ആലപ്പുഴ: കാവാലം കുന്നുമ്മ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് ചതിയില്‍ വീഴ്ത്തി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം. വ്യക്തമായ തെളിവുകള്‍ കൈമാറിയിട്ടും പോലീസ് അന്വേഷണം ആരംഭിക്കാത്തതാണ് ആക്ഷേപത്തിന് ഇടയാക്കിയത്. സംഭവം ലഘൂകരിക്കാന്‍ പോലീസ് ശ്രമിച്ചതും വിവാദമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംഭവം ലൗ ജിഹാദ് അല്ലെന്ന് വരുത്തിതീര്‍ക്കേണ്ടത് ഭരണ-പ്രതിപക്ഷ കക്ഷികളുടെ ആവശ്യമായതിനാല്‍ കടുത്ത സമ്മര്‍ദ്ദമാണ് പോലീസിന് മേല്‍ ഉള്ളതെന്നാണ് ആക്ഷേപം.
തലശ്ശേരി സ്വദേശിയായ ഷംനാസാണ് നഴ്സിങ് വിദ്യാര്‍ഥിയായ ഇരുപതുകാരിയെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചത്. സമൂഹമാധ്യമത്തിലൂടെ അടുപ്പം സ്ഥാപിച്ച ഷംനാസ് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി മതംമാറാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. വിസമ്മതിച്ചതോടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഇതിന് പുറമേ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഇതോടെയാണ് പരാതിയുമായി യുവതിയുടെ അച്ഛന് പോലീസിനെ സമീപിച്ചത്.
ഷംനാസിനെ കൂടാതെ മറ്റൊരു സ്ത്രീയും സുഹൃത്തുക്കള്‍ എന്ന പേരില്‍ ചിലരും ഇരയെയും കുടുംബാംഗങ്ങളെയും ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച മൊഴിയും വ്യക്തമായ തെളിവുകളും പുളിങ്കുന്ന് പോലീസിന് യുവതിയുടെ അച്ഛന് കൈമാറിയിരുന്നു. എന്നാല്‍, ഇതുവരെ അന്വേഷണത്തിന് പോലീസ് തയ്യാറായില്ല. ആദ്യ ഘട്ടത്തില്‍ ഐടി ആക്ട് പ്രകാരം മാത്രമാണ് കേസ് ചുമത്തിയത്. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംഭവം ലൗ ജിഹാദ് അല്ലെന്ന് പറയാനും സ്റ്റേഷനിലെ ചില പോലീസുകാര്‍ തയ്യാറായതും വിവാദമായി.
സംഭവം വിവാദമായതിന് ശേഷം മാത്രമാണ് ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയത്. അതേസമയം യുവതി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കി. പോലീസിന്റെ അനാസ്ഥയ്ക്കെതിരെ പരസ്യ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എസ്എന്‍ഡിപി വനിതാ സംഘം പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: