ന്യൂദല്‍ഹി : കോവിഡ് കാലത്തെ ക്വാഡ് ഉച്ചകോടിയുടെ ആദ്യ നേരിട്ടുള്ള യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. അമേരിക്കയില്‍ നടക്കുന്ന ചടങ്ങില്‍ ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഇന്ത്യയുടേയും ജപ്പാന്റേയും ഓസ്ട്രേലിയയുടേയും പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും ജോ ബൈഡനൊപ്പം ഒത്തുചേരും.
കോവിഡ് നയത്തെ സമഗ്രമായി വിലയിരുത്തുന്ന യോഗം വാക്സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനും ലോകരാജ്യങ്ങള്‍ക്ക് നല്കുന്ന സഹായത്തെക്കുറിച്ചും ചര്‍ച്ചചെയ്യും. മേഖലയിലെ പ്രതിരോധ സഹകരണത്തിനൊപ്പം അഫ്ഗാനിലെ താലിബാന്റെ ഭരണവും ഭീകരതയും, സമുദ്രമേഖലയും, സൈബര്‍ സുരക്ഷ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.
യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 24ന് യുഎസില്‍ എത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി 25ന് ഐക്യരാഷ്ട്ര സഭയുടെ 76-ാം വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
കഴിഞ്ഞ വര്‍ഷം 75-ാം സഭ വെര്‍ച്ച്വലായിട്ടാണ് സംഘടിപ്പിക്കപ്പെട്ടത്. ആഗോള ഭീകരതയും കാലാവസ്ഥാ വ്യതിയാനവും ആഫ്രിക്കന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും ഇന്ത്യയാണ് ഏറെ പ്രധാന്യത്തോടെ ലോകത്തിന് മുന്നില്‍ വെച്ചത്. നരേന്ദ്രമോദിയുടെ വിമര്‍ശനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനത്തില്‍ പ്രകടമായ മാറ്റങ്ങളാണ് വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: