ആര്.ഹരി
കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസ് വിവാദത്തില്‍ ഗുരുജി ഗോള്വല്ക്കറെക്കുറിച്ചോ, സാവര്ക്കറെക്കുറിച്ചോ എന്ന് പേരെടുത്ത് പറയുന്നതില്‍ പ്രസക്തിയില്ല. യുവാക്കള്‍ പഠിക്കാനെത്തുന്ന ഇടമാണ് യൂണിവേഴ്സിറ്റി. പ്രൈമറി ക്ലാസിലും ഹൈസ്കൂളിലും പഠിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ വിവേചന ബുദ്ധി അവര്‍ക്കുണ്ട്. അത് അംഗീകരിച്ചുകൊണ്ട് ഏത് കാര്യവും പഠിക്കാന്‍ സ്വാതന്ത്ര്യം കൊടുക്കുകയല്ലേ വാസ്തവത്തില്‍ ഒരു സ്വതന്ത്ര രാഷ്ട്രത്തില്‍ വേണ്ടത്? കുട്ടികള്‍ക്ക് തന്നത്താന്‍ ചിന്തിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടുതന്നെ സവര്‍ക്കറാവട്ടെ, ഗുരുജിയാവട്ടെ ഏതൊരാളെക്കുറിച്ചും, വ്യത്യസ്ത ആശയ സംഹിതകളെക്കുറിച്ചും പഠിച്ച് അവര്‍ക്ക് ഒരു നിഗമനത്തില്‍ എത്താന്‍ സാധിക്കണം. അതാണ് വാസ്തവത്തില്‍ സ്വതന്ത്ര വിദ്യാഭ്യാസം എന്ന് പറയുന്നത്.
യുവാക്കള്‍ ഇന്നതൊക്കെ പഠിക്കണം എന്ന് ആരാണ് നിശ്ചയിക്കുന്നത്? മാതാപിതാക്കള്‍ പോലും കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കൂ എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഒരുതരത്തിലും അക്കാദമിക്ക് സ്വാതന്ത്ര്യത്തില്‍ കൈയിടരുത്. ഭാരതീയ സങ്കല്‍പ്പം അനുസരിച്ച് ചാര്‍വാകരെക്കുറിച്ച് പോലും പഠിക്കുന്നതിന് അവസരമുണ്ടായിരുന്നു. അത് പഠിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. മാത്രമല്ല അതേക്കുറിച്ച് പഠിച്ചവരും ധാരാളമുണ്ട്. അറിവ് സമ്പാദിക്കുന്ന കാര്യത്തില്‍, പഠിക്കുന്ന കാര്യത്തില്‍ യാതൊരു കടിഞ്ഞാണും ഇടരുത്. എന്ത് പഠിക്കണം എന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുക്കുക.
കമ്യൂണിസ്റ്റുകാരും ആ സിദ്ധാന്തം പിന്തുടരുന്നവരും ബ്രെയിന്‍ വാഷിങ് തത്വം അനുസരിച്ച് കാര്യങ്ങള്‍ നോക്കിക്കാണുമ്പോഴാണ് ഇത്തരത്തിലുള്ള വികലബുദ്ധി വളരുന്നത്. ബ്രെയിന്‍ ഡെവലപ്മെന്റാണ് വേണ്ടത്. ബ്രെയിന്‍ വാഷിങ് അല്ല. ഗുരുജിയോ കേളപ്പജിയോ ആരെക്കുറിച്ചും പഠിക്കുന്നതിന് ഒരു തടസ്സം പാടില്ല എന്നാണ് എന്റെ അഭിപ്രായം.
എന്തുകൊണ്ട് അവരെക്കുറിച്ച് പഠിക്കണം എന്ന് സമര്ത്ഥിക്കേണ്ടതിന്റേയും ആവശ്യമില്ല. എം.എന്‍. റോയിയുടെ റാഡിക്കല്‍ ഹ്യുമനിസം, മിലോവന്‍ ഡിജിലാസിന്റെ ദി ന്യൂ ക്ലാസ് ഉള്‍പ്പടെയുള്ളവ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ പോലും എതിര്‍പ്പ് പാടില്ല. അറിവിന് കടിഞ്ഞാണില്ല. എന്തും യൂണിവേഴ്സിറ്റി തലത്തില്‍ പഠിക്കാന്‍ സാധിക്കണം. വിവാദമല്ല, എന്തും പഠിക്കാനുള്ള അവസരമാണ് അവിടെ ഒരുക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: