തൃശൂര്‍: രാജ്യത്തെ എന്ഐടികളടക്കമുള്ളവയിലേക്ക് പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്റെ മെയിന്‍ (ജെഇഇ-മെയിന്‍) പരീക്ഷയില്‍ കേരളത്തില്‍ ഒന്നാമതെത്തിയതിന്റെ സന്തോഷത്തിലാണ് തൃശൂര്‍ സ്വദേശി സി.ശ്രീഹരി. പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിക്കാനായതിന്റെ എല്ലാ കടപ്പാടും നന്ദിയും തനിക്ക് പ്രോത്സാഹനം നല്കിയ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ് ശ്രീഹരി നല്‍കുന്നത്. പരീക്ഷയില്‍ 99.99 ആണ് ശ്രീഹരിയുടെ സ്കോര്‍.
പരീക്ഷയില്‍ മികച്ച വിജയം ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിച്ചിരുന്നു. കേരളത്തില്‍ ഒന്നാമതെത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ജെഇഇ പരീക്ഷയ്ക്കായി പ്ലസ് വണ്‍ മുതല്‍ പരിശീലനം തുടങ്ങിയിരുന്നു. ഓണ്‍ലൈനില്‍ മാത്രം നടന്ന പരിശീലനത്തില്‍ ഓരോ ദിവസത്തെയും ക്ലാസുകള്‍ കൃത്യമാക്കി പഠിച്ചതാണ് ഗുണകരമായിട്ടുണ്ട്. മികച്ച സ്കോര്‍ നേടാനായതില്‍ ഈശ്വരനോടും നന്ദി പറയുന്നു. കൊവിഡ് കാരണം ക്ഷേത്രങ്ങളിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. ഭാവിയില്‍ എഞ്ചീനിയറിങ് മേഖലയോടാണ് താത്പര്യം. കമ്പ്യൂട്ടര്‍ സയന്‍സാണ് ഇഷ്ടപ്പെട്ട ബ്രാഞ്ച്. സ്കൂള്‍ അധികൃതര്‍ നന്നായി പിന്തുണ നല്‍കിയതായും ക്ലാസ് ടീച്ചര്‍ ഹേമ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും ശ്രീഹരി പറയുന്നു.
തൃശൂര്‍ വെള്ളാട്ട് ലെയ്നില്‍ ശ്രീഗോവിന്ദ മാനറില്‍ ആര്.ചന്ദ്രന്റെയും (ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജര്‍-തിരുപ്പൂര്‍) സുധാദേവിയുടെയും ഏകമകനാണ് ശ്രീഹരി. തൃശൂര്‍ വിവേകോദയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. ജെഇഇ. അഡ്വാന്‍സ്ഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ശ്രീഹരി. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ 142-ാം റാങ്ക് നേടിയിട്ടുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിക്കേ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നടത്തിയ മാത്സ് ടാലന്റ് സേര്‍ച്ച് എക്സാമിനേഷനില്‍ രണ്ടാം റാങ്ക് ലഭിച്ചു. അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമില്‍ ശ്രീഹരി അംഗമായിരുന്നു. ശ്രീഹരിയെ തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ പൂര്‍ണിമാ സുരേഷ് വസതിയിലെത്തി അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: