കൊല്ലം: ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച വിദ്യാശ്രീ പദ്ധതി പരാജയം. ലാപ്ടോപ്പിനായി കുടുംബശ്രീ അംഗങ്ങള്‍ 500 രൂപ വീതം മൂന്നു തവണയായി കെഎസ്എഫ്ഇയില്‍ അടച്ച 1500 രൂപ തിരികെ നല്കുന്നു. ഇതു സംബന്ധിച്ച് കുടുംബശ്രീ സിഡിഎസ് ചെയര്പേഴ്സണ്മാര് കുടുംബശ്രീ അംഗങ്ങളുടെ വാട്സ് ആപ് ഗ്രൂപ്പുകളില്‍ ശബ്ദ സന്ദേശം നല്കി.
ലാപ്ടോപ് വരാന്‍ വൈകുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായും പകരം മൂന്ന് മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്നും ഒന്ന് തെരഞ്ഞെടുക്കണമെന്നുമാണ് അറിയിപ്പിലുള്ളത്.
അടച്ച പണം തിരികെ വാങ്ങുക, ലാപ്ടോപ് താമസിച്ചു മതിയെന്ന് അറിയിക്കുക, പുറത്തുനിന്ന് ലാപ്ടോപ് വാങ്ങാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ കെഎസ്എഫ്ഇയില്‍ നിന്ന് 20,000 രൂപ ലോണ്‍ ആവശ്യപ്പെടുക. ഇതില്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗം കാണിച്ചുള്ള അപേക്ഷ, അംഗങ്ങള്‍ എഡിഎസിനു നല്‍കണമെന്നും എഡിഎസ് അംഗങ്ങള്‍ സിഡിഎസില്‍ എത്തിക്കണമെന്നും സിഡിഎസില്‍ നിന്ന് തിങ്കളാഴ്ച കെഎസ്എഫ്ഇയില്‍ നല്കണമെന്നുമാണ്് സന്ദേശത്തിലുള്ളത്.
തിങ്കളാഴ്ച ഒരു ദിവസം മാത്രമാണ് കെഎസ്എഫ്ഇയില്‍ അപേക്ഷ കൊടുക്കാനുള്ള സമയം നല്‍കിയിരിക്കുന്നത്. അപേക്ഷിക്കാത്തവര്‍ക്ക് അടച്ച പണം തിരികെ നല്‍കുന്നതിന് സിഡിഎസില്‍ നിന്ന് കെഎസ്എഫ്ഇയില്‍ അപേക്ഷ നല്‍കുമെന്നും അറിയിപ്പിലുണ്ട്.
500 രൂപ മാസ അടവുള്ള 30 മാസ സമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്ന് മൂന്നു മാസം മുടക്കം കൂടാതെ അടയ്ക്കുന്നവര്‍ക്ക് ലാപ്ടോപ് കെഎസ്എഫ്ഇ മുഖാന്തിരം വായ്പയായി ലഭിക്കുന്നതായിരുന്നു സര്‍ക്കാര്‍ പദ്ധതി. കെഎസ്എഫ്ഇയും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് 1,44,028 അയല്‍ക്കൂട്ട അംഗങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. 2021 മേയ് വരെ നല്കിയതാകട്ടെ നാലായിരത്തില്‍ താഴെ ലാപ്ടോപ്പുകള് മാത്രം.
വായ്പയുടെ അഞ്ചു ശതമാനം പലിശ സര്‍ക്കാരും നാല് ശതമാനം കെഎസ്എഫ്ഇയും വഹിക്കുമെന്നായിരുന്നു പ്രഖ്യാപനം. ആശ്രയ കുടുംബങ്ങള്‍ക്ക് 7000 രൂപയ്ക്കും മറ്റുള്ളവര്‍ക്ക് 15,000 രൂപയ്ക്കും ലാപ്ടോപ് ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. എന്നാല്‍ പദ്ധതി പൊളിയുമെന്നു കണ്ടതോടെ രണ്ടുമാസം മുന്‍പ് പുതിയ പദ്ധതി കെഎസ്എഫ്ഇ അവതരിപ്പിച്ചിരുന്നു. ലാപ്ടോപ് അല്ലെങ്കില്‍ ടാബ്ലറ്റ് വാങ്ങിയ ശേഷം ബില്‍ നല്കിയാല് 20,000 രൂപ വരെ വായ്പ അനുവദിക്കുമെന്നായിരുന്നു അറിയിപ്പ്. ഈ പദ്ധതിയും പാളിയതോടെയാണ് പുതിയ നിര്‍ദേശമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: