കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര മൈലത്ത് നിർത്തിയിട്ട നാഷണൽ പെർമിറ്റ് ലോറിയ്ക്ക് പിന്നിൽ ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം സ്വദേശി ശരത്ത്(കുട്ടൂസ്-24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിനീത്, ആദർശ് എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ഇന്ന് പുലർച്ചെ 5.45ന് ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും പാലക്കാടുള്ള പണിസ്ഥലത്തേക്ക് ബൈക്കിൽ വരികയായിരുന്നു മൂവർ സംഘം. മൈലം എം.ജി.എം സ്കൂളിനും മൈലത്തിനും ഇടയിലായി റോഡരികിൽ നിറുത്തിയിട്ടിരുന്നതാണ് ലോറി. വെളിച്ചക്കുറവുള്ള ഭാഗമാണ് ഇവിടം. ശരത്ത് ഓടിച്ചിരുന്ന ബൈക്ക് അമിത വേഗത്തിലെത്തി ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്നു, ലോറിയുടെ പിൻഭാഗത്തെ ആംഗ്ളയറടക്കം വളഞ്ഞു. നാട്ടുകാർ ഓടിയെത്തിയപ്പോൾ കഴുത്ത് ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊട്ടാരക്കര പോലീസെത്തിയശേഷം മൂവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശരത്തിന്റെ മരണം സ്ഥിരീകരിച്ചശേഷം മറ്റ് രണ്ടുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ എത്തിയശേഷം തുടർ നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. കൊട്ടാരക്കര പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: