തൃശ്ശൂര്‍: ശ്രീ കേരളവര്‍മ്മ കോളജില്‍ ചൈനയെ മഹത്വവത്കരിക്കുന്ന പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചൈനയുടെ നയങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന പ്രഭാഷണ പരമ്പര അക്കാദമിക് പരിപാടിയുടെ ഭാഗമായി ഉള്പ്പെടുത്തിയതെങ്ങനെയെന്നതാണ് അന്വേഷിക്കുന്നതെന്ന് ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ നൂറ്റാണ്ട് ചൈനയുടേത്, ചൈനയുടെ വിദേശകാര്യ -സാമ്പത്തിക നയങ്ങള്‍ ലോകത്തെ നയിക്കും തുടങ്ങിയ വിഷയങ്ങളാണ് ഒരു മാസം നീളുന്ന പ്രഭാഷണ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും ചിന്ത പബ്ലിഷേഴ്സും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ ഭൂരിഭാഗം അധ്യാപകരും പരിപാടിക്കെതിരാണ്. പ്രിന്‍സിപ്പലും ആദ്യം വിസമ്മതം അറിയിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഭര്‍ത്താവും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന് പ്രിന്‍സിപ്പലിനെ നേരിട്ട് വിളിച്ച് പരിപാടി നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം.
പരിപാടിക്ക് മുന്‍കൈയെടുത്ത പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവന്‍ പലവട്ടം ചൈനയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളയാളാണ്. ചൈനയില്‍ നിന്നുള്ള സാമ്പത്തിക സഹായം പറ്റിയാണോ ഈ പ്രചാരവേല നടത്തുന്നതെന്നും പരിശോധിക്കുന്നുണ്ട്. പ്രഭാഷണ പരമ്പര ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സിപിഎം ചൈനയ്ക്ക് വേണ്ടി ചാരപ്പണി നടത്തുകയാണെന്നും സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ചൈനീസ് ഏജന്റാണെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന് ആരോപിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സഹായം വാങ്ങി ചൈനയ്ക്ക് വേണ്ടി പ്രചാരവേല നടത്തുന്നത് ദേശദ്രോഹമാണ്. ചൈനയുടെ പിആര്‍ വര്‍ക്കാണ് യഥാര്‍ത്ഥ ചൈനയെ അറിയിക്കാനെന്ന പേരില്‍ കേരളവര്‍മ്മയില്‍ സംഘടിപ്പിക്കുന്ന പരിപാടി.
മാനേജ്മെന്റായ കൊച്ചിന് ദേവസ്വം ബോര്‍ഡ് അറിയാതെയും ഡിപ്പാര്‍ട്ട്മെന്റിലെ മറ്റ് അധ്യാപകരുടെ എതിര്‍പ്പ് വകവയ്ക്കാതെയും കോളജില്‍ ചൈനീസ് ചാരന്മാരായ ചിലര്‍ നടത്തുന്ന പ്രചാരം പ്രതിഷേധാര്‍ഹമാണ്. പരിപാടിയുടെ സംഘാടകന്‍ പ്രൊഫ. പ്രമോദ് എസ്എഫ്ഐ നേതാവായിരുന്നു. ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ചൈനയുടെ പണം വാങ്ങി മുഖം മിനുക്കുന്നത്. സിപിഎം പിന്തുണയോടെയുള്ള ചാരപ്രവര്‍ത്തനത്തെ കുറിച്ച് കേന്ദ്ര ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും അന്വേഷിക്കണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: