തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത 92 സ്കൂള്‍ കെട്ടിടങ്ങളില്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചവയും. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സ്വന്തം മികവാക്കി മാറ്റിയത് സര്‍വ്വ ശിക്ഷാ അഭിയാന് (എസ്എസ്എ), രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാന് (ആര്‍എംഎസ്എ), ടീച്ചര്‍ എജ്യുക്കേഷന്‍ (ടിഇ) എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളെ യോജിപ്പിച്ച് സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) എന്ന പേരിലാക്കിയശേഷം.
2018 മേയ് മൂന്നിന് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് കേന്ദ്ര പദ്ധതികളെ സംയോജിപ്പിച്ച് കേരളത്തിന്റേതാക്കി മാറ്റിയത്. പദ്ധതികളുടെ നടത്തിപ്പിനായി സ്കൂള്‍ എജ്യുക്കേഷന്‍ ഡെവലപ്മെന്റ് സൊസൈറ്റി കേരള (എസ്ഇഡിഎസ്കെ) എന്ന പേരില്‍ സൊസൈറ്റിയും രൂപീകരിച്ചു.
ആര്‍എംഎസ്എയുടെ പദ്ധതി പ്രകാരം 112 സ്കൂളുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 200 കോടിയിലധികം രൂപയുടെ പദ്ധതി 2012ല്‍ മന്മോഹന് സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഫണ്ട് അനുവദിച്ചിരുന്നില്ല. 2016ല്‍ മോദി സര്‍ക്കാരാണ് ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചത്. 2017ല്‍ തുക അനുവദിച്ചു. അതിന്റെ സ്പില്‍ഓവര്‍ തുകകള്‍ ഇപ്പോഴും അനുവദിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം 121 കോടി നല്കി. ഈ വര്‍ഷവും 96.89 കോടി സ്പില്‍ ഓവര്‍ തുകയായി അനുവദിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞവര്‍ഷം എലിമെന്ററി സ്കൂളുകള്‍ക്കായി കെട്ടിടം നിര്‍മിക്കാന്‍ 11 കോടി, സെക്കന്‍ഡറി സ്കൂളുകള്‍ക്കായി 5 കോടി, എസ്ഇആര്ടിക്കായി 25 ലക്ഷം എന്നിവയും നല്കി. ഈവര്‍ഷം എലിമെന്ററി സ്കൂളുകള്‍ക്ക് 12 കോടിയും സെക്കന്‍ഡറി സ്കൂളുകള്‍ക്കായി ആറ് കോടിയും നല്കി.
ഇവ കൂടാതെ സ്കൂളുകളുടെ നടത്തിപ്പിനടക്കം കോടികളാണ് എസ്എസ്എ, ആര്‍എംഎസ്എ എന്നിവയിലൂടെ ഓരോ വര്‍ഷവും അനുവദിക്കുന്നത്. 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാനവും ആണ് തുക അനുവദിക്കുന്നത്. അധ്യാപകരുടെ ശമ്പളം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യ വികസനവും ഈ ഗ്രാന്റിലൂടെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. എസ്എസ്എയില്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് മാത്രമായും പണം അനുവദിച്ചു.
മൂന്ന് വര്‍ഷമായി സ്കൂള്‍ കെട്ടിടങ്ങളുടെ നവീകരണം, പുതിയ ക്ലാസ് മുറികള്‍, ശുചിമുറികള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനെല്ലാം ഫണ്ട് നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡ് ഗ്രാന്റായി 252.21 കോടിവീതം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: