ഷനായിരുന്നു. ജീവന സൊസൈറ്റി പ്രസിഡന്റ് ഫാദര്‍ ആല്‍ഫ്രഡ് വടക്കേത്തുകുന്ന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്, സാഹിത്യകാരന് പി.ആര്. നാഥന്, ചലച്ചിത്രതാരം കോഴിക്കോട് നാരായണന് നായര്‍, ഉള്ളൂര്‍ എം. പരമേശ്വരന്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി. മുരളി, ടി.വി. ഉണ്ണികൃഷ്ണന്, പി. ജിജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: