തിരുവനന്തപുരം: ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടാന്‍ പരിമിതമായ കടമ്പകളേയുള്ളൂ ഈ ആനമുത്തച്ഛന്. പക്ഷെ, അധികൃതര്‍ കനിയണം. കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ സോമന് എന്ന കൊമ്പന് ആ ഭാഗ്യം വിദൂരമാകരുതെന്ന പ്രാര്‍ത്ഥനയിലാണ് ആനപ്രേമികള്‍.
കൊലകൊമ്പന്മാരെപ്പോലും ചട്ടംപഠിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച താപ്പാനയാണ് എണ്‍പതുകാരനായ സോമന്. രാജ്യത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന. ഇത് പരിഗണിച്ചാണ് ഗിന്നസ് റിക്കാര്‍ഡില്‍ കയറാനുള്ള പരിശോധനകള്‍ നടക്കുന്നത്. അനുകൂല തീരുമാനമുണ്ടായാല്‍ സോമന് ലോകഗജരാജ പട്ടത്തിനുടമയാവും.
കഴിഞ്ഞ വര്‍ഷം ചരിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ 82 വയസ്സുണ്ടായിരുന്ന ദാക്ഷായണിയെയാണ് ഏറ്റവും പ്രായമുള്ള ആനയായി കണക്കാക്കിയിരുന്നത്. പണച്ചെലവു കാരണം ദാക്ഷായണിക്കായി ഗിന്നസ് അവകാശം ഉന്നയിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ല. ദാക്ഷായണി ചരിഞ്ഞതിനെത്തുടര്‍ന്നാണ് സോമനെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തുന്നതിനായി ‘ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജന്‍സി’ തീരുമാനിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചാല്‍ ഇതിന്റെ നടപടികളാരംഭിക്കും. ഇതിനായി ആയിരം ഡോളറോളം വേണ്ടിവരുമെന്ന് കാപ്പുകാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് പറഞ്ഞു.
നിലവില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ ആനകളില്‍ ഏറ്റവും പ്രായമുള്ളത് സോമനാണ്. വലതുകണ്ണിനു നേരിയ കാഴ്ചക്കുറവുണ്ടെന്നതൊഴിച്ചാല് സോമന് ഇപ്പോഴും പൂര്‍ണ ആരോഗ്യവാനാണെന്ന് പാപ്പാന്മാര് സാക്ഷ്യപ്പെടുത്തുന്നു. ഗിന്നസ് റിക്കാര്‍ഡ് ലഭിക്കുമ്പോള്‍, സോമന് എന്ന പേരിനു ഗരിമ പോരാ എന്നു തോന്നിയതിനാലാവാം ‘സോമനാഥന്’ എന്ന പേരിട്ട് ഗസറ്റ് വിജ്ഞാപനത്തിലൂടെ പേരു മാറ്റാനും ആലോചനയുണ്ട്.
ഇടഞ്ഞ ആനയെ നിമിഷങ്ങള്‍ക്കുള്ളില്‍ അനുസരിപ്പിക്കാന്‍ അസാമാന്യ വഴക്കവും കരുത്തുമാണ് സോമന്. സോമന്റെ ആദ്യകാലം കോന്നി ആനക്കൊട്ടിലിലായിരുന്നു. പാപ്പാന്മാരെ ബഹുമാനിച്ചിരുന്ന സോമന് ഒരിക്കല്‍പോലും വനപാലകരുടെ ചുവപ്പുകാര്‍ഡ് കാണേണ്ടിവന്നിട്ടില്ല. അസാധാരണമായ വളര്‍ച്ചയുണ്ടായപ്പോള്‍ കൊമ്പുകള്‍ രണ്ടുവട്ടം മുറിച്ചുമാറ്റി. എങ്കിലും ശേഷിക്കുന്ന കൊമ്പിനുതന്നെയുണ്ട് മൂന്നരമീറ്റര്‍ നീളം.
അറുപത്തഞ്ചാം വയസ്സില്‍ സര്‍വീസില്‍നിന്ന് വിരമിക്കല്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിയാണ് സോമന് വിശ്രമജീവിതത്തിനായി കോന്നിയില്‍നിന്ന് കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലെത്തിയത്. ആനകളുടെ ഇഷ്ട താവളമാണ് നെയ്യാറിന്റെ തീരത്തെ കാപ്പുകാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: