കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ പന്ത്രണ്ട് കോടിയുടെ കൊവിഷീല്‍ഡ് വാക്സിന് കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്ത അത്യന്തം സ്തോഭജനകമാണ്. കൊവിഷീല്‍ഡ് ഉല്‍പ്പാദകരായ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങി നല്‍കിയതാണിത്. സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാക്സിന് ലഭിക്കണമെങ്കില്‍ കുറഞ്ഞത് മൂവായിരം ഡോസെങ്കിലും വാങ്ങണമെന്നുണ്ട്. ചെറുകിട ആശുപത്രികള്‍ക്ക് ഇതിന് കഴിയാത്തതിനാലാണ് സര്‍ക്കാര്‍ മൊത്തമായി വാങ്ങി വിലയീടാക്കി വിതരണം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിന് നല്കാത്തതിനാല് സംസ്ഥാനത്ത് കടുത്ത വാക്സിന് ക്ഷാമമാണെന്ന് ആരോഗ്യമന്ത്രിയടക്കം പ്രചാരണം നടത്തുമ്പോഴാണ് സര്‍ക്കാര്‍ സംവിധാനം വഴി നല്കിയ പത്ത് ലക്ഷം ഡോസ് ഉപയോഗിക്കാതെ കിടക്കുന്നതെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. സംസ്ഥാനത്തെ വാക്സിനേഷന് പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറുന്നില്ല. രണ്ടാം ഡോസ് എടുക്കേണ്ടവരും, അധ്യാപകരും വിദ്യാര്‍ത്ഥികളുമൊക്കെ വാക്സിനുവേണ്ടി നെട്ടോട്ടം ഓടുമ്പോള്‍ ആര്‍ക്കും പ്രയോജനമില്ലാതെ സ്വകാര്യ ആശുപത്രികളില്‍ ലക്ഷക്കണക്കിന് ഡോസുകള്‍ ഉപയോഗിക്കാതെയിരിക്കുന്നു എന്നത് വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ്. സ്വകാര്യ ആശുപത്രികള്‍ വില നല്‍കിയാണ് വാക്സിന് സംഭരിച്ചിട്ടുള്ളതെങ്കിലും ചുറ്റും മഹാമാരി മരണം വിതയ്ക്കുന്ന സാഹചര്യത്തില്‍ ഇത് ഉപയോഗിക്കാതിരിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സാമൂഹ്യവിരുദ്ധ നടപടിയാണ്.
ദേശീയതലത്തില്‍ രോഗികളാവുന്നവരുടെ മുക്കാല്‍ പങ്കോളം കേരളത്തിലാണ്. മാസങ്ങളായി സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നുതന്നെ നില്ക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നാലുപാടുനിന്നും ചോദ്യങ്ങളുയരുമ്പോള്‍ സര്‍ക്കാരിന് മറുപടിയില്ല. മുഖ്യമന്ത്രി പിണറായി വിജയന് പതിവു വാര്‍ത്താസമ്മേളനങ്ങള്‍ പോലും വേണ്ടെന്ന് വയ്ക്കുന്നു. ഐഎംഎയും പല ആരോഗ്യ വിദഗ്ധരും സര്‍ക്കാരിനു നേരെയാണ് വിരല്‍ചൂണ്ടുന്നത്. രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കി സമയോചിതവും ഫലപ്രദവുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്, പ്രത്യേകിച്ച് ആരോഗ്യമന്ത്രാലയം മുന്കയ്യെടുക്കാത്തതാണ്് ഒരു പ്രശ്ന സംസ്ഥാനമായി കേരളം തുടരുന്നതെന്ന അഭിപ്രായം ശക്തമാണ്. ഇതിനോടകം വ്യക്തമായ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ എടുക്കേണ്ടതിനു പകരം കെഎസ്ആര്‍ടിസി സ്റ്റേഷനുകളില്‍പ്പോലും മദ്യശാലകള്‍ സ്ഥാപിച്ച് രോഗത്തെ ക്ഷണിച്ചുവരുത്തുന്ന തീരുമാനങ്ങളിലേക്കാണ് സര്‍ക്കാര്‍ പോകുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ യാതൊരു വീണ്ടുവിചാരവുമില്ലാതെ മദ്യശാലകള്‍ തുറന്നതിന് ഹൈക്കോടതിയുടെ നിശിത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടും സര്‍ക്കാരിനെ നയിക്കുന്നവര്‍ വിരുദ്ധസമീപനം സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. എന്തൊക്കെയോ ദുഷ്ടലാക്കുകള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളതായി അവര്‍ സംശയിക്കുകയും ചെയ്യുന്നു.
ഉയര്‍ന്ന തോതില്‍ ജനസംഖ്യയുള്ളതും, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത നേരിടുന്നതുമായ പല വലിയ സംസ്ഥാനങ്ങളും കൊവിഡ് രോഗബാധയില്‍നിന്ന് ഏറെക്കുറെ മുക്തമായിരിക്കുമ്പോഴും കേരളത്തിന് ആ നില കൈവരിക്കാന്‍ കഴിയാത്തതിന്റെ മുഖ്യകാരണം സര്‍ക്കാര്‍ സംവിധാനത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്ന് പറയാതെ വയ്യ. ഇതിനുദാഹരണമാണ് സ്വകാര്യ ആശുപത്രികളില്‍ വാക്സിന് ഡോസുകള്‍ കെട്ടിക്കിടക്കുന്നത്. സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായേ തീരൂ. പണം മടക്കി നല്കി ഈ വാക്സിനുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. വാക്സിന് ചലഞ്ചിലൂടെ സമാഹരിച്ച തുക ഇതിനായി ഉപയോഗിക്കാവുന്നതാണ്. കോളജുകളും സ്കൂളുകളുമൊക്കെ തുറക്കാന്‍ വെമ്പല്‍കൊള്ളുന്ന സംസ്ഥാന സര്‍ക്കാരിന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആദ്യ ഡോസ് വാക്സിനെങ്കിലും നല്‍കാനുള്ള ബാധ്യതയുണ്ട്. രോഗ പ്രതിരോധത്തിന്റെയും വാക്സിനേഷന്റെയും കാര്യത്തില്‍ സാധ്യമായ സഹായങ്ങളെല്ലാം നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി സ്വന്തം വീഴ്ചകള്‍ മറച്ചുപിടിക്കുകയും, ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒരു ഭാരമായി തുടരുകയാണ്. കൊവിഡ് വ്യാപനവും വാക്സിനേഷനിലെ അനാസ്ഥയും പാളിച്ചകളും ഇതിനാണ് അടിവരയിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: