തൃശ്ശൂര്‍: പയറ്റ് അഭ്യസിക്കാന്‍ യുദ്ധമുഖത്ത് നിന്ന് അവര്‍ കളരിയിലേയ്ക്ക്. തൃശ്ശൂരിലെ പാവറട്ടി എളവള്ളിയിലെ ശ്രീഗുരുകുലം കളരിയിലാണ് പന്ത്രണ്ട് അംഗ കരസേനാസംഘം ആയോധനകല അഭ്യസിക്കുന്നതിനായി എത്തിയത്.
കരസേനയുടെ പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായാണ് സൈനിക സംഘം കളരി അഭ്യസിക്കാനെത്തിയത്. 11 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉള്‍പ്പെട്ട സംഘത്തില്‍ മൂന്ന് പേര്‍ക്ക് കളരി പരിചയമുള്ളവരാണ്. ബറ്റാലിയന് ഹവില്‍ദാറുടെ നേതൃത്വത്തിലാണ് സംഘം കളരിപ്പയറ്റ് അഭ്യസിക്കുന്നതിനായി ബെംഗളൂരുവിലെ പട്ടാളക്യാമ്പില്‍ നിന്നെത്തിയത്. നാല് മാസമായി ആരംഭിച്ച ആയോധന കളരി അഭ്യാസത്തില്‍ നിന്ന് ഹൃദിസ്ഥമാക്കിയ ചുവടുകളും അടവുകളും ചെന്നൈയിലും ബെംഗളൂരുവിലും നടന്ന സൈനിക അഭ്യാസ പ്രദര്‍ശനത്തില്‍ ഇവര്‍ക്ക് കൈയടി നേടിക്കൊടുത്തു.
കളരി ആയോധനകലകള്‍ ക്യാമ്പിലെ അഭ്യാസമുറകളില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള ആലോചനയുടെ ഭാഗമാണ് ആദ്യ സൈനിക സംഘത്തിന്റെ വരവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വാളും പരിചയും ഉറുമിയും ഉപയോഗിച്ചായിരുന്നു ആയുധ പരിശീലനത്തിന്റെ തുടക്കം. വ്യത്യസ്ത വശങ്ങളില് നിന്നുള്ള ആക്രമണം ചെറുക്കാന്‍ പാകത്തിനു ചുമട്ടടിയും സൈനികര്‍ അതിവേഗം സ്വായത്തമാക്കി.
അഞ്ച് കളരി ഗുരുക്കളുടെ നേതൃത്വത്തില്‍ മുഴുവന്‍സമയ പരിശീലനമാണ് ഇപ്പോള്‍ സൈനികര്‍ക്ക് നല്‍കുന്നത്. കുറുവടി ഉപയോഗിക്കുന്ന പയറ്റിലും കുന്തപ്പയറ്റിലും ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കി. പരിക്കുകളെ സ്വയം മറികടക്കാനുള്ള മര്‍മ്മ ചികിത്സയിലും ഇവര്‍ക്ക് പരിശീലനം നല്‍കും. ഇക്കഴിഞ്ഞ ജൂലൈ 26ന് ചെന്നൈയില്‍ നടന്ന കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷവേളയിലും ഈ പന്ത്രണ്ടംഗ സംഘം കളരിപ്പയറ്റ് അഭ്യാസമുറകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ആദ്യ സൈനിക സംഘത്തിന്റെ പരിശീലനം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സൈനികരെ കളരി പരിശീലനത്തിനായി എത്തിക്കുമെന്നാണ് സൂചന. കളരിയിലെ വടിപ്പയറ്റും ആയുധപ്പയറ്റും പൂര്‍ത്തിയാക്കി മെയ്പ്പയറ്റിലേക്കുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. സൈനിക സംഘം ഈ മാസം പകുതിയോടെ മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: