ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട് ശതാഭിഷേകത്തിന്റെ നിറവിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ ട്രസ്റ്റിന്റേയും എസ്എന്‍ഡിപി യോഗത്തിന്റേയും അമരത്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയെന്ന നേട്ടം ആഘോഷിക്കുന്ന അതേ വേളയിലാണ് അദ്ദേഹത്തിന്റെ ശതാഭിഷേകമെന്നതും ചരിത്ര നിയോഗമാവാം. 1937 സെപ്തംബര്‍ പത്തിന് ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങര വെള്ളാപ്പള്ളി വി.കെ. കേശവന്‍- ദേവകി ദമ്പതികളുടെ 12 മക്കളില്‍ ഏഴാമനായി ചിങ്ങത്തിലെ വിശാഖം നക്ഷത്രത്തില്‍ ജനനം. ഇരട്ടക്കുട്ടികളില്‍ മൂത്തയാളാണ് നടേശന്‍. നക്ഷത്ര പ്രകാരം ഇന്നാണ് പിറന്നാള്‍. വയലാര്‍ രവി, എ.കെ. ആന്റണി എന്നിവരോടൊപ്പം കെഎസ്‌യുവിന്റെ രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് വെള്ളാപ്പള്ളി. പിന്നീട് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ചാരങ്കാട്ട് കുഞ്ഞിക്കുട്ടന് എതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വെള്ളാപ്പള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 16 വോട്ടുകള്‍ക്ക് തോറ്റതോടെ രാഷ്‌ട്രീയ ജീവിതത്തിന് തിരശീലയിട്ടു. പലചരക്ക് കച്ചവടത്തിലൂടെയാണ് ബിസിനസ് രംഗത്ത് അദ്ദേഹം ആദ്യ ചുവടുവെയ്പ് നടത്തിയത്. ഏറ്റെടുത്ത ജോലികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കി വെന്നിക്കൊടി പാറിച്ച കോണ്‍ട്രാക്ടറുടെ വേഷമായിരുന്നു കരിയറിന്റെ രണ്ടാംഘട്ടത്തില്‍ നടേശന്റേത്്. മെട്രോമാന്‍ ഇ. ശ്രീധരന്റെ നിര്‍ദേശ പ്രകാരം കൊങ്കണ്‍ റെയില്‍ വേയുടെ കരാറേറ്റടുത്തെതും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും അദ്ദേഹത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലായി.
എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റേയും പരിതാപകരമായ അവസ്ഥയിലാണ് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1996 ല്‍ വെള്ളാപ്പള്ളി, എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായി സാരഥ്യം ഏറ്റെടുക്കുന്നത്. ആറ് മാസത്തിനുള്ളില്‍ യോഗത്തിന്റെ ജനറല്‍ സെക്രട്ടറി പദവും ഏറ്റെടുത്തു. സാമൂഹ്യ, വിദ്യാഭ്യാസ, ആത്മീയ മേഖലകളിലെല്ലാം എസ്എന്‍ഡിപി യോഗവും വെള്ളാപ്പള്ളിയും നിറഞ്ഞുനില്‍ക്കുന്നു. സാമൂഹിക രാഷ്‌ട്രീയ വിദ്യാഭ്യാസ രംഗത്ത് എസ്എന്‍ഡിപി യോഗം വലിയ ശക്തിയായി മാറിയതിന് പിന്നില്‍ അദ്ദേഹം വഹിച്ച പങ്ക് എതിരാളികള്‍ പോലും അംഗീകരിക്കും. ആയിരക്കണക്കിന് പ്രാര്‍ത്ഥനാലയങ്ങളും ഗുരുമന്ദിരങ്ങളും ഓഫീസ് കെട്ടിടങ്ങളും നിര്‍മ്മിച്ചു. സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകള്‍ക്ക് മൈക്രോ ഫിനാന്‍സ് വായ്പ നല്‍കി അവരെ സാമ്പത്തിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിച്ചു. അവകാശപ്പെട്ടത് ചോദിച്ചുവാങ്ങുന്ന അദ്ദേഹത്തിന്റെ ശൈലിയാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക് കാരണമായതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
1996 ല്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ നീക്കിയിരിപ്പായി ഉണ്ടായിരുന്നത് വെറും 6083 രൂപയായിരുന്നു. 25 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ യോഗത്തിന്റെ ആസ്തി മുപ്പത് കോടിക്ക് മുകളിലാണ്. 29 ലക്ഷത്തോളം അംഗ സംഖ്യയുള്ള യോഗത്തില്‍ പുതുതായി രൂപം കൊണ്ടത് മുപ്പത്തി ഒന്നായിരത്തിന് മുകളില്‍ കുടുംബ യൂണിറ്റുകളാണ്. ഈ കാലയളവില്‍ ശാഖാ യോഗങ്ങളുടെയും യൂണിയനുകളുടെയും എണ്ണവും വര്‍ദ്ധിച്ചു. വെള്ളാപ്പള്ളി സാരഥ്യം ഏറ്റെടുക്കുന്നതിന് മുന്‍പ്
വിദ്യാഭ്യാസ രംഗത്ത് യോഗത്തിന് വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്‌കൂളുകളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലുമായിരുന്നു. 42 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്. ഇത് 152 ലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത് മികച്ച നേതൃപാടവം കൊണ്ടാണെന്ന് വിമര്‍ശകര്‍ പോലും അംഗീകരിക്കും. മന്നം- ശങ്കര്‍ കാലഘട്ടത്തിന് ശേഷം നായര്‍- ഈഴവ ഐക്യത്തിനായി ആത്മാര്‍ത്ഥമായ ശ്രമം നടന്നത് വെള്ളാപ്പള്ളിയുടെ കാലത്താണ്. രാഷ്‌ട്രീയ കുബുദ്ധികളുടെ ഇടപെടല്‍ മൂലം ഐക്യം ഇല്ലാതായെങ്കിലും അദ്ദേഹം അതിനുവേണ്ടി നടത്തിയ ഇടപെടലുകള്‍ വളരെ വലുതായിരുന്നു. ഹിന്ദു ഏകീകരണം മുന്നില്‍ കണ്ട് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ വെള്ളാപ്പള്ളി നടത്തിയ ശ്രമങ്ങള്‍ ന്യൂനപക്ഷ പ്രീണനം മാത്രം നടത്തി അധികാരസ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങിയവരുടെ ഉറക്കം കെടുത്തി. എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസിന്റെ പിറവിയും ഇവിടെ നിന്നായിരുന്നു.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും ഇദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. വളരെ പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെ എസ്എന്‍ഡിപി യോഗത്തെ നയിക്കാനും ശ്രീനാരായണീയര്‍ക്ക് പുതിയ ദിശാബോധം നല്‍കാനും കഴിഞ്ഞു. കാല്‍നൂറ്റാണ്ട് നീണ്ട തന്റെ പ്രവര്‍ത്തനങ്ങളിലൂടെ താന്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കായി നിലകൊണ്ടു. ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം സമൂഹത്തില്‍ ഊട്ടിയുറപ്പിച്ചു. എസ്എന്‍ഡിപി യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷന്‍ ശ്രീനാരായണ ഗുരുവും ആദ്യ ജനറല്‍ സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നു. രണ്ട് ഘട്ടങ്ങളിലായി കുമാരനാശാന്‍ 15 വര്‍ഷവും ആര്‍. ശങ്കര്‍ 11 വര്‍ഷവും സേവനമനുഷ്ഠിച്ച പദവിയില്‍ 26-ാമത്തെ ജനറല്‍ സെക്രട്ടറിയായി 25 വര്‍ഷം പൂര്‍ത്തിയാക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞത് ചരിത്രം.
ഒരു ക്ഷേത്രഭരണത്തിന്റെ തലപ്പത്തേക്ക് വോട്ടെടുപ്പിലൂടെ അധികാരത്തിലേറി അര നൂറ്റാണ്ടിലേറെ കാലം പിന്നിടുന്ന നേതാവെന്ന നേട്ടവും വെള്ളാപ്പള്ളിക്ക് സ്വന്തം. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന്റെ പ്രസിഡന്റായി വെള്ളാപ്പള്ളി നടേശന്‍ ചുമതലയേറ്റിട്ട് 57 വര്‍ഷങ്ങള്‍ പിന്നിടുന്നു. 1964 ല്‍ ആണ് അദ്ദേഹം ദേവസ്വത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. മാരാരിക്കുളം വടക്ക്, ചേര്‍ത്തല തെക്ക് എന്നീ രണ്ട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ആറായിരത്തിനുമേല്‍ ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങളില്‍പ്പെട്ട കുടുംബങ്ങളിലെ പന്തീരായിരത്തിനുമേല്‍ വരുന്ന വോട്ടര്‍മാര്‍ രഹസ്യ ബാലറ്റിലൂടെ ചിഹ്നം വെച്ച് ഓരോ അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ഇക്കാലമത്രയും എതിരാളികള്‍ക്ക് കെട്ടിവെച്ച കാശുപോലും കൊടുക്കാതെ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുന്നത്.
വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ദീര്‍ഘവീക്ഷണത്തോടും സമര്‍പ്പണ മനോഭാവത്തോടും കൂടിയുള്ള തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് കണിച്ചുകുളങ്ങരയെ മഹാക്ഷേത്രമാക്കി മാറ്റിയത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും രണ്ട് ഹൈസ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. ക്ഷേത്രയോഗാംഗങ്ങളുടേയും ഭക്തജനങ്ങളുടേയും ആത്മീയവും ഭൗതികവുമായ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നതില്‍ വെള്ളാപ്പള്ളിയുടെ കാഴ്‌ച്ചപ്പാട് ശ്ലാഘനീയമാണ്. ക്ഷേത്രയോഗാംഗങ്ങളുടെ ഭൗതിക പുരോഗതിക്കായി ഒട്ടനവധി കര്‍മ്മ പദ്ധതികളും നടപ്പാക്കിവരുന്നു. അംഗങ്ങള്‍ക്ക് മംഗല്യനിധിയിയായി 5000 രൂപ വീതം നല്‍കിവരുന്നു. എല്‍കെജി മുതല്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് വരെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും, ചികിത്സാ സഹായവും, മരണാനന്തര സഹായധനവും നല്‍കുന്നുണ്ട്. ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, സമൂഹ വിവാഹം എന്നിവയും സംഘടിപ്പിക്കുന്നു. ക്ഷേത്ര യോഗാംഗങ്ങളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ക്ഷേത്രം വക ഓഡിറ്റോറിയം അടക്കമുള്ളവ തികച്ചും സൗജന്യമായി നല്‍കുന്നതുള്‍പ്പെടെയുള്ള ഒട്ടനവധി ക്ഷേമപദ്ധതികള്‍ വെള്ളാപ്പള്ളിയുടെ കര്‍മ്മപഥത്തിന്റെ ശേഷിപ്പുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: