തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ നാല് മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. ഒരു ദിവസം പകുതി വീതം കുട്ടികള്‍ക്ക് മാത്രമേ ക്ലാസ്സുകള്‍ ഉണ്ടാവുകയുള്ളൂവെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു അറിയിച്ചു.
ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചതായി ഉറപ്പാക്കും. ഇതിനായി വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോളേജുകളില്‍ കോവിഡ് പ്രതിരോധത്തിനായി ജാഗ്രതാ സമിതിയുണ്ടാക്കണം. വാര്‍ഡ് കൗണ്‍സിലര്‍, പിടിഎ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍ എന്നിവരെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണം.
ക്ലാസ് തുടങ്ങിയ ശേഷം വിദ്യാര്‍ത്ഥികളില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മറ്റുള്ളവരെ നിര്‍ബന്ധമായും ക്വാറന്റീനിലാക്കും. പോലീസ്, ആരോഗ്യ- ഉന്നത വിദ്യാഭ്യാസ- തദ്ദേശ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവര്‍ത്തിക്കും. ക്ലാസുകള്‍ സംബന്ധിച്ച് അതത് സ്ഥാപനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം.
8.30- 2.30, 9- 4, 9.30- 4.30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍ എടുക്കാമെന്നാണ് ഇപ്പോള്‍ നല്‍തിയിരിക്കുന്ന നിര്‍ദ്ദേശം. സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകള്‍ എന്നിവയ്ക്ക് ഫീസ് ഇളവ് നല്‍കിയിരുന്നു. തുറന്നാല്‍ ഫീസുകള്‍ അടയ്ക്കണം.
ചില കോളജുകളില്‍ സിഎഫ്എല്‍ടിസി പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലാസ് തുടങ്ങുന്ന സാഹചര്യത്തില്‍ ഇവ മാറ്റിസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: