ബെയ്ജിംഗ്: പ്രധാനമന്ത്രി മോദി ഉള്‍പ്പെടെ നാല് രാഷ്ട്രത്തലവന്മാര് പങ്കെടുക്കുന്ന ക്വാഡ് യോഗത്തിനെതിരെ താക്കീത് നല്കി ചൈന. ചൈനയുടെ ശത്രുക്കളായി അറിയപ്പെടുന്ന ജപ്പാന്, ആസ്ത്രേല്യ, യുഎസ്, ഇന്ത്യ എന്നീ നാല് രാഷ്ട്രത്തലവന്മാരാണ് ക്വാഡ് സമിതിയിലെ അംഗങ്ങള്‍.ക്വാഡ് യോഗം ഒരിക്കലും മൂന്നാമതൊരു രാഷ്ട്രത്തെ ലക്ഷ്യം വെയ്ക്കരുതെന്നും അതിന്റെ താല്പര്യങ്ങളും ഉപദ്രവിക്കുന്ന ഒന്നായി മാറരുതെന്നും ചൈനയുടെ വിദേശകാര്യവക്താവ് താക്കീത് ചെയ്തു.
തുടക്കം മുതലേ ക്വാഡിനോട് ചൈനയ്ക്ക് എതിര്‍പ്പാണുള്ളത്. കാരണം ക്വാഡ് ഇന്തോ-പസഫിക് സമുദ്രതീരത്തും ദക്ഷിണ ചൈനാ കടലിലും ഉള്ള ചൈനയുടെ ആധിപത്യത്തിനെതിരെ പൊരുതാനാണ് രൂപീകരിച്ചതു തന്നെ. ക്വാഡ് യോഗം മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യം വെച്ചുകൊണ്ടാകരുതെന്ന താക്കീതാണ് ചൈന നല്‍കുന്നത്. താലിബാന് സര്‍ക്കാര്‍ മറ്റൊരു രാജ്യത്തെ ലക്ഷ്യം വെയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഇന്ത്യ നല്കിയ താക്കീതിനെ ഓര്‍മ്മിപ്പിക്കുന്ന മുന്നറിയിപ്പാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
സപ്തംബര്‍ 24ന് വാഷിംഗ്ടണില്‍ വെച്ചാണ് ക്വാഡ് യോഗം. ചൈനയ്ക്കെതിരെ ശീതയുദ്ധം നടത്തുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സംഘമാണ് ക്വാഡ് എന്നാണ് ചൈനയുടെ തുടക്കം മുതലേയുള്ള വിലയിരുത്തല്‍.
ഇക്കുറി ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ക്വാഡ് രാജ്യങ്ങളുടെ നേതാക്കള്‍ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന് തന്നെ ആതിഥ്യമരുളുമെന്ന വാഷിംഗ്ടണില്‍ നിന്നുള്ള പ്രഖ്യാപനമാണ് ചൈനയെ അസ്വസ്ഥപ്പെടുത്തിയിരിക്കുന്നത്. ക്വാഡ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ജപ്പാന് പ്രധാനമന്ത്രി യോഷിഹിദെ സുഗ, ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എന്നിവര്‍ സംബന്ധിക്കുന്നുണ്ട്. സപ്തംബര്‍ 21ന് വാഷിംഗ്ടണില്‍ തന്നെ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയോഗവും നടക്കുന്നുണ്ട്. അതിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് അഭിസംബോധന ചെയ്യുന്നത്.
ക്വാഡ് യോഗത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞ ഒരു ലേഖകനോട് ചൈനയുടെ വിദേശ വക്താവ് സാവോ ലിജിയന്‍ പറഞ്ഞതിങ്ങിനെ; ‘ക്വാഡ് ഒരിക്കലും മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യംവെയ്ക്കരുത്,’.
‘എല്ല പ്രാദേശിക കൂട്ടായ്മയും കാലത്തിന്റെ രീതിക്കൊത്ത് മുന്നോട്ട് പോകണം. പ്രദേശത്തെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും സഹകരണവും വളര്‍ത്തുന്നതിന് ഉപകാരപ്പെടണം. മൂന്നാമതൊരു രാജ്യത്തെയോ അതിന്റെ താല്പര്യങ്ങളെയോ ഉപദ്രവിക്കുന്ന ഒന്നാകരുത്,’ ലിജിയന്‍ പറഞ്ഞു.
‘മറ്റ് രാഷ്ട്രങ്ങളെ ലക്ഷ്യം വെച്ച് ഗൂഢസംഘങ്ങള്‍ രൂപീകരിക്കുന്നത് ഒരിക്കലും ജനപ്രിയമായ കാര്യമല്ല, അതിന് ഭാവിയുമുണ്ടാകില്ല. സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിനാണെന്ന് മാത്രമല്ല, ഏഷ്യാപസഫിക്കില്‍ സമാധാനം കാത്തുസൂക്ഷിക്കുന്ന ശക്തികൂടിയാണ് ചൈന,’ ലിജിയന്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: