കോഴിക്കോട്: നിക്ഷേപകരെ ആകര്‍ഷിക്കാനായി എസ്ബിഐ അവതരിപ്പിച്ച പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതി സെപ്റ്റംബര്‍ 14ന് അവസാനിക്കും. അടുത്തിടെയാണ് എസ്ബിഐ പ്രത്യേക പദ്ധതിയായ പ്ലാറ്റിനം ഡിപ്പോസിറ്റ് സ്കീം തുടങ്ങിയത്. ചുരുങ്ങിയ കാലയളവില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്.
വിവിധ കാലയളവുകളില്‍ നിക്ഷേപം നടത്താനാകുന്ന ടേം ഡിപ്പോസിറ്റ് പദ്ധതിയാണിത്. 15 ബേസിസ് പോയിന്റ് അധിക പലിശയാണ് നല്‍കുന്നത്. പദ്ധതിക്ക് കീഴില്‍ 75 ദിവസം, 75 ആഴ്ച, 75 മാസം എന്നിങ്ങനെ വിവിധ കാലാവധികളില്‍ പണം നിക്ഷേപിക്കാം. 75 ദിവസം മുതല്‍ ആറു വര്‍ഷത്തില്‍ അധികമുള്ള മൂന്ന് നിക്ഷേപ സ്കീമുകളുണ്ട്.
75 ദിവസത്തെ നിക്ഷേപത്തിന് നിലവില്‍ 3.90 ശതമാനം പലിശയാണ് ലഭിക്കുന്നതെങ്കില്‍ പദ്ധതിക്ക് കീഴില്‍ 3.95 ശതമാനം ലഭിക്കും. 525 ദിവസത്തെ നിക്ഷേപത്തിന് 5.10 ശതമാനം പലിശയാണ്. 2,250 ദിവസങ്ങള്‍ അല്ലെങ്കില്‍ ആറു വര്‍ഷങ്ങളില്‍ അധികമുള്ള നിക്ഷേപത്തിന് 5.55 ശതമാനം പലിശ ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്ക്ക് 75 ദിവസത്തെ നിക്ഷേങ്ങള്‍ക്ക് നിലവില്‍ 4.40 ശതമാനമാണ് പലിശ. പ്ലാറ്റിനം പദ്ധതി പ്രകാരം 4.45 ശതമാനം പലിശ ലഭിക്കും. 525 ദിവസങ്ങളിലെ നിക്ഷേപത്തിന് 5.50 ശതമാനമാണ് പലിശ. 2,250 ദിവസങ്ങളിലെ നിക്ഷേപത്തിന് 5.60 ശതമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: