മുംബൈ: ഒന്നിന് പുറകെ ഒന്നായി നാല് ബലാത്സംഗക്കേസുകള്‍ പുറത്ത് വന്നതോടെ സംസ്ഥാനത്ത് സ്ത്രീസുരക്ഷയില്ലെന്ന ബിജെപിയുടെയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെയും ആരോപണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ കുഴങ്ങുകയാണ് മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ഹത്രാസിനേക്കാള്‍ ഭീകരമായ പീഢനമായാണ് സക്കിനാക്കയില്‍ നടന്ന സ്ത്രീപീഢനത്തെ ബിജെപി വിശേഷിപ്പിക്കുന്നത്.
പൂനെയിലായിരുന്നു ആദ്യസംഭവം. അവിടെ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പകരം വീട്ടാനായി പെണ്‍കുട്ടിയുടെ സഹോദരനുള്‍പ്പെടെ ആറംഗസംഘം ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. ക്രൂരമായ മര്‍ദ്ദനത്തിനിരയായ ആണ്‍കുട്ടി കൊല്ലപ്പെട്ടു. ആറംഗസംഘം ഇരുമ്പുദണ്ഡുകൊണ്ടും മറ്റും ആണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
അമരാവതി ജില്ലയിലെ യെവോദ പൊലീസ് പരിധിക്കുള്ളില്‍ ഏഴ്മാസം ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണ് ഒരു സംഭവം. അതേ ഗ്രാമത്തിലുള്ള ഒരു ചെറുപ്പക്കാരന് യുവതിയെ ബലാത്സംഗം ചെയ്തു. ഗര്‍ഭിണിയായ യുവതി തൂങ്ങിമരിക്കുകയായിരുന്നു. മകളുടെ മരണത്തില്‍ നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സാക്കിനാക്കയില്‍ 34 കാരിയെ നിര്‍ത്തിയിട്ട ടെമ്പോവാനില്‍ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ സംസ്ഥാനത്ത് സ്ത്രീസുരക്ഷയില്ലെന്ന ആരോപണം ഉയരുകയാണ്. പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡുവരെ ഉപയോഗിച്ചതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ദേശീയ വനിതാ കമ്മീഷനും പ്രശ്നത്തില്‍ ഇടപെട്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ വനിതാ കമ്മീഷന് അധ്യക്ഷയില്ലാത്ത ദയനീയ സ്ഥിതിയാണ്. സാക്കിനാക്ക പ്രദേശത്ത് പീഢനത്തിനിരയായ യുവതി രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടെത്തി. പൊലീസ് പെണ്‍കുട്ടിയ രാജാവാഡി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ 45കാരന് വാനില്‍ നിന്നും ഇറങ്ങിവരുന്നത് കണ്ടെത്തിയിരുന്നു. പൊലീസ് വൈകാതെ 45 കാരനായ മോഹന്‍ ചൗഹാനെ അറസ്റ്റ് ചെയ്തു. പിന്നാക്ക ജാതിയില്‍ പെട്ട പെണ്‍കുട്ടിയായതിനാല്‍ പിന്നാക്ക ജാതിക്കാര്‍ക്കുള്ള ദേശീയ കമ്മീഷനും പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദേശീയ വനിത കമ്മീഷന് സ്ത്രീയുടെ രണ്ട് മക്കള്‍ക്ക് പഠിക്കാനുള്ള ചെലവ് നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 10 ലക്ഷം രൂപയുടെ സഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉല്ലാസ് നഗറില്‍ 35 വയസ്സുകാരന് 14 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. കല്ല്യാണില്‍ നിന്നും ഉല്ലാസ് നഗറിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി ഒമ്പതുമണിയോടെ ഉല്ലാസ് നഗറില്‍ ഇറങ്ങിയപ്പോള്‍ മൂന്ന് പേര് പിന്തുടര്ന്നു. ഉല്ലാസ് നഗറില്‍ മുത്തശ്ശിയോടൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവരെ ചുറ്റിക കാട്ടി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പിന്നീട് പെണ്‍കുട്ടിയെ സംഘം റെയില്‍വേ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഢിപ്പിച്ചു. ബലാത്സംഗത്തിനെ എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. തലയില്‍ പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. പ്രധാനപ്രതി ശ്രീകാന്ത് ഗെയ്ക്വാദിനെ പൊലിസ് അറസ്റ്റ് ചെയ്തു.
എന്തായാലും ബലാത്സംഗക്കേസുകളില്‍ ഈ കുതിപ്പില്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നുള്ള മഹാവികാസ് അഘാദി സര്‍ക്കാര്‍ പ്രതിരോധത്തിലായി. പ്രശ്നത്തില്‍ ശിവ്സേനയുടെ പ്രിയങ്ക ചതുര്‍വേദിയും എന്‍സിപിയുടെ സുപ്രിയ സുലേയും ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്‍സിപിക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല. എന്നാല്‍ ഈ പ്രശ്നത്തില്‍ എന്‍സിപി നേതാക്കളും മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: