വര്‍ത്തമാനകാല ഭാരതം ശ്രദ്ധയോടെ ശ്രവിക്കുന്ന വാക്കുകളാണ് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റേത്. രാഷ്ട്രം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ദേശീയമായ കാഴ്ചപ്പാടില്‍ ചിന്തിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതില്‍ സര്‍സംഘചാലക് പ്രകടിപ്പിക്കുന്ന താല്‍പ്പര്യവും പക്വതയും അത്യുന്നതമായ ആ പദവിയുടെ മഹത്വം വര്‍ധിപ്പിക്കുന്നു. ഒരു ജനതയെന്ന നിലയ്ക്ക് ഭാരതത്തിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരേ പാരമ്പര്യം പിന്തുടരുന്നവരാണെന്നും, മതത്തിന്റെ പേരില്‍ ഇത് വേര്‍തിരിക്കാനാവില്ലെന്നും ഇക്കഴിഞ്ഞ ജൂലൈയില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സര്‍സംഘചാലക് അഭിപ്രായപ്പെടുകയുണ്ടായി. ഇസ്ലാം അപകടത്തിലാണെന്ന് തല്‍പ്പരകക്ഷികള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അന്നത്തെ പ്രഭാഷണത്തില്‍ ഡോ. ഭാഗവത് പറഞ്ഞിരുന്നു. മുംബൈയില്‍ സംഘടിപ്പിക്കപ്പെട്ട, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉള്‍പ്പെടെ നിരവധി പ്രമുഖ മുസ്ലിം പണ്ഡിതന്മാരും ബുദ്ധിജീവികളും പങ്കെടുത്ത ‘രാഷ്ട്രം പ്രഥമം-രാഷ്ട്രം സര്‍വോപരി’ എന്ന പരിപാടിയില്‍ പ്രസംഗിക്കവെ ഈ ദിശയില്‍ കൂടുതല്‍ വിചാരങ്ങള്‍ സര്‍സംഘചാലക് മുന്നോട്ടുവച്ചിരിക്കുകയാണ്. ശക്തിയാര്‍ജിക്കാനുള്ള ഭാരതത്തിന്റെ ശ്രമത്തെ ആര്‍ക്കും തടയാനാവില്ലെന്നും, തെറ്റിദ്ധാരണ പരത്തി അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിനെ മുസ്ലിം ബുദ്ധിജീവികള്‍ എതിര്‍ക്കുകയും അപലപിക്കുകയും വേണമെന്ന് സര്‍സംഘചാലക് ആവശ്യപ്പെട്ടിരിക്കുന്നു.
പരസ്പരം അവിശ്വാസം വളര്‍ത്തി ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചതെന്നും, ഹിന്ദുക്കളുമായി സഹവസിച്ചാല്‍ ഇസ്ലാം ഇല്ലാതാകുമെന്ന പ്രചാരണം അസത്യമാണെന്ന് സ്വതന്ത്രഭാരതത്തിന്റെ ചരിത്രം തെളിയിച്ചു കഴിഞ്ഞതായും സര്‍സംഘചാലക് ചൂണ്ടിക്കാട്ടിയതിന് ചരിത്രപരമായ പ്രാ
ധാന്യമുണ്ട്. നമ്മുടെ ഐക്യത്തിന്റെ അടിസ്ഥാനം മാതൃഭൂമിയും അതിന്റെ മഹത്തായ പാരമ്പര്യവുമാണെന്നും, ഭാരതത്തിലെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും പൂര്‍വ്വികര്‍ ഒന്നാണെന്നും സര്‍സംഘചാലക് ആവര്‍ത്തിച്ചത് സാധ്യമായ വഴികളിലൂടെയെല്ലാം അനൈക്യത്തിന് ശ്രമിക്കുന്ന ശക്തികളെ നിരാശപ്പെടുത്തും. ഹിന്ദു എന്ന വാക്ക് മാതൃരാജ്യത്തിന്റെയും പൂര്‍വികരുടെയും ഭാരതീയ പൈതൃകത്തിന്റെയും പ്രതീകമാണെന്നും, അത് മതപരമോ ജാതീയമോ അല്ലെന്നും, ഈ നിലയ്ക്കാണ് ഓരോ ഭാരതീയനെയും തങ്ങള്‍ ഹിന്ദുവായി കാണുന്നതെന്നും സര്‍സംഘചാലക് പറയുമ്പോള്‍ ആരും അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെട്ട പലര്‍ക്കും എന്താണ് ഇതിന്റെ അടിസ്ഥാനമെന്ന് പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയോ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയോ ആയിരുന്നു. ചിലപ്പോഴൊക്കെ മഹാദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു. ഇതാവര്‍ത്തിക്കാതെ നോക്കാനുള്ള കരുതലും സര്‍സംഘചാലകിന്റെ വാക്കുകളില്‍ പ്രകടമാണ്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാടുകളാണ് ഡോ. ഭാഗവത് ഇവിടെ അവതരിപ്പിക്കുന്നത്. ചരിത്ര വസ്തുതകള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട് വെറും സാരോപദേശങ്ങള്‍ നല്കുകയല്ല സര്‍സംഘചാലക് ചെയ്യുന്നത്. ഇസ്ലാം ഇന്ത്യയിലേക്കുവന്നത് കടന്നാക്രമണകാരികളായാണെന്നും, ഈ ചരിത്രം മൂടിവയ്ക്കാതെ തുറന്നുതന്നെ പറയണമെന്നും സര്‍സംഘചാലക് അഭിപ്രായപ്പെടുന്നു. വിവേകികളായ മുസ്ലിം നേതാക്കള്‍ അനാവശ്യമായ പ്രശ്നങ്ങളെയും മതമൗലികവാദികളെയും തീവ്രവാദികളെയും എതിര്‍ക്കണം. എത്രയും വേഗം ഇത് ചെയ്യുന്നുവോ അത്രയും കുറച്ച് അപകടമേ നമ്മുടെ സമൂഹത്തിന് ഉണ്ടാവൂ. സര്‍സംഘചാലകിന്റെ സത്യസന്ധവും ആര്‍ജവവുമുള്ള ഈ വാക്കുകള്‍ക്ക് സമകാലിക സാഹചര്യത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇസ്ലാമിക ഭീകരവാദം എന്നത് ആഗോളതലത്തില്‍ തന്നെ ഒരു യാഥാര്‍ത്ഥ്യമാണ്. ഭാരതം അതിന്റെ കെടുതികള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇസ്ലാമിക ഭീകരവാദത്തിന്റെ മതപരമായ പ്രേരണയെ യാഥാര്‍ത്ഥ്യബോധമുള്ള ആര്‍ക്കും നിഷേധിക്കാനാവില്ല. ഈ വസ്തുത ആദ്യം തിരിച്ചറിയേണ്ടത് മുസ്ലിം സമൂഹത്തിലെ വിവേകികളാണ്. ഇതു സംഭവിച്ചില്ലെങ്കില്‍ ഇപ്പോഴത്തെ മുസ്ലിം രാജ്യങ്ങളുടെ പോലും ഭാവി ഇരുളടഞ്ഞതാവും. താലിബാന് ഭീകരര്‍ അധികാരം പിടിച്ച അഫ്ഗാനിസ്ഥാന്റെ ചിത്രം നല്കുന്ന പാഠം ഇതാണ്. മതം അപകടത്തിലാണെന്ന് മുറവിളി കൂട്ടുന്നവര്‍ അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ക്ക് സമാധാനം പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: