ന്യൂദല്‍ഹി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തുന്ന ‘ഇന്ത്യ റാങ്കിംഗിന്റെ’ 2021 ലെ പതിപ്പ് പുറത്തിറക്കി.കേരളത്തിന്റെ വിദ്യാഭ്യാസ നിലവാര തകര്‍ച്ച വ്യക്തമാക്കിക്കുന്നതാണ് റാങ്കിംഗ് പട്ടിക. ആദ്യ റാങ്കുകളില്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇടം പിടിച്ചില്ല.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് മൊത്തത്തിലുള്ള വിഭാഗത്തിലും എഞ്ചിനീയറിംഗിലും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി. യൂണിവേഴ്സിറ്റിയിലും റിസര്‍ച്ച് ഇന്സ്റ്റിറ്റിയൂഷന് വിഭാഗത്തിലും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാമതെത്തി. മാനേജ്മെന്റ് വിഷയത്തില്‍ ഐഐഎം അഹമ്മദാബാദ് ഒന്നാമതും ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും മെഡിക്കല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. ജാമിയ ഹംദാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഫാര്‍മസി വിഷയത്തില്‍ ഒന്നാം സ്ഥാനത്താണ്.
മിറാന്‍ഡ കോളേജ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കോളേജുകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആര്‍ക്കിടെക്ചര്‍ വിഷയത്തില്‍ ഐഐടി റൂര്‍ക്കി ആദ്യമായി ഒന്നാം സ്ഥാനം നേടി. ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്കൂള്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും നിയമത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ 10 കോളേജുകളില്‍ അഞ്ച് കോളേജുകളുള്ള കോളേജുകളുടെ റാങ്കിംഗില്‍ ഡല്‍ഹിയിലെ കോളേജുകള്‍ ആധിപത്യം പുലര്‍ത്തി. മണിപ്പാല്‍ ഡെന്റല്‍ സയന്‍സസ്, ഡെന്റല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു
സര്വകലാശാലവിഭാഗത്തില് കേരള സര്‍വകലാശാല 27-ാം സ്ഥാനത്തുണ്ട്.കോളേജുകളില്‍ 25 റാങ്കുമായി തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ് പട്ടികയിലുണ്ട്.
എഞ്ചിനീയറിംഗ്കോളേജ് വിഭാഗത്തില്‍ കോഴിക്കോട് എന്‍ ഐ ടി 25-ാം സ്ഥാനത്തുണ്ട്. മെഡിക്കല്‍ കോളേജ് വിഭാഗത്തില്‍ തിരുവനന്തപുരം ശ്രീചിത്ര 11-ാം സ്ഥാനത്തെത്തി. ഐ ഐ എം കോഴിക്കോട് ( 4-മാനേജ്മെന്റ്്), നുവാല്‍സ് കൊച്ചി( 26- നിയമം), എന്‍ ഐ ടി കോഴിക്കോട് ( 2-ആര്‍ക്കിടെക്റ്റ്) എന്നിവയും റാങ്കിംഗ് പട്ടികയില്‍ ഇടം പിടിച്ചു
മികച്ച ദന്തല്‍ കോളേജുകളിലെ ആദ്യ 40 ല്‍ ഒന്നുപോലുമില്ല. ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും കേരളത്തിലെ ഒരു സ്ഥാപനവുമില്ല. രാജ്യത്തെ 75 മികച്ച ഫാര്‍മസി കോളേജുകളിലും കേരളത്തിലെ ഒന്നുപോലുമില്ല.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തുന്ന ‘ഇന്ത്യ റാങ്കിംഗിന്റെ’ തുടര്‍ച്ചയായ ആറാമത്തെ പതിപ്പാണിത്.
2016 ല്‍ റാങ്കിംഗ് പദ്ധതി ആരംഭിച്ചപ്പോള്‍, യൂണിവേഴ്സിറ്റി വിഭാഗത്തിനും എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാര്‍മസി എന്നീ മൂന്ന് വിഷയ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും ആണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.
ആറ് വര്‍ഷത്തിനിടയില്‍, മൂന്ന് പുതിയ വിഭാഗങ്ങളും അഞ്ച് പുതിയ വിഷയ മേഖലകളും റാങ്കിംഗിനായി പരിഗണിക്കപ്പെട്ടു. സമഗ്ര തലം, സര്‍വകലാശാലകള്‍ , കോളേജ്, ഗവേഷണ സ്ഥാപനങ്ങള്‍, എന്നീ നാല് വിഭാഗങ്ങളും എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, ഡെന്റല്‍,നിയമം എന്നിവ ഉള്‍പ്പെടെ 7 വിഷയ മേഖലകളും 2021 ല്‍ റാങ്കിംഗിനായി പരിഗണിക്കപ്പെട്ടു. ഗവേഷണ സ്ഥാപനങ്ങള്‍ ‘ ഇന്ത്യ റാങ്കിംഗ് 2021’ ല്‍ ആദ്യമായി റാങ്ക് ചെയ്യപ്പെട്ടു.
200 സ്ഥാപനങ്ങള്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലും 100 എണ്ണം സമഗ്ര,യൂണിവേഴ്സിറ്റി, കോളേജ് വിഭാഗങ്ങളിലും, മാനേജ്മെന്റ്, ഫാര്‍മസി വിഷയങ്ങളില്‍ 75 വീതം, മെഡിക്കല്‍, ഗവേഷണ സ്ഥാപനങ്ങളില്‍ 50 വീതം , ഡെന്റല്‍ -40, നിയമം- 30, ആര്‍ക്കിടെക്ചര്‍ -25 സ്ഥാപനങ്ങള്‍ക്കും റാങ്ക് നല്കി. സമഗ്ര, യൂണിവേഴ്സിറ്റി, കോളേജ് എന്നി വിഭാഗത്തില്‍ 101 മുതല്‍ 200 വരെ റാങ്ക്കളും എന്‍ജിനീയറിംഗ് വിഭാഗത്തില്‍ 201-300 വരെ അധിക റാങ്കിംഗുകളും നല്കി.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് ഏര്‍പ്പെടുത്തിയ ‘ഇന്ത്യ റാങ്കിംഗ് 2021’ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് പകാശനം ചെയ്തു.
കൂടുതല്‍ സ്ഥാപനങ്ങളെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാനും ഇന്ത്യയെ ഒരു ആഗോള പഠന ലക്ഷ്യസ്ഥാനമായി മാറ്റാനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാന് പറഞ്ഞു,. അതത് വിഭാഗങ്ങളില്‍ റാങ്കിംഗില്‍ ഒന്നാമതെത്തിയ ഇന്ത്യയിലെമ്പാടുമുള്ള എല്ലാ പ്രമുഖ സ്ഥാപനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യ റാങ്കിംഗ് 2021 കാണുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
പ്രതികരിക്കാൻ ഇവിടെ എഴുതുക: