ബെയ്ജിംഗ്: ചൈനയില്‍ ദീര്‍ഘകാലമായി ഉല്പാദന യൂണിറ്റുകളുള്ള ജപ്പാനിലെ കമ്പനികള്‍ ചൈനയില്‍ നിന്നും ഇടപാടുകള്‍ അവസാനിപ്പിച്ച് പുറത്തേക്ക് പോകുന്നു. ജപ്പാന്-ചൈന അകല്‍ച്ച വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഏറ്റവുമൊടുവില്‍ തോഷിബയാണ് ചൈനയില്‍ നിന്നും പിന്‍വാങ്ങുന്നത്. തോഷിബ കമ്പനി നിര്‍ത്തുമ്പോള്‍ 650 പേര്‍ക്കാണ് ചൈനയില്‍ ജോലി നഷ്ടപ്പെടുക.ഒകി ഇലക്ട്രിക് ഇന്‍ഡസ്ട്രി കമ്പനിയും ചൈനയില്‍ നിന്നും പുറത്തേക്ക് പോവുകയാണ്. ഇവര്‍ വൈകാതെ തായ്ലന്റില് യൂണിറ്റ് സ്ഥാപിക്കുമെന്നറിയുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതുതായി നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമവും ജപ്പാന് കമ്പനികളെ ചൈന വിടാന്‍ പ്രേരിപ്പിക്കുന്നു.
30 വര്‍ഷമായി ചൈനയില്‍ സാന്നിധ്യമുള്ള കമ്പനികയാണ് തോഷിബ. സെപ്തംബര്‍ അവസാനത്തോടെ ഡാലിയന്‍ പ്രദേശത്തുള്ള ഉല്പാദന യുണിറ്റ് നിര്‍ത്തലാക്കും. 1991ലാണ് തോഷിബ ചൈനയില്‍ എത്തിയത്.
പുറത്തുപോകുന്ന ജപ്പാന് കമ്പനികളോട് ഏഷ്യയിലെ ഏത് രാജ്യത്ത് വേണമെങ്കിലും ഫാക്ടറി തുറക്കാന്‍ ജപ്പാന് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. മ്യാന്മര്, തായ് ലാന്റ്, വിയറ്റ്നാം എന്നി ഏഷ്യന്‍ രാജ്യങ്ങളിലെ വില കുറഞ്ഞ തൊഴില്‍ ശക്തിയാണ് ഇന്ത്യയ്ക്ക് തടസ്സമാകുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മെയ്ക് ഇന്‍ ഇന്ത്യയിലൂടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ മതിപ്പുള്ള സമ്പദ്ഘടനയാക്കി മാറ്റുകയാണ് മോദിയുടെ ലക്ഷ്യം. മാത്രമല്ല, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജപ്പാനും ഇന്ത്യയും അടുക്കുകയാണ്. ഇന്തോ-പസഫിക്, സൗത്ത് ചൈന കടല്‍ എന്നീ സമുദ്രമേഖലകളില്‍ ചൈനയുടെ ആധിപത്യം തകര്‍ക്കാന്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നുണ്ട്. ഇതാണ് പുതുതായി രൂപം കൊണ്ട് ക്വാഡ് കൂട്ടുകെട്ട്. ഇതില്‍ ആസ്ത്രേല്യയും യുഎസും കൂടിയുണ്ട്.
ചൈനീസ് ഏകാധിപതിയായ ഷീ ജിന്‍പിങ്ങിന്റെ അരക്ഷിതാവസ്ഥയാണ് ജപ്പാന് കമ്പനികള്‍ ചൈന വിടാന്‍ കാരണമാവുന്നത്. ചൈനീസ് ജനത ജപ്പാനെയും അവരുടെ സംസ്കാരത്തെയും ആരാധിക്കുന്നതില്‍ ഷീ ജിന്‍പിങ്ങിന് വെറുപ്പാണ്. ജപ്പാന് സംസ്കാരത്തോടും ഉല്പന്നങ്ങളോടും സ്നേഹം പ്രകടിപ്പിക്കുന്ന ചൈനക്കാരുടെ എണ്ണം കൂടി വരുന്നതിലും ഷീ ജിന്‍പിങ്ങ് അസ്വസ്ഥനാണ്. ചൈനക്കാരുടെ ജപ്പാന് സ്നേഹം അവസാനിപ്പിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പല നടപടികളും എടുത്തുവരുന്നുണ്ട്. ഈയിടെ ഡാലിയാന് നഗരത്തില്‍ ജപ്പാന് തീമുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സ് അടച്ചുപൂട്ടാന്‍ ചൈന ഉത്തരവിട്ടത് ഇതുപോലെ ഒരു നടപടിയായിരുന്നു. അവിടെ 2024ല്‍ ഉയര്‍ന്നുവരാന്‍ പോകുന്ന പരമ്പരാഗത ജപ്പാന് ഉല്പന്നങ്ങള് വില്‍ക്കുന്ന, ജപ്പാന് സംസ്കാരം പ്രദര്‍ശിപ്പിക്കുന്ന ലിറ്റില്‍ ക്യോട്ടോ എന്ന ഷോപ്പിംഗ് കോംപ്ലക്സിനോട് ഷീ ജിന്‍പിങ്ങിനുള്ള അനിഷ്ടമാണ് ഈ കോംപ്ലക്സ് അടച്ചുപൂട്ടുന്നതിലേക്കെത്തിച്ചത്. 6 ലക്ഷം ചതുരശ്ര അടിയില്‍ 92.5 കോടി ഡോളറിലാണ് കോംപ്ലക്സ് നിര്‍മ്മാണം പുരോഗമിച്ചിരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവോടെ ലിറ്റില്‍ ക്യോട്ടോ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം അടച്ചുപൂട്ടി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതുതായി നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമം മൂലം പാതി ജപ്പാന് കമ്പനികളും ചൈന വിട്ടുപോകുമെന്ന് ഈയിടെ ഒരു സര്‍വ്വേ പ്രവചിച്ചിരുന്നു. ഈ പുതിയ നിയമം ചൈനയെ സംരക്ഷിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. ഇത് സുഗമമായ ബിസിനസ് സാഹചര്യത്തിന് തടസ്സമാകുമെന്ന ഭയമാണ് കമ്പനികള്‍ക്കുള്ളത്. ചൈനീസ് നയങ്ങളോട് ജപ്പാനിലെ ബിസിനസ്സുകാര്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആശങ്കയാണ് ഈ സര്‍വ്വേയില്‍ പ്രതിഫലിച്ചത്.
മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ ജപ്പാന് കമ്പനികളെ ചൈനയില്‍ നിന്നും പുറത്തുകൊണ്ട് വരാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. പിന്നീട് വന്ന പ്രധാനമന്ത്രി സുഗയും ഇതേ നയം പിന്തുടര്ന്നു.ചൈനയില്‍ നിന്നും യൂണിറ്റുകള്‍ പൂട്ടി തിരിച്ച് ജപ്പാനില്‍ യൂണിറ്റുകള്‍ തുറക്കുന്ന കമ്പനികള്‍ക്ക് ജപ്പാന് സര്‍ക്കാര്‍ 200 കോടി ഡോളറിന്റെ സബ്സിഡി പ്രഖ്യാപിച്ചിരുന്നു. അതുപോലെ ചൈനയ്ക്ക് പകരം മറ്റേതെങ്കിലും ഏഷ്യന്‍ രാജ്യങ്ങളില്‍ ഉല്പാദന യൂണിറ്റുകള്‍ തുടങ്ങുന്ന കമ്പനികള്‍ക്ക് സഹായമായി ഒരു 20 കോടി ഡോളര്‍ വേറെയും മാറ്റിവെച്ചിരുന്നു. ഇതിന്റെ ഭാഗമായി 87 കമ്പനികള്‍ ചൈന വിട്ട് പുറത്ത് വന്നിരുന്നു. ഇതില്‍ 57 കമ്പനികള്‍ ജപ്പാനിലേക്ക് തിരിച്ചുപോയി. മറ്റ് 30 കമ്പനികള്‍ വിയറ്റ്നാം, മ്യാന്മര്, തായ്ലന്റ് എന്നിവിടങ്ങളിലേക്ക് പോയി.
ബെയ്ജിങ്ങിലെ പ്രതിസന്ധി നേരിടുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഇത് കൂടുതല്‍ ആഘാതം നല്‍കുകയാണ് ജപ്പാന് കമ്പനികളുടെ ചൈന വിട്ടുപോകല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: