കൊല്ലം: മൊബൈലില്‍ വിരല്‍ത്തുമ്പ് തൊട്ട് അപകടത്തിലേക്ക് വീഴുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും വരവ് മനുഷ്യന് ഏറെ ഗുണം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ദുരുപയോഗം പലരുടെയും ജീവിതം നശിപ്പിക്കുന്നു. കൊല്ലം സ്വദേശിനിയെ കോഴിക്കോട് വച്ച് മാനഭംഗപ്പെടുത്തിയ സംഭവം ഏറ്റവും ഒടുവിലേതാണ്.
വിരല്‍ത്തുമ്പ് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയുമ്പോഴും അതില്‍ ഒളിച്ചിരിക്കുന്ന ഭീകരമുഖത്തെ നമ്മള്‍ കാണുന്നില്ല. സോഷ്യല്‍ മീഡിയ വിരിക്കുന്ന അപകടവലകളില്‍ കുടുങ്ങാതിരിക്കാന്‍ കുട്ടികളെയും മുതിര്‍ന്നവരെയും പ്രാപ്തരാക്കേണ്ടിയിരിക്കുന്നു. പെണ്‍കുട്ടികളെ കെണിയിലാക്കാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പതിയിരിപ്പുണ്ട്. പലപ്പോഴും വ്യാജ പ്രൊഫൈലുകളിലായിരിക്കും ഇവര്‍ വിലസുന്നത്. ഇതു തിരിച്ചറിയാതെയാണ് ചതിക്കുഴികളില്‍ ചെന്നു വീഴുന്നത്.
അപരിചിതരോട് സൗഹൃദം കൂടുമ്പോള്‍ എല്ലാം തുറന്നുപങ്കുവയ്‌ക്കുന്ന രീതി അവസാനിപ്പിക്കണം. സൈബറിടത്തിലെ സൗഹൃദങ്ങളില്‍ കുടുങ്ങി മാതാപിതാക്കളെ ഉപേക്ഷിച്ചുപോകുന്നവര്‍, ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിക്കുന്നവര്‍, കാമുകിക്കുവേണ്ടി ഭാര്യയെ കൊലപ്പെടുത്തുന്നവര്‍ ഇങ്ങനെ നിരവധി വാര്‍ത്തകളാണ് ദിവസവും മാധ്യമങ്ങളില്‍ നിറയുന്നത്. സൈബര്‍ അപകടങ്ങളെക്കുറിച്ച് പോലീസും മാധ്യമങ്ങളും നിരന്തരം സൂചനകള്‍ നല്കുമെങ്കിലും അതു ചെവിക്കൊള്ളാന്‍ പലരും തയ്യാറല്ല. 2021 ജൂലൈയില്‍ മാത്രം പോലീസിന്റെ കണക്കു പ്രകാരം 481 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2019ല്‍ 307 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020 ല്‍ അത് 550 ആയി ഉയര്‍ന്നു.
കമ്പ്യൂട്ടറുകളിലേക്കും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കും അനധികൃതമായി കടന്നു കയറല്‍, ഹാക്കിങ്, വൈറസ് അറ്റാക്ക് എന്നിവയെല്ലാം സൈബര്‍ കുറ്റകൃത്യങ്ങളില്‍പ്പെടും. ഇവ കൂടാതെ ഓണ്‍ലൈന്‍ വഞ്ചന, ഫിഷിങ്, സോഷ്യല്‍ മീഡിയ ദുരുപയോഗം, മൊബൈല്‍ ഫോണ്‍ ദുരുപയോഗം, മൊബൈല്‍ ഫോണ്‍ മോഷണം, നഷ്ടപ്പെടല്‍ തുടങ്ങി കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് വരിക.
സോഷ്യല്‍ മീഡിയയിലൂടെ അപരിചിതരുമായുള്ള ഇടപെടലിന് പരിധി കല്‍പ്പിച്ചില്ലെങ്കില്‍ അത് അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കും. മര്യാദവിട്ടു പെരുമാറുന്നവര്‍ക്കെതിരെ പരാതിനല്കാനും മടികാണിക്കേണ്ടതില്ല. പരാതികളും ഇ-മെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരാതികള്‍ സ്ഥലത്തെ സൈബര്‍ ക്രൈം സെല്‍ മേധാവിക്ക് നേരിട്ട് നല്കാം. സൈബര്‍ ക്രൈം സെല്‍ ഇല്ലായെങ്കില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലും പരാതി നല്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: