തിരുവനന്തപുരത്തെ തുമ്പയിലുള്ള വിഎസ്എസ്സിയിലേക്ക് ടണ്‍ കണക്കിന് ഭാരമുള്ള യന്ത്രഭാഗങ്ങള്‍ കയറ്റി വന്ന ലോറി പള്ളി ഇടവകക്കാര് ചേര്‍ന്ന് തടഞ്ഞിട്ട സംഭവം സ്ഫോടനാത്മകമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പൂനെയില്‍നിന്ന് കൊല്ലം തുറമുഖത്തെത്തിച്ച് അവിടെനിന്ന് പത്ത് ദിവസമെടുത്താണ് യന്ത്രസാമഗ്രികള്‍ ഐഎസ്ആര്‍ഒയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഎസ്എസ്സിയിലേക്ക് കൊണ്ടുവന്നത്. ദൂരക്കൂടുതലുള്ള പ്രവേശന കവാടം ഒഴിവാക്കി വേളി പാലം വഴി നേരിട്ട് വിഎസ്എസ്സിയിലേക്ക് പോകാന്‍ അനുവദിക്കാതെ സെന്റ് തോമസ് ചര്‍ച്ച് ഇടവകയുടെ നിയന്ത്രണത്തിലുള്ള വേളി ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിച്ചവര്‍ ലോറി തടയുകയായിരുന്നു. 184 ടണ്‍ ഭാരമുള്ള യന്ത്രസാമഗ്രികളാണ് ലോറിയിലുണ്ടായിരുന്നത്. ക്രെയിനിന്റെ സഹായത്തോടെയല്ലാതെ ഇത് ഇറക്കാനാവില്ല. ഇതിന് വേണ്ടി വരുന്നത് മൂന്നുപേരുടെ സഹായം മാത്രമാണ്. ഇങ്ങനെയിരിക്കെയാണ് ടണ്ണൊന്നിന് രണ്ടായിരം രൂപയെന്ന കണക്കില്‍ പത്ത് ലക്ഷം രൂപ പ്രതിഷേധക്കാര്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത്. ഈ ആവശ്യം അധികൃതരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ചിലര്‍ ലോറിക്കടിയിലും മുന്‍പിലുമൊക്കെ കിടന്ന് പ്രതിഷേധിച്ചു. തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള റൂട്ട് അനുസരിച്ച് ഐഎസ്ആര്‍ഒ ഗേറ്റുവഴിയാണ് പോകേണ്ടതെന്ന് ട്രാന്‍സ്പോര്‍ട്ടിങ് ചുമതലയുള്ളവര്‍ പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ അത് അംഗീകരിച്ചില്ല. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കി.
തങ്ങളുടെ സംഘടിത ശക്തിയും രാഷ്ട്രീയ-ഭരണ പിന്തുണയും ഉപയോഗിച്ച് പണിയെടുക്കാതെ ജനങ്ങളില്‍നിന്ന് നോക്കുകൂലി ഈടാക്കുന്ന രീതി ചില ട്രേഡ് യൂണിയനുകളുടെ, പ്രത്യേകിച്ച് ഇടതുപക്ഷ യൂണിയനുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ തുടര്‍ന്ന ഈ ചൂഷണം വലിയ ജനകീയ പ്രതിഷേധത്തിന്റെയും കോടതികളുടെ ഇടപെടല്‍ വഴിയുമാണ് ഒരുവിധം അവസാനിച്ചത്. മേലനങ്ങാതെ പണമുണ്ടാക്കുന്ന നിയമവിരുദ്ധമായ ഈ ആവശ്യമാണ് മതത്തിന്റെ പേരില്‍ സംഘടിച്ച ഒരു വിഭാഗം തുമ്പയില്‍ ഉന്നയിച്ചത്. യഥാര്‍ത്ഥത്തില്‍ രജിസ്ട്രേഷനുള്ള ട്രേഡ് യൂണിയനുകള്‍ക്ക് മാത്രമാണ് കയറ്റിറക്ക് ജോലി ചെയ്യാന്‍ അനുവാദമുള്ളൂ. വേളി ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക് ഇങ്ങനെയൊരു രജിസ്ട്രേഷനില്ല. വിഎസ്എസ്സി സ്ഥാപിക്കാന്‍ സ്ഥലംവിട്ടുകൊടുത്തതിന്റെ പ്രത്യുപകാരമെന്ന നിലയ്ക്ക് സ്ഥലനിവാസികള്‍ക്ക് തൂപ്പുജോലി ഉള്‍പ്പെടെയുള്ള ചെറിയ ജോലികള്‍ നല്‍കണമെന്ന് ധാരണയുണ്ടത്രേ. ഇതിന്റെ ബലത്തിലാണ് വിഎസ്എസ്സിയുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള വിലപേശലിന് മതപരമായി സംഘടിച്ച് ചിലര്‍ മുന്നോട്ടുവരുന്നത്. ഒത്തുതീര്‍പ്പു ധാരണകള്‍ തള്ളി പോലീസിനെതിരെ പോലും വാക്കേറ്റമുണ്ടായി. ഒടുവില്‍ പ്രതിഷേധക്കാരുടെ പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയുമെന്ന മുന്നറിയിപ്പുമായി സമീപവാസികള്‍ രംഗത്തിറങ്ങിയതോടെയാണ് വിഎസ്എസ്സിയിലേക്ക് ലോറി കടത്തിവിടാന്‍ അനുവദിച്ചത്.
രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിന് നേതൃത്വം നല്കുന്ന ഐഎസ്ആര്‍ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വിഎസ്എസ്സി. വെറുമൊരു സര്‍ക്കാര്‍ സ്ഥാപനമെന്നതിനുപരി രാജ്യരക്ഷാപരമായ പ്രാധാന്യവും വിഎസ്എസ്സിക്കുണ്ട്. ഇത് വകവയ്ക്കാതെ മതത്തിന്റെ പേരില്‍ സംഘടിച്ച് അതിക്രമത്തിന് മുതിരുന്നതിനെ തടയേണ്ടതുണ്ട്. എന്നാല്‍ തുമ്പയിലെ സംഭവത്തില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയുമൊക്കെ ഭാഗത്തുനിന്ന് തണുപ്പന്‍ സമീപനമാണ് ഉണ്ടായത്. പ്രതിഷേധക്കാരുടെ മതം നോക്കി നടപടികള്‍ സ്വീകരിക്കുന്ന നയം ആപത്ത് ക്ഷണിച്ചുവരുത്തും. തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരായ പ്രതിഷേധത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. തെറ്റായ പ്രചാരണം നടത്തി തീരദേശവാസികളെ സംഘടിപ്പിച്ച് കൂടംകുളത്ത് സമരത്തിനിറക്കിയതില്‍ ചില വൈദേശിക ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടംകുളത്ത് മതപരമായി സംഘടിച്ചാണ് പ്രതിഷേധമുയര്‍ത്തിയത്. ചില മതമേധാവികള്‍ നേരിട്ട് രംഗത്തിറങ്ങുകയും ചെയ്തു. തുമ്പ മോഡല്‍ പ്രതിഷേധം തുടക്കത്തില്‍ തന്നെ നുള്ളിക്കളയണം. രാജ്യരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കാന്‍ പാടില്ല. മതപരമായി സംഘടിക്കാനുള്ള ശക്തി നിയമവാഴ്ചയെ വെല്ലുവിളിക്കാനുള്ള ലൈസന്‍സാണെന്ന തോന്നല്‍ ആര്‍ക്കുമുണ്ടാവരുത്. അതിനിടകൊടുക്കാത്തവിധം ക്രമസമാധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: