താലിബാന് എന്നു കേള്‍ക്കുമ്പോള്‍ ഹരം കൊള്ളുന്നവര്‍ അധികമുണ്ടാവില്ല എന്നാണ് തോന്നുന്നത്. അത്തരം മനസ്സുള്ളവരെ ലക്ഷ്യംവച്ചല്ല, സാധാരണക്കാരെ കണക്കിലെടുത്തു ചിലതു പറയുകയാണ്. ജനാധിപത്യം, സ്നേഹം, ഭൂതദയ, കാരുണ്യം, നീതിബോധം … തുടങ്ങിയവയുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത അപരിഷ്കൃത മാഫിയാകൂട്ടമായേ താലിബാനിസക്കാരെ കരുതാനാവൂ. ഇപ്പോള്‍ അഫ്ഗാനില്‍ നിന്ന് കേട്ടുതുടങ്ങിയ താലിബാനിസ ചെയ്തികള്‍ ഒരു സുപ്രഭാതത്തില്‍ തിടംവച്ച് തുള്ളിയതല്ല എന്നു നാമറിയണം. ഒരുപാട് കൊച്ചു കൊച്ചു സംഭവ ഗതികളുടെ ആകെത്തുകയാണ് ഇന്ന് ഭീകരരൂപം പൂണ്ടിരിക്കുന്ന താലിബാന്.
യുക്തിരഹിത തീവ്രവികാരത്തിന്റെ കെട്ടരൂപമാണ് താലിബാന്. മതത്തിനൊരു ഇരുള്‍മറയുണ്ടെന്നും ആ മറയ്ക്കകത്ത് നിന്നാലേ സ്വര്‍ഗത്തിലെത്തുകയുള്ളൂവെന്നും അതില്‍ വിശ്വസിക്കുന്നവര്‍ കരുതുന്നു. ഈ ധാരണ നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു സുപ്രഭാതത്തില്‍ പടി കയറി വരുന്നതുമല്ല. പിന്നെയോ? ചെറു ചെറു സംഭവഗതികളിലൂടെ ഉള്ളില്‍ നീറിപ്പിടിക്കുന്നതാണ്. ദൈവത്തിന്റെ സ്വന്തം നാട്ടുകാരായ നമുക്ക് അതൊക്കെ അറിയാന്‍ അത്ര ബുദ്ധിമുട്ടൊന്നുമില്ല. ഒരു മിന്നായം പോലെ എത്രയെത്ര കാര്യങ്ങള്‍ നമുക്കു മുമ്പിലുണ്ട്.
വലിയവായില്‍ ജനാധിപത്യവും കരുതലും സ്നേഹവും പറയുന്ന ഒരു പാര്‍ട്ടി, വനിതകള്‍ക്കു നേരെ യുദ്ധം പ്രഖ്യാപിച്ചതു നോക്കുക. സ്ത്രീകള്‍ തൊഴിലാളികളും പുരുഷന്മാര് മുതലാളികളും ആണെന്ന ധാര്‍ഷ്ട്യമാണ് നീചമായ ഒരു സംഭവഗതിയില്‍ എത്തിച്ചതെന്ന്’ ഹരിത’ യുടെ നേതാക്കള്‍ പറയുന്നു. മാതൃ സംഘടനയ്ക്ക് വളക്കൂറുള്ള നിലമൊരുക്കിക്കൊടുക്കുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തുന്ന യുവ സംഘടനയിലെ വ്യക്തികളെ അധിക്ഷേപിച്ചപ്പോള്‍ നടപടിയെടുക്കാതെ പരാതിക്കാരെ തൊഴിച്ചു പുറത്താക്കാനാണ് മുസ്ലിംലീഗ് തയാറായത്. എന്തുകൊണ്ടാണിത്? മാതൃ സംഘടനയ്ക്കുള്ളില്‍ നുരച്ചു പൊങ്ങുന്ന സ്വാര്‍ഥത തന്നെ. എന്നുവച്ചാല്‍ താലിബാനിലേക്കുള്ള ചുവടുവെപ്പ്. എനിക്ക്, എന്റെ മതത്തിന്, എന്റെ സംഘടനയ്ക്ക് … എന്നിങ്ങനെ സ്വന്തം ഉമ്മറത്തേക്ക് എല്ലാം വലിച്ചു കൂട്ടാനുള്ള വ്യഗ്രതയാണ് ഒടുവില്‍ പ്രാകൃത വികാരങ്ങളുടെ സാകാരരൂപമായ താലിബാനിസത്തില്‍ എത്തിനില്‍ക്കുന്നത്. സ്ത്രീകള്‍ അടിമകളും പുരുഷന്മാരുടെ ഉപഭോഗവസ്തുവും ആണെന്ന താലിബാനിസത്തിന്റെ കേരളീയ വ്യാഖ്യാനമല്ലേ’ഹരിത’യില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. എന്നിട്ട് തൊണ്ട പൊട്ടിച്ചു പറയുന്നു സംസ്കാര സമ്പന്നരാണ് തങ്ങളെന്ന്.
ഇത് രാഷ്ട്രീയ താലിബാനിസത്തിന്റെ ഒരു പതിപ്പെങ്കില്‍ മറ്റൊന്നിതാ സര്‍വകലാശാല വഴിയെത്തുന്നു. കണ്ണൂര്‍ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ സിലബസില്‍ രാഷ്ട്രീയ വിഷയത്തെക്കുറിച്ചുള്ള അധിക വായനാപുസ്തകത്തില്‍ ചിലത് ചേര്‍ത്തതാണ് പ്രശ്നമായത്. ഗുരുജി ഗോള്‍വല്‍ക്കര്‍, സാവര്‍ക്കര്‍, ദീന ദയാല്‍ ഉപാധ്യായ എന്നിവരുടെ ലേഖനങ്ങള്‍ ചേര്‍ത്തത് ചിലര്‍ക്ക് ഇഷ്ടമായില്ല. അതില്‍ കോണ്‍ഗ്രസ്സുണ്ട്, ലീഗുണ്ട്, വിപ്ലവക്കൂട്ടങ്ങളുടെ കുട്ടിപ്പടയുണ്ട്. തങ്ങള്‍ക്കു രുചിക്കുന്നതേ എവിടെയും എപ്പോഴും ആകാവൂ എന്ന ചെറിയ താലിബാനിസം, തോക്കേന്തി തെരുവില്‍ ആരെയും നിറയൊഴിക്കുന്ന അഫ്ഗാന് താലിബാനിസമാവാന്‍ അധികം താമസം വേണ്ട.
ഇനി പാലാ ബിഷപ് ജോസഫ് കല്ലറക്കാട്ട് പറഞ്ഞ കാര്യം എടുക്കുക. അതിന്റെ ഉള്ളറകളില്‍ വസ്തുതയുണ്ടോ എന്നല്ല ചില കേന്ദ്രങ്ങള്‍ നോക്കിയത്. പ്രശ്നത്തെ എങ്ങനെ തീപ്പിടിപ്പിക്കാമെന്നാണ്. പ്രണയ യുദ്ധപ്പോ രാളികളാക്കാന്‍ എളുപ്പവഴി തിരഞ്ഞു നടക്കുന്നവര്‍ക്കു മുമ്പിലേക്കാണ് മയക്കുമരുന്ന് എത്തുന്നത്. അതിന്റെ ഒരു താഴ്വരയായി ഈ നാട് മാറിയിട്ടുണ്ടെന്നതിന് പോലീസ് രേഖകള്‍ തന്നെ തെളിവ്. ആ ഭീഷണിയെക്കുറിച്ച് ബിഷപ്പ് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വായടയ്ക്കാനാണ് ഇടത് – വലത് രാഷ്ട്രീയ പ്രഭൃതികള്‍ തയാറായത്. വലിയ താലിബാന്റെ മിനിയേച്ചര്‍ മാതൃകകള്‍ മത്സരിച്ചുണ്ടാക്കുകയാണവര്‍. സ്വര്‍ണപ്പാത്രത്തില്‍ പൊതിഞ്ഞു വെച്ചാലും വസ്തുതകള്‍ ഒന്നൊന്നായി പുറത്തു വരുമെന്നതാണ് അറിയേണ്ടത്. അത് അറിയാത്തവരും അറിഞ്ഞിട്ടു മൂടിവയ്ക്കുന്നവരും താലിബാനിസത്തിലേക്ക് വാതില്‍ തുറന്നിടുകയത്രെ. താലിബാന് പേക്കൂത്തില്‍ ആഹ്ലാദിക്കുന്ന അത്തരം എത്രയെത്ര സംഘങ്ങളെ വേണമെങ്കിലും ഇവിടെ കാണാമെന്ന ദൗര്‍ഭാഗ്യവുമുണ്ട്.
ഹിന്ദുത്വ എന്നൊരു ആയുധവുമായി അലറിപ്പായുന്ന ഒറ്റയൊരു ആളു പോലും ഇസ്ലാമിത്വ എന്ന് പറയാന്‍ ധൈര്യപ്പെടുന്നില്ല എന്നറിയുന്നിടത്താണ് കുഞ്ഞു താലിബാന് മുളപൊട്ടുന്നത് എന്നറിയണം. ഇന്ന് അഫ്ഗാന് എങ്കില്‍ നാളെ എവിടെ എന്ന ചോദ്യം ചോരയിറ്റുന്ന നാവുമായി മുമ്പിലുണ്ട്. അതിന്റെ ചൂണ്ടുപലകയായി പാര്‍ട്ടിതലത്തില്‍ ഹരിതയെങ്കില്‍ വിദ്യാഭ്യാസതലത്തില്‍ സര്‍വകലാശാല സിലബസ്സിലെ പുസ്തക വിരോധമാണ്. പൊതു സമൂഹത്തില്‍ മത പുരോഹിതന്റെ സത്യവാക്യങ്ങളുടെ നിരാകരണമാണ്. പതിയെ വിഴുങ്ങുന്ന ഈ വിപത്തിനെതിരെ വന്‍ പ്രതിരോധമല്ലാതെ മറ്റെന്ത്? ഹിംസക്കെതിരെ ജീവന് കൊണ്ട് പോരാടിയ മഹാത്മാവിന്റെ നേര്‍ക്കും ഇത്തരക്കാര്‍ തിരിയുമോ എന്നാണ് ഇനി അറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: