തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാർക്കോട്ടിക്ക് ജിഹാദ്’ പരാമർശത്തിന് പിന്തുണയുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. യുഡിഎഫ് നിലപാടിനെ തള്ളി ജോസഫ് വിഭാഗം രംഗത്തെത്തി.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും മോൻസ് ജോസഫ് പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നടത്തിയ പ്രതികരണങ്ങളോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ കുരിശുപള്ളി കവലയിൽ എസ്എംവൈഎം നടത്തിയ ഉപവാസ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് നേതൃത്വം നൽകുന്ന പാർട്ടിയുടെ ഐക്യദാർഢ്യ നിലപാടും താൻ വ്യക്തമാക്കിയെന്നും മോൻസ് ജോസഫ് പറഞ്ഞു. ബിഷപ്പ് കല്ലറങ്ങാട്ടിനെ നേരിട്ടുകണ്ട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചെന്നും മോൻസ് ജോസഫ് പറഞ്ഞു.
ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്ത് വിവാദം സൃഷ്ടിക്കുന്നതിന് ഒരു വിഭാഗം നടത്തിയ നീക്കം തികച്ചും നിർഭാഗ്യകരമാണ്. പാലാ രൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൈസ്തവ കേന്ദ്രമായ കുറവിലങ്ങാട് പള്ളിയിൽ രൂപതാധ്യക്ഷന്റെ അപ്പസ്തോലിക ദൗത്യത്തിന്റെ ഭാഗമായി തന്റെ കീഴിലുള്ള വിശ്വാസ സമൂഹത്തോട് നടത്തിയ ഉദ്ബോധനത്തെ വിശ്വാസത്തിന്റെ ഭാഗമായും സഭാപരമായും കാണുന്നതിന് എല്ലാവരും തയ്യാറാകണം. ധാർമ്മിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ക്രൈസ്തവ സഭ ധാർമിക അധപതനത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ അനിവാര്യതയാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാണിച്ചത്.
മദ്യത്തിനും മയക്കമരുന്നിനും തീവ്രവാദത്തിനും എല്ലാം എതിരെ ക്രൈസ്തവ സഭ നടത്തി വരുന്ന പോരാട്ടങ്ങളുടെയും ബോധവത്കരണത്തിന്റെയും തുടർച്ചയാണ് ബിഷപ്പിന്റെ പ്രസംഗത്തിൽ പ്രതിഫലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: