കൊച്ചി : രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ വഴി വിവാഹം നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി. വെര്‍ച്വല്‍ റിയാലിറ്റിയുടെ യുഗത്തില്‍ ഓണ്‍ലൈന്‍ വഴി വിവാഹം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഈ ഉത്തരവ്.
വരന് വിവാഹ ദിവസം സ്ഥലത്ത് എത്താന്‍ സാധിക്കാതായതിനെ തുടര്‍ന്നാണ് ധന്യ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഓണ്‍ലൈനായി വിവാഹം നടത്താന്‍ ഇടക്കാല അനുമതി നല്‍കുകയായിരുന്നു.
അതേസമയം വിവാഹം ഓണ്‍ലൈനായി നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം വിശദമായി പരിഗണിക്കാനും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഹര്‍ജിക്കാരുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനം ഉണ്ടാകേണ്ടതിനാലാണ് ഇടക്കാല ഉത്തരവിറക്കിയത്. ഇതോടെ ഹര്‍ജിക്കാരിയായ ധന്യ, തിരുവനന്തപുരത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തുമ്പോള്‍ വരന്‍ ജീവന്‍ കുമാര്‍ യുക്രൈനില്‍ ഓണ്‍ലൈനില്‍ വിവാഹത്തിനായി എത്തും.
ഈ വിഷയത്തെക്കുറിച്ചുള്ള അന്തിമതീരുമാനം പിന്നീട് മാത്രമേ ഉണ്ടാകു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ കേട്ടുമാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയുള്ള വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് അംഗീകരിക്കുന്നുണ്ടോ, ഇക്കാര്യത്തില്‍ ഡിജിറ്റല്‍ സേവനം ആവശ്യപ്പെടാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടോ, ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണോ വിവാഹം എന്നീ ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തേണ്ടത്. അതിനാലാണ് ഹര്‍ജികള്‍ വിശദമായി പരിഗണിക്കാനായി മാറ്റിയത്.
എന്നാല്‍ ഓണ്‍ലൈന്‍ വിവാഹത്തിനായി മാര്‍ഗ നിര്‍ദ്ദേശങ്ങളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. സാക്ഷികള്‍ ഓണ്‍ലൈനില്‍ ഹാജരാകുന്ന വധൂവരന്മാരെ തിരിച്ചറിയണം. വിവാഹിതരാകുന്നവര്‍ ചുമതലപ്പെടുത്തുന്നവരാണ് രേഖകളില്‍ ഒപ്പിടേണ്ടത്. വിവാഹത്തിനു മുന്നോടിയായുള്ള മറ്റ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയായിരിക്കണം. തീയതിയും സമയവും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും മാര്യേജ് ഓഫീസര്‍ക്ക് നിശ്ചയിക്കാം. ഓണ്‍ലൈനില്‍ വിവാഹത്തിന് ശേഷം നിയമപ്രകാരം സര്‍ട്ടിഫിക്കറ്റും നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: