ഡോ.ലക്ഷ്മി വിജയന് വി.ടി
ലോകം സംസ്കാരത്തിലേക്കും സാമൂഹ്യബോധത്തിലേക്കും അടിവെച്ചുകയറുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ്തന്നെ സാമൂഹ്യ ശാസ്ത്രവും സാംസ്കാരികാവബോധവും വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും സംഭാവനചെയ്ത ഒരു സുവര്‍ണ്ണ ഭൂതകാലം ഭാരതത്തിനുണ്ടായിരുന്നു. ലിംഗവ്യത്യാസത്തിന്റെ ഉപരിവിപ്ലവ വര്ഗ്ഗീകരണത്തിനപ്പുറത്ത്, വ്യക്തിത്വത്തിന്റെ തനതളവിലൂടെ സ്ത്രീയെയും പുരുഷനെയും വിലയിരുത്തിയവരായിരുന്നു, ഭാരതത്തിന്റെ പൗരാണികര്‍. ഒരു രാഷ്ട്രസംസ്കാരത്തിന്റെ കുലമഹിമയെന്നോ തറവാടിത്തമെന്നോ ഒക്കെ ആ കാഴ്ചപ്പാടിനെ വാഴ്ത്താം. ഒരു സമൂഹത്തിന്റെ സാംസ്കാരികമാപിനി, അവിടെയുള്ള സ്ത്രീകളുടെ സ്ഥിതിവിശേഷത്തെയും ആദരണീയതയെയും അളന്നെടുക്കുകയും സ്ത്രീയുടെ ശക്തിയും സ്വാഭിമാനവും വ്യക്തിത്വവും അടയാളപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുപോന്നു. രാഷ്ട്രസത്തയുടെ സാമൂഹ്യവികാസം സാഹിത്യദര്ശനമേഖലകളില് ദൃശ്യമായിരുന്നു. ആ രചനാമേഖലയില്‍, പുരുഷന്റെ ആദരവേറ്റുവാങ്ങിക്കൊണ്ടുതന്നെ കാവ്യസപര്യ നടത്തിയ സ്ത്രീകളും ഉണ്ടായിരുന്നുവെന്ന തിരിച്ചറിവ്, ഭാരതത്തിലെ സ്ത്രീയുടെ ഉയര്‍ന്ന സ്ഥാനത്തെയും വ്യക്തിത്വത്തെയും ചൂണ്ടിക്കാണിക്കുന്നു.
പഠനവും പാഠനവും ഒരുപോലെ വഴങ്ങിയ ഒരുപാടു പെണ്‍പേരുകള്‍ ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ ഉണര്‍ന്നുതന്നെ കിടപ്പുണ്ട്. വേദപഠനവും സാഹിത്യപഠനവും നല്കിയ ഊര്‍ജ്ജവും ആര്‍ജ്ജവവും, സ്വന്തമായി എഴുത്തിന്റെ മേഖലവെട്ടിപ്പിടിക്കാന് അവരില്‍ പലരേയും പ്രേരിപ്പിച്ചു. സംസ്കൃതം തന്നെ, സ്വാഭാവികമായും എഴുത്തുമാധ്യമമായിരുന്ന പോയ നൂറ്റാണ്ടുകളില്‍, പുരുഷരചനകളുടെ ധാരാളിത്തത്തില്‍, അവരില്‍ പലരും സ്വന്തം രചനകള്‍ വെളിച്ചം കാട്ടിയില്ല. പില്ക്കാലത്തു കണ്ടെത്തിയ താളിയോലകള്‍, വിസ്മയകരമായ സ്ത്രീസാഹിത്യസൃഷ്ടികളെ അനാച്ഛാദനം ചെയ്യുകയായിരുന്നു. സ്വന്തം കഴിവും വൈദുഷ്യവും മനസ്സിലാക്കിക്കൊണ്ടുതന്നെ കവിതയെഴുതിയവരാണ് മിക്കവരും.
കാളിദാസന്റെയും ദണ്ഡിയുടെയുമൊക്കെ കാവ്യലോകത്തിനൊപ്പം നില്ക്കാന് പലര്‍ക്കും സാധിച്ചിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ‘പദലാളിത്യ’ പ്രശസ്തനായ മഹാകവി ദണ്ഡിയെ വരെ ശ്ലോകത്തിലൂടെ നേരിടാനുള്ള ആത്മവീര്യം പ്രകടിപ്പിച്ച വിജ്ജയെന്ന എഴുത്തുകാരിയൊക്കെ, വര്‍ത്തമാന കാലഘട്ടത്തിലേക്ക് കൂടിയിരുത്തപ്പെടേണ്ടവളാണ്. കാളിദാസന്റെ കാവ്യഭാവനയോടൊത്തു സഞ്ചരിച്ച കാല്പനിക ബിംബങ്ങള്‍ മാരുളയുടെയും മോരികയുടെയുമൊക്കെ കവിതകളില്‍ കാണാം. ഭാരതത്തിലെ സ്ത്രീകളെ അസ്വതന്ത്രകളും അബലകളുമായി ചിത്രീകരിച്ച്, അവശതയുടെ പൊയ്മുഖം അവര്‍ക്കു സമ്മാനിക്കാന്‍ വെമ്പുന്നവരാണല്ലോ ഇന്നത്തെ പുരോഗമനക്കാര്‍. പഠിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും രചനാ സ്വാതന്ത്ര്യവും സമൂഹം അറിഞ്ഞു നല്കിതന്നെയാണ് നമുക്ക് ഒരുപാടുമുമ്പേ നടന്ന കവയിത്രികളെ ഭാരതം വളര്‍ത്തിയെടുത്തത്. പക്ഷേ, പൊയ്ചരിത്രപ്പെയ്ത്തില് അവരെ ഓര്‍മ്മിച്ചെടുക്കാന്‍ മനപ്പൂര്‍വ്വം മറന്നവരാണ് ഇന്ന് ആ സ്ത്രീകാലഘട്ടത്തെ തമസ്ക്കരിക്കുന്നത്.
ഭാരതത്തിന്റെ പാരമ്പര്യത്തനിമ ഉയര്‍ത്തിക്കാട്ടുമ്പോള്‍ തലയെടുപ്പോടെ നില്‍ക്കുന്നത് സംസ്ൃതത്തിന്റെ പ്രൗഢിതന്നെയാണ്. അമാനുഷികങ്ങളായ വേദങ്ങള്‍തൊട്ട് മനുഷ്യ വിരചിതങ്ങളായ ദര്‍ശനങ്ങളും കാവ്യനാടകങ്ങളുമുള്പ്പെടെ സംസ്കൃതസാഹിത്യത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ വിശാലമാണ്. അഭിപ്രായപ്രകടനങ്ങള്‍ക്ക് നല്‍കിയിരുന്ന സ്വീകാര്യതയിലൂടെ ഉടലെടുത്ത ആസ്തികനാസ്തിക ദര്‍ശനങ്ങളാകട്ടെ, ഇവിടുത്തുകാരുടെ വ്യക്തിത്വത്തെയും വിശാലമനസ്സിന്റെ നിലപാടുകളെക്കുറിച്ചും വിളിച്ചോതുന്നു. അഭിപ്രായസ്വാതന്ത്ര്യം പൊരുതി നേടേണ്ടതോ, ദാനമായി ലഭിക്കേണ്ടതോ അല്ല; അത് ഒരു സ്വാഭാവികതയായിരിക്കണം. അതുതന്നെയാണ് സമത്വത്തിന്റെയും നിദാനം. സമത്വം ഇവിടെ സമഗ്രതലങ്ങളിലുമുണ്ടായിരുന്നു. എന്നാല്‍ കാലത്തിന്റെ നടപ്പ് പലപ്പോഴും സമ്പ്രദായങ്ങളുടെ തായ് വേരറുത്തു. സാമൂഹിക തലങ്ങളിലെ ഇത്തരം വിഭിന്നതകള്‍ ഒരിക്കലും വിജ്ഞാനമേഖലയെ ബാധിച്ചിരുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍ ഭാരതത്തിന്റെ നാഗരികതയ്ക്ക് സുസ്ഥിരമായി നിലനില്‍ക്കാനാകുമായിരുന്നില്ല. നാടിനെ നയിക്കുന്നത് അത്യന്തികമായി വിജ്ഞാന,വിചാരധാരകള്‍ തന്നെയാണ്. ഭാരതത്തിന്റെ പാരമ്പര്യമനുസരിച്ച് വേദകാലം തൊട്ടേ ‘ഗുരുനാഥ’കള്‍ ഉണ്ടായിരുന്നു. വിജ്ഞാനത്തിന്റെ പരകാഷ്ഠയായ വേദങ്ങളില്‍പ്പോലും അവരുടെ കാഴ്ചപ്പാടുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു. സ്ത്രീകളുടെ രണ്ടാംകിടപൗരത്വമെന്നതും അടുക്കളമാത്രം സാമ്രാജ്യമെന്നതും കാലത്തിന്റെ വികൃതികളാണ്. അര്‍ധനാരീശ്വര സങ്കല്‍പ്പം വിളിച്ചോതുന്നത് സ്ത്രീ സംവരണത്തെയല്ല; മറിച്ച് സ്ത്രീയുടെ തനതായ മൂല്യത്തെയാണ്, പ്രാധാന്യത്തെയാണ്. ആ തുല്യതയാണ് പിന്നീടെവിടെയോ നഷ്ടപ്പെട്ടതും ഇന്ന് തിരിച്ചുപിടിക്കാന്‍ ഊറ്റത്തോടെ കൊടിപിടിക്കുന്നതും.
ശാസ്ത്രത്തിന്റെയും ദര്‍ശനത്തിന്റെയും മേഖലകളില്‍ തീര്‍ച്ചയായും ആധികാരികത നിറഞ്ഞ പെണ്ശബ്ദങ്ങള് ഭാരതത്തില്‍ ഉണ്ടായിരുന്നു. വാമൊഴി സമ്പ്രദായത്തിന്റെ പ്രസക്തി ചോര്ന്നപ്പോഴും, താളിയോലകള്‍ നശിച്ചപ്പോഴും യവനികയ്ക്ക് പിന്ചേര്ക്കപ്പെട്ടവരില് പല പണ്ഡിതകളും ഉള്പ്പെട്ടുപോയി. അതുകൊണ്ടുതന്നെ സംസ്കൃത രചനകളിലെ സ്ത്രീയേടുകള് പലതും തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ല. സാഹിത്യവഴിയിലൂടെ ചിന്തിക്കുമ്പോള്‍ കവയിത്രികളുടെ പേരുകള്‍ ഏറെക്കാണാന് കഴിഞ്ഞെങ്കിലും അവരെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചുമുള്ള അറിവുകള്‍ പരിമിതങ്ങളാണ്. പരിമിതികള്‍ പറയുന്നത് മറക്കണമെന്നല്ല, ഓര്‍ത്തെടുക്കൂ എന്നുതന്നെയാണ്.
ശ്രദ്ധേയരായ കവയിത്രികള്‍
‘ശാര്‍ങ്ഗധര പദ്ധതി’യില്‍ ശാര്‍ങ്ഗധരനാണ് (1303) ഭാരതത്തിലെ വിഖ്യാതരായ അതുവരെയുള്ള സംസ്കൃത ലേഖികമാരെക്കുറിച്ച് ഒരു ശക്തമായ പരാമര്‍ശം നടത്തിയതായി കാണുന്നത്.
ശിലാവിജ്ജാമാരുളാമോരികാദ്യാ
കാവ്യംകര്തും സന്തി വിജ്ഞാസ്ത്രിയോളപി
വിദ്യാം വേത്തും വാദിനോ നിര്വിജേതും
വിശ്വം വക്തും യാ പ്രവീണാഃ
(ശാര്‍ങ്ഗധര 1888:2628)
ശിലാഭട്ടാരിക, വിജ്ജ, മാരുള, മോരിക തുടങ്ങിയവര്‍ കാവ്യപ്രാവീണ്യവും വൈദുഷ്യവും കൊണ്ട് പ്രശസ്തരാണ്. സ്ത്രീകളായിരുന്നിട്ടുപോലും സമഗ്രവിജ്ഞാന മേഖലകളെയും സ്വായത്തമാക്കാനും വിദ്വല്‍സദസ്സുകളില്‍ സംവാദകരെ വാദിച്ചു തോല്‍പ്പിക്കാനും ലോകത്തോട് സംവദിക്കാനും ഇവര്‍ക്കുകഴിഞ്ഞിരുന്നു.
ശിലാഭട്ടാരിക
ശാര്ങ്ഗധരന് ആദ്യം പരാമര്‍ശിക്കുന്ന പേരാണ് ശിലാഭട്ടാരിക. ഒന്‍പതാം നൂറ്റാണ്ടുകാരിയായാണ് അവര്‍ കരുതപ്പെടുന്നത്. നര്‍മ്മദാ(രേവ) നദിയെക്കുറിച്ചും വിന്ധ്യപര്വ്വതത്തെക്കുറിച്ചുമുള്ള മനോഹരമായ വിവരണങ്ങളില്‍നിന്ന്, അവരുടെ സ്വദേശം ആ പ്രദേശമായിരിക്കും എന്ന് അനുമാനിക്കാം.
നാല്പ്പത്താറോളം പദ്യങ്ങള്‍ മാത്രമാണ് ശിലാഭട്ടാരികയുടേതായി ഇപ്പോള്‍ അറിയപ്പെടുന്നത്. സംസ്കൃത ഗവേഷകനായ പി.കെ.പരബ് അവ തന്റെ സുഭാഷിത രത്നഭണ്ഡാഗാരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടനവധി ഗ്രന്ഥകാരന്മാരും ശുദ്ധസാഹിത്യപഠനങ്ങളും ശിലാഭട്ടാരികയുടെ വരികള്‍ എടുത്തുപയോഗിച്ചിട്ടുണ്ട് എന്നതില്‍ നിന്നും അവരുടെ പ്രാധാന്യവും പാടവവും ഊഹിക്കാവുന്നതേയുള്ളൂ. സംസ്കൃതത്തിലെഴുതപ്പെട്ട പില്ക്കാല സാഹിത്യത്തിലെ ഹൃദ്യമായ വരികളിലൊന്നായി കണക്കാക്കപ്പെടുന്ന ശിലാഭട്ടാരികയുടെ പദ്യം നോക്കുക:
യഃ കൗമാരഹരഃ സഃ ഏവ വര:ചസ്താശ്ചന്ദ്രഗര്ഭാനിശാഃ
പ്രോന്മീലന്നവമാലതീസുരഭയാ പ്രൗരാഃ കദംബാനിലഃ
സാ ചൈവാസ്മി തഥാളപി ചൗര്യസുരതവ്യാപാരലീലാവിധൗ
രേവാരോധസി വേധസീതരുതലേ ചേതഃസമുത്കണ്ഠതേ.
‘എന്റെ കൗമാരത്തെ സ്വന്തമാക്കിയവന് തന്നെയാണ് ഇന്നും എന്റെ ഭര്‍ത്താവ്; ഇന്നും അതേ ചാന്ദ്രനിശീഥിനികള് തന്നെയാണുള്ളത്; നവജാതമല്ലികയുടെ സൗരഭ്യമേറ്റുവാങ്ങിയ അതേ കദംബമാരുതന്തന്നെ ഇപ്പോഴുമുണ്ട്, ഞാനും അതേ പഴയ ഞാന്‍ തന്നെ; രേവാതീരത്ത് മുളങ്കാടിനുകീഴെ അന്നുണ്ടായ രാസലീലകളിലൂടെ മനസ്സ് തരളമായി നീങ്ങുന്നു.’
ശിലാഭട്ടാരിക എട്ടാം നൂറ്റാണ്ടിലെ രാഷ്ട്രകൂടഭരണാധിപനായിരുന്ന ധ്രൂവന്റെ രാജ്ഞിയായ ശിലാമഹാദേവിയായിരിക്കാനിടയുണ്ട് എന്ന ഒരു പരാമര്‍ശം മൈസൂര്‍ യൂണിവേഴ്സിറ്റിയിലെ എം.ബി.പദ്മ മുന്നോട്ടുവെച്ചിട്ടുണ്ട്. ‘ഭട്ടാരിക’ എന്ന കൂട്ടിച്ചേര്‍ക്കല്‍ സമൂഹത്തിലുണ്ടായിരുന്ന ഉന്നതസ്ഥാനത്തെ കാണിക്കുന്നു. ‘പാഞ്ചാലീശൈലി’ ഉപയോഗിക്കാനുള്ള ശിലാഭട്ടാരികയുടെ പ്രാവീണ്യം പത്താം നൂറ്റാണ്ടില്‍ ജീവിച്ച കവിയായ രാജേശേഖരന് ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ബാണഭട്ടനാണ് പാഞ്ചലീശൈലി ചേര്‍ത്തുപിടിച്ച മറ്റൊരു മഹാന്. ആ സമാനത തീര്‍ച്ചയായും എഴുത്തിലെ സ്ത്രീരചനകളുടെ മൂല്യം എടുത്തുകാട്ടുന്നു. തുല്യരില്ലാത്ത ബാണന് ഒപ്പം ചേര്‍ത്തുവെയ്ക്കാന്‍ സാഹിത്യം കണ്ടെത്തിയത് സ്ത്രീയായ ശിലാഭട്ടാരികയുടെ കവനശൈലി ആയിരുന്നു എന്നത് മറുപക്ഷത്തുള്ളവര്‍ ശ്രദ്ധിച്ചുവായിക്കേണ്ടതാണ്. സാഹിത്യത്തിലെ ഭാവഭേദങ്ങളും പ്രകൃതിരമണീയതയും മനോഹരമായി രേഖപ്പെടുത്തിയ ശിലാഭട്ടാരിക സംസ്കൃതസാഹിത്യ ചരിത്രത്തിലെ എടുത്തുപറയേണ്ട സ്ത്രീ സാന്നിദ്ധ്യമാണ്.
വിജ്ജ
ഉജ്ജ്വലമായ സംസ്കൃത കവയിത്രിയായിരുന്നു വിജ്ജ. സ്വന്തം അഭിപ്രായങ്ങള്‍ ശക്തമായി രേഖപ്പെടുത്തിയ അവര്‍ പിന്തുടര്ന്നത് സാമ്പ്രദായിക ശൈലിതന്നെയായിരുന്നു. വിപ്രലംഭശൃംഗാരവും വിരഹിണിയുടെ വേദനകളും വിജ്ജയുടെ എഴുത്തിലേറെക്കാണാം. ശൃംഗാരചിത്രീകരണം കവയിത്രികളില്‍ പണ്ടു വിരളമായിരുന്നു. വൈകാരികതയും ലൈംഗികതയും കവിതകളിലും ശില്പങ്ങളിലും അതി സാധാരണമായിരുന്നെങ്കിലും സ്ത്രീകള്‍ അത്തരം തുറന്ന ചിത്രീകരണങ്ങളോട് പൊതുവെ വിമൂഖത കാണിച്ചിരുന്നു. സമൂഹത്തിന്റെ പുരുഷകേന്ദ്രീകൃത സദാചാരബോധമാവാം അതിന്റെ പിന്നില്‍. സംഭാഷണനിബിന്ധമായ വിജ്ജയുടെ പദ്യങ്ങളില്‍ പലപ്പോഴും കണ്ടുവരുന്നത് ജനങ്ങള്‍ക്കുനേരെ എറിയപ്പെട്ടിരുന്ന ചോദ്യങ്ങളായിരുന്നു. കേരളത്തില്‍നിന്ന് കണ്ടെടുത്ത താളിയോലകളാണ്, വിജ്ജയുടെതെന്ന് കണക്കാക്കപ്പെടുന്ന നാടകമായ ‘കൗമുദിമഹോത്സവം’.
എഴുത്തിന്റെ ശൈലി പറയുന്നത് ഭാസന്റെ കാലഘട്ടം തന്നെയായിരിക്കാം ഇവരുടേതെന്നാണ്. വിജ്ജയെന്നും വിദ്യയെന്നും വിജയാങ്കയെന്നും വിജ്ജകയെന്നുമൊക്കെ ഇവര്‍ അറിയപ്പെട്ടിരുന്നു. എട്ടാം നൂറ്റാണ്ടിലോ, ഒന്‍പതാം നൂറ്റാണ്ടിലോ ആയിരിക്കാം വിജ്ജ ജീവിച്ചിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.
ജല്‍ഹണന്റെ സൂക്തിമുക്താവലിയില് രാജശേഖരന്റെതെന്ന് രേഖപ്പെടുത്തിയ വരികളിലെ പരാമര്‍ശം പറയുന്നത് വിജ്ജ കര്ണ്ണാടകക്കാരിയാണെന്നാണ്. ‘കര്‍ണാടകക്കാരിയായ വിജയാങ്ക, സരസ്വതിയെപ്പോലെ വിജിഗീഷുവായി, കാളിദാസനുശേഷം ‘വൈദര്‍ഭ’ ഭാഷണത്തിന്റെ ഭാഗമായി.’
എട്ടാം നൂറ്റാണ്ടിലെ ദണ്ഡിയെ ഉദ്ധരിക്കുന്ന വിജ്ജയെ പുലികേശിയുടെ മരുമകളായി, ഏഴാം നൂറ്റാണ്ടുകാരിയായി ചിത്രീകരിച്ചുകാണുന്നത് ശരിയാകാനിടയില്ല. എന്നാല്‍ അവരെക്കുറിച്ച് രാജശേഖരനും (10 സിഇ) ഭോജനും (11 സിഇ) പരാമര്‍ശിക്കുന്നതില്‍നിന്നും വിജ്ജ തീര്‍ച്ചയായും അവര്‍ക്കു മുന്ഗാമിയായിരിക്കുമല്ലോ. പഠനങ്ങളില്‍ നിന്നും വിജ്ജ ജീവിച്ചിരുന്നത് എട്ടാം നൂറ്റാണ്ടിലോ, ഒന്‍പതാം നൂറ്റാണ്ടിലോ ആണെന്ന് അനുമാനിക്കപ്പെടുന്നു.
വൃത്തഭംഗിയില്‍ ചാലിച്ച വര്‍ണനയും വിഷയസൗകുമാര്യവും ഒപ്പം എടുത്തു പറയത്തക്ക പദാവലിപ്രയോഗവും വിജ്ജയുടെ പ്രത്യേകതകളാണ്. പ്രകൃതിയും ഋതുഭേദങ്ങളും സ്വാഭാവികമായിത്തന്നെ അവരുടെ രചനകളില്‍ കാണാം. നായികയുടെ സൗന്ദര്യം വര്‍ണ്ണിച്ച വിജ്ജയുടെ വരികള്‍ എഴുത്തിലും ചിന്തയിലും സര്‍വ്വോപരി സമൂഹത്തിലും സ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന അംഗീകാരത്തെയും സ്വാതന്ത്ര്യത്തെത്തന്നെയുമല്ലേ വര്‍ണിച്ചിരിക്കുന്നത്. എഴുത്തുകാരിയും നായികയും സ്ത്രീകളായിരുന്ന ആ നാളുകളില്‍ എവിടെയാണ് സ്ത്രീക്ക് പ്രാധാന്യം ലഭിക്കാതിരുന്നത്?
നാട്ടുനടപ്പും നാള്വഴികളുമാണല്ലോ ഒരു കാലഘട്ടത്തിന്റെ സാഹിത്യത്തില്‍ പ്രതിഫലിക്കുന്നത്. സ്ത്രീപക്ഷവാദികളും എതിര്പക്ഷവാദികളും ഈ കാലത്തെയും പഠനവിഷയമാക്കിയാല്‍ നന്ന്. വിജ്ജയുടെ വൈദുഷ്യത്തെയും വിജ്ഞാനത്തെയും ഉയര്‍ത്തിക്കാട്ടുന്ന ഒട്ടനവധി പരാമര്‍ശങ്ങള്‍ അക്കാല സാഹിത്യത്തില്‍ കാണാം. അതിശയോക്തി സാധാരണമായിരുന്ന ആ കാലഘട്ടത്തില്‍ വിജ്ജയെ സരസ്വതീദേവിയുടെ അവതാരം തന്നെയായി വര്‍ണ്ണിച്ചിട്ടുള്ളത് രസകരമാണ്. താരതമ്യത്തിന്റെയും ശ്ലാഘിക്കലിന്റെയും ഉച്ചസ്ഥായിയിലായിരുന്നു അത്! കാവ്യരചനയെ സഗൗരവം കൈകാര്യം ചെയ്തുകൊണ്ട് അറിവും ഭാവനയും ചേര്‍ത്തുവെക്കുന്നതിലൂടെ സ്വന്തം കാവ്യപ്രപഞ്ചത്തെ ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള ആര്‍ജ്ജവം വിജ്ജയ്ക്കുണ്ടായിരുന്നു. തന്റെ രചനകളെ ആസ്വാദകരിലേക്കെത്തിക്കാന്‍ വേണ്ട സെല്‍ഫ് മാര്‍ക്കറ്റിംഗ് തന്ത്രവും ഒരുപക്ഷേ അവരുടെ വരികളില്‍ വായിച്ചെടുക്കാന്‍ കഴിയും. തന്റെ വാഗ് വൈഭവത്തെ നര്‍മ്മരൂപത്തില്‍ അവതരിപ്പിക്കുന്ന ഈ ശ്ലോകം അതിനു തെളിവാണ്.
‘നീലോല്പലദളശ്യാമാം വിജ്ജകാം മാമജാനത
വൃഥൈവ ദണ്ഡിനാ പ്രോക്തം സര്വ്വശുക്ലാ സരസ്വതി’
വിജ്ജയെഴുതിയ ഈ വരികള്‍ ആത്മവിശ്വാസത്തിലൂന്നിയതും നര്മ്മബോധമേറെയുള്ളതുമാണ്. സ്വയം സരസ്വതീസ്ഥാനം സ്വീകരിക്കുമ്പോള്‍ തന്റെ ബാഹ്യസൗന്ദര്യത്തിന്റെ തൊലിക്കറുപ്പ് പറയാനവര്‍ ഒട്ടും മടികാട്ടുന്നില്ല. അതോടൊപ്പം ഹാസ്യരൂപേണ ദണ്ഡിയെ കളിയാക്കുകയും ചെയ്യുന്നു. ‘നീലത്താമരയുടെ നിറമാര്‍ന്ന തന്നെ(ഈ സരസ്വതിയെ) അറിയാത്തതുകൊണ്ടാകാം, സരസ്വതിയെ വെളുത്തവളായി ദണ്ഡി വൃഥാ വിശേഷിപ്പിച്ചത്’ എന്നാണല്ലോ ഈ ശ്ലോകത്തില്‍ വിജ്ജ, പുഞ്ചിരി ഉള്ളിലൊതുക്കിക്കൊണ്ട് പറയുന്നത്. ദണ്ഡിയോടൊപ്പം സ്വയം മാറ്റുരച്ചുകാണിക്കാനുള്ള അവരുടെ തന്റേടംകൂടിയാണ് ഇവിടെ ശ്രദ്ധേയം! സ്ത്രീയാണെന്നത് എഴുത്തിന് പരിമിതിയോ ന്യൂനതയോ നല്‍കുന്നില്ലെന്ന് സഹൃദയസമൂഹത്തെ ഓര്‍മ്മപ്പെടുത്തുകയാണ്, ഏതാണ്ട് പന്ത്രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പേയുള്ള ഈ എഴുത്തുകാരി. പുരുഷാധിപത്യമോ, എഴുത്തിലെ മേല്‍ക്കോയ്മകളോ നിലനിന്നിരുന്നു എങ്കില്‍ വിജ്ജ മറക്കുടയ്ക്കുള്ളില്‍ മൂടപ്പെട്ടുകിടക്കുമായിരുന്നു. പക്ഷേ വിജ്ജ ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു.
മാരുള
വിസ്മരിക്കപ്പെടരുതാത്ത ഒരു പൂര്‍വ്വകാല കവയിത്രിയാണ് മാരുള. അവരെക്കുറിച്ച് നമുക്കുകിട്ടുന്ന പരിചയം, പ്രധാനമായും ജല്‍ഹണന്റെ പതിമൂന്നാം ശതകത്തിലെ സൂക്തിമുക്താവലി, ശാര്‍ങ്ഗധരന്റെ പതിനാലാം ശതകത്തിലെ ‘ശാര്‍ങ്ഗധരപദ്ധതി’ എന്നീ സമാഹാരങ്ങളില്‍ നിന്നാണ്. അവരുടെ അഞ്ച് പദ്യകൃതികളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. കെ.പി പരബിന്റെ ‘സുഭാഷിത രത്നഭണ്ഡാഗാരത്തില്‍’ അവ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. മാരുളയുടെ കൃത്യമായ കാലഗണന ലബ്ധമല്ലെങ്കിലും, പതിമൂന്നാം നൂറ്റാണ്ടിനു മുമ്പായിരുന്നു അവരുടെ കാലമെന്ന് അനുമാനിക്കാം.
സംസ്കൃതകവികളാണെങ്കിലും ഇവരുടെ കവിതകളില്‍ മുന്നിട്ടുനില്‍ക്കുന്നത് കാല്പനിക പ്രേമത്തിന്റെ ഭാവഗാനങ്ങളത്രെ. ദാര്‍ശനിക സാഹിത്യത്തിലേക്ക് ഉയര്‍ന്നുകയറുന്ന വരികള്‍ തുലോം വിരളവുമാണ്. മാരുളയുടെ ഒരു വിരഹകവിത ഇങ്ങനെയാണ്:
‘ഗോപായന്തീ വിരഹജനിതം ദു:ഖമഗ്രേഗുരുണാം
കിം ത്വം മുഗ്ധേ, നയനവിസൃതം ബാഷ്പപൂരംരുണത്സി.
നക്തം നക്തം നയനസലിലൈരേവ മാര്ദ്രീകൃതസ്തേ
ശയ്യോപാന്തഃ കഥയതിദശാം ആതപേ ശോഷ്യമാനഃ’
വിരഹകാതരയെ അഭിസംബോധന ചെയ്തുകൊണ്ടു ചോദിക്കുന്ന വരികളാണിവ. ‘മുതിര്‍ന്നവരുടെ മുന്നില്‍ വിരഹദു:ഖം മറച്ചുപിടിച്ച് കണ്ണീര് നിയന്ത്രിക്കുന്നതെന്താണ്? രാത്രിയില്‍ ഒഴുകുന്ന മിഴിനീരേറ്റുനനഞ്ഞ്, പിറ്റേന്ന് ചൂടില്‍ ഉണങ്ങുന്ന നിന്റെ ശയ്യാഗ്രം, നിന്റെ ദു:ഖാവസ്ഥയെ കാണിക്കുന്നുണ്ട്.’ ഇവിടെ ‘ആതപേ ശോഷ്യമാനഃ’ എന്നതിലൂടെ മനോവിഷമത്തിന്റെ ദു:ഖാഗ്നിയില്‍ വരണ്ടുശോഷിക്കുന്ന വ്യക്തിയെയുംകൂടി കവയിത്രി സൂചിപ്പിക്കുന്നു. വാക്കുകളുടെ നാനാര്‍ത്ഥ തലങ്ങളെക്കുറിച്ച സമര്‍ത്ഥമായ കയ്യൊതുക്കം മാരുളക്കുണ്ടായിരുന്നുവെന്ന് അനുമാനിക്കാം. കാളിദാസന്റെ ‘മേഘസന്ദേശ’ത്തിന്റെ ഭാവവും വൃത്തവും സ്വാധീനിക്കുന്ന ഈ കവിതയിലൂടെ, സംസ്കൃതസാഹിത്യത്തില്‍ മാരുളയുടെ അവഗാഹം പ്രകടമാണ്.
മോരിക
പെണ്മനസ്സിന്റെ സൂക്ഷ്മവും മനശ്ശാസ്ത്രപരവുമായ ഉള്‍ക്കാഴ്ചകള്‍, മോരികയുടെ രചനകളില്‍ ഉടനീളം കാണാം. പ്രണയത്തിന്റെയും വൈകാരിക ബന്ധങ്ങളുടെയും പലതലങ്ങളും അവയില്‍ ശ്രദ്ധേയവുമാണ്. കാളിദാസന്റെ യക്ഷദു:ഖത്തിന് സമാനമായ രീതിയില്‍ വിരഹിണിയുടെ കാതരത വര്‍ണിക്കുന്ന ശ്ലോകങ്ങളും മോരികയുടേതായിട്ടുണ്ട്. ഒരു പദ്യത്തില്‍ കവിതാതല്പരനായ കാമുകന്റെ സവിധത്തിലേക്ക് പ്രണയിനി പറഞ്ഞയക്കുന്ന സന്ദേശവാഹിക, കാവ്യാത്മകമായി സന്ദേശം കൈമാറുന്ന സന്ദര്‍ഭം കാണാം. പ്രണയിയും പ്രണയിനിയും രാത്രിയും ചന്ദ്രനും പോലെയാണെന്നും, ചന്ദ്രനില്ലാതെ രാത്രിയും രാത്രിയില്ലാതെ ചന്ദ്രനും വ്യര്ത്ഥങ്ങളാണെന്നും തോഴി അയാളെ ബോദ്ധ്യപ്പെടുത്തുന്നു. അങ്ങിനെ പ്രണയത്തിന്റെ ഭാവങ്ങളെയും മനുഷ്യജീവിതത്തിന്റെ ഉണ്മകളെയും മോരിക എഴുതിച്ചേര്‍ത്തിട്ടുണ്ട്. സ്ത്രീപുരുഷബന്ധങ്ങള്‍ പൂര്‍ണ്ണമാകുന്നത് പരസ്പര ധാരണയിലും പരസ്പരാശ്രയത്തിലുമാണ് എന്ന് ഇവരുടെ വരികളില്‍ നിന്നുമനുമാനിക്കാം. രാത്രിയും ചന്ദ്രനുമെന്ന പാരസ്പര്യം ഭാര്യഭര്ത്താക്കന്മാരിലാരോപിച്ച്, അന്യോന്യാശ്രയം ഉറക്കെപ്പറയുമ്പോള്‍, അത് കാണിക്കുന്നത് സമൂഹത്തില്‍ സ്ത്രീക്കുണ്ടായിരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെത്തന്നെയാണ്.
എഴുത്തിടങ്ങളിലെവിടെയും സ്ത്രീ നിഷിദ്ധയായിരുന്നില്ലെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
ലക്ഷ്മി, ഗൗരി, വികടാംബിക
ലക്ഷ്മിയും ഗൗരിയും വികടാംബികയും പേരുകള്‍ മാത്രമായിരുന്നില്ല, ലോകം വാഴ്ത്തിയ കവയിത്രികളായിരുന്നു. അവരെഴുതിയ വരികള്‍ പലതും നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും ലഭ്യമാണ്. അച്ചടിയുടെയും വില്പനയുടെയും പരസ്യങ്ങളും മത്സരങ്ങളുമില്ലാത്ത കാലത്തെ എഴുത്തുകാരാണ് ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നത് എങ്കില്‍ അവര്‍ തീര്‍ച്ചയായും എഴുതിത്തെളിഞ്ഞവരായിരുന്നിരിക്കണം, ഏറെ എഴുതിയവരുമായിരുന്നിരിക്കണം. സ്ത്രീകള്‍ ഇരുട്ടില്‍ തളയ്ക്കപ്പെട്ടവരും പ്രോത്സാഹനം ലഭിക്കാത്തവരും വിദ്യാഭ്യാസം ഏറെ നേടാത്തവരുമായിരുന്നു എന്ന് എങ്ങിനെ ആരോപിക്കാനാവും? സ്വന്തം ആത്മനിര്വൃതിയ്ക്കാണ് പലപ്പോഴും സാഹിത്യകാരന്മാര് എഴുതുന്നത്. അവയില്‍ പലതും പുറംലോകം കണ്ടിരിക്കാനിടയില്ല, അന്നും ഇന്നും. എഴുത്ത് സാഹിത്യരചനയായി ചര്‍ച്ചചെയ്യപ്പെടുന്നത് അത് വായനക്കാരിലേക്കെത്തുമ്പോഴാണ്. ‘കവിതാരസ ചാതുര്യം വ്യാഖ്യാതാ വേത്തി ന കവി’ എന്നാണല്ലോ കണ്ടിട്ടുള്ളത്. അങ്ങിനെ നോക്കുമ്പോള്‍ സ്ത്രീകള്‍ എഴുത്തിന്റെ മേഖലയില്‍ നിന്ദിക്കപ്പെട്ടു എന്നോ, പ്രോത്സാഹിപ്പിക്കപ്പെട്ടില്ല എന്നോ ഉള്ള വാദഗതികള്‍ ഒട്ടുംതന്നെ സ്വീകരിക്കാനാവുന്നവയല്ല. അവരുടെ കാവ്യലോകം, ഒരുപക്ഷേ പുറംലോകത്തില്‍ നിന്ന് അവര്‍തന്നെ മറച്ചുപിടിച്ചതുമാകാം.
വിജയനഗരത്തിലെ ചരിത്രകാവ്യങ്ങള്‍
വിഖ്യാതമായ വിജയനഗര സാമ്രാജ്യത്തിന്റെ ഒരു കാലഘട്ടം മുഴുവന്‍ ഒപ്പിയെടുത്തു രേഖപ്പെടുത്തിയത് സ്ത്രീകളായിരുന്നു. ചരിത്രകാവ്യമെന്ന മേഖലയിലേക്ക് കാലെടുത്തുവെയ്ക്കാന് ധൈര്യം കാണിച്ച സ്ത്രീകളും നമ്മുടെ ഭാരതത്തിലുണ്ടായിരുന്നു എന്ന് വിസ്മരിക്കാനാവില്ല. ഗംഗാദേവി, രാമഭദ്രാംബ, തിരുമലാംബ എന്നിവര്‍ സമൂഹത്തെ അടുത്തറിയുകയും വിശകലനം നടത്തുകയും ചെയ്തു. സമൂഹത്തിന്റെ ഗതിവിഗതികളറിയുകയും രാഷ്ട്രതന്ത്രത്തെ കുറിച്ച് പഠിക്കുകയും യുദ്ധങ്ങളെ സാകൂതം വീക്ഷിച്ച് മനസ്സിലാക്കുകയും ചെയ്തവരായിരിക്കും ആ കവയിത്രികള്‍. കൃത്യമായ അവബോധമില്ലാതെ അവയെക്കുറിച്ച് എഴുതാന്‍ ആവില്ലെന്നിരിക്കെ, ആ കാലഘട്ടത്തെത്തന്നെ ഒരു കാവ്യത്തില്‍ സന്നിവേശിപ്പിക്കാന്‍ സാധിച്ചവരായിരുന്നു ആ മൂന്ന് കവയിത്രികളും. ഭാരത്തിലെ സ്ത്രീ എന്നും രണ്ടാംകിടക്കാരായിരുന്നു എന്ന് പറയുന്നവരോടുള്ള മറുപടിയാണിത്. അവര്‍ വിദ്യാസമ്പന്നരായിരുന്നു, സമൂഹത്തെ അറിയാനും ഉള്‍ക്കൊള്ളാനും നെഞ്ചോടു ചേര്‍ക്കാനും സാധിച്ചവരായിരുന്നു, അവരുടെ കാവ്യങ്ങള്‍ ഒരിക്കലും പെണ്ണെഴുത്തുകളായി നാമകരണം ചെയ്യപ്പെട്ടില്ല, മറിച്ച് ആ കൃതികളെ സമൂഹം സ്വീകരിച്ചത് ഹൃദയത്തിലേക്കായിരുന്നു. അവിടെയൊക്കെ ആണ്കോയ്മയോ പെണ്കോയ്മയോ അല്ല ചര്‍ച്ചചെയ്യപ്പെട്ടത്, കാവ്യത്തിന്റെ സൗന്ദര്യമായിരുന്നു. കവിതാ രചനയില്‍ ലിംഗവ്യതിരിക്തത മറച്ചുവെച്ചുള്ള ആഭിമുഖ്യം പണ്ട് കാണാനില്ല എന്നു പറയാം.
പൊതുവേ ഇതിഹാസപുരാണ കഥാംശങ്ങളെ കാവ്യത്തിന്റെ ഇതിവൃത്തമായി സ്വീകരിക്കുന്ന ഒരു പ്രവണത സംസ്കൃത സാഹിത്യത്തില്‍ നിലനിന്നിരുന്നു. മൂല്യബോധവും ധാര്‍മ്മികതയും തുടങ്ങി അനേകം സദുപദേശങ്ങള്‍ തന്നിരുന്ന ആ ഗ്രന്ഥങ്ങളിലെ കാഴ്ചപ്പാടുകള്‍ മറക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു അത്തരം ശൈലി നൂറ്റാണ്ടുകളോളം നിലനിര്‍ത്തിക്കൊണ്ടിരുന്നത്.
ഗംഗാദേവി
വിലക്കപ്പെടാത്ത അഭിപ്രായ സ്വാതന്ത്ര്യവും രചനാ സ്വാതന്ത്ര്യവും ഭാരതത്തില്‍ നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ് ഗംഗാദേവി. സമൂഹത്തില്‍ പൊതുവേ നിലനിന്നിരുന്ന തനത് ശൈലി പിന്തുടരാതെ, അന്നത്തെ നാടിന്റെ സാമൂഹികാന്തരീക്ഷത്തിന്റെ നേര്‍ചിത്രം പദ്യങ്ങളില്‍ വരച്ച് ചരിത്രകാവ്യമെഴുതിയ ആദ്യ വനിതയായാണ് ഗംഗാദേവിയെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
കാകതീയ സാമ്രാജ്യത്തിലെ കമ്പന കക (കുമാര കമ്പന) രാജാവിന്റെ പത്നിയായിരുന്ന ഗംഗാദേവി രചിച്ച ചരിത്രകാവ്യമാണ് ‘മധുരവിജയം’. തന്റെ ഭര്‍ത്താവ് മധുരയിലെ യുദ്ധത്തില്‍ വിജയിക്കുന്നതും രാജ്യം വിശാലമാക്കുന്നതും കഥാതന്തുവിലുള്പ്പെടുന്നു. അതിനാല്‍ കൃതി ‘വീരകമ്പരായ ചരിത്രം’ എന്നും അറിയപ്പെടുന്നു. ഹംപിയിലെ വിരൂപാക്ഷനെ കൃതിയില്‍ പലവുരു സ്തുതിക്കുന്നുണ്ട്. ആ നാട്ടില്‍ അന്നുണ്ടായിരുന്ന സംസ്കൃത കവികളെ ഗംഗാദേവി തന്റെ കൃതിയില്‍ പരാമര്ശിക്കുന്നുമുï്.
ഗംഗാംബികാ എന്നുകൂടി അറിയപ്പെട്ടിരുന്ന ഗംഗാദേവി പതിന്നാലാം നൂറ്റാണ്ടിലെ രാജ്ഞിയായിരുന്നു. വിജയനഗര സാമ്രാജ്യത്തില്‍ ജീവിച്ചിരുന്ന അവരുടെ ‘മധുരാവിജയം’ കണ്ടെടുത്തത് തിരുവനന്തപുരത്തുനിന്നാണ്. പണ്ഡിത് എന്‍.രാമസ്വാമി ശാസ്ത്രികള്‍ കണ്ടെടുത്ത ആ താളിയോലയില്‍ അഞ്ഞൂറ് വരികളുള്ള ഒന്‍പത് കാണ്ഡങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് ഈ വരികളിലൂടെ ചരിത്രത്തിലും സര്‍വ്വോപരി നമ്മുടെ ഹൃദയങ്ങളിലും ഗംഗാദേവി ജീവിക്കുന്നു.
തിരുമലാംബ
വിജയനഗര സാമ്രാജ്യം പ്രൗഢിയോടെ നിലനിന്നിരുന്ന കാലത്താണ് തിരുമലാംബ ജീവിച്ചിരുന്നത്. അന്ന് നിലനിന്നിരുന്ന രാജകുടുംബത്തെയും നാട്ടിലെ അന്തരീക്ഷത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് തിരുമലാംബ, ‘വരദാംബികാപരിണയ’മെന്ന കാവ്യം രചിച്ചത്. ചരിത്രത്തിന്റെ ആധികാരിക സംഭവങ്ങളെയും അന്നത്തെ വ്യവസ്ഥകളെയും ഉള്‍പ്പെടുത്തിയതുകൊണ്ടുതന്നെ ഈ കൃതി ഒരു ചരിത്രകാവ്യമായി അറിയപ്പെട്ടു. തുളുവ വംശസ്ഥാപകനായ നരസനായക(നൃസിംഹന്‍)ന്റെ പുത്രനായ അച്യുതദേവരായനായിരുന്നു നായകന്.
എഴുത്തുകാരിയായ തിരുമലാംബ ഈ ചരിത്രത്തിന് ഒരു പ്രേമകാവ്യത്തിന്റെ ഭാവതലം കൂടി നല്കുന്നു. അന്നത്തെ സമൂഹത്തിലെ സ്ത്രീകളുപയോഗിച്ചിരുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, സേനാ വിജയം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയവയെക്കുറിച്ചുള്ള ആധികാരിക പരാമര്‍ശങ്ങളും ‘വരദാംബികാ പരിണയ’ത്തില്‍ തിരുമലാംബ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗദ്യപദ്യസമ്മിശ്രങ്ങളാണ് ചമ്പുകാവ്യങ്ങള്‍. ഈ കാവ്യശാഖയിലേക്കുള്ള ഒരു സ്ത്രീയുടെ ആദ്യകാല്‍വെപ്പായി തിരുമലാംബയുടെ കൃതിയെ കണക്കാക്കാം. അതുകൊണ്ടുതന്നെ ഒരു സ്ത്രീ എഴുതിയ ആദ്യ ചമ്പൂകാവ്യമായി ചരിത്രം രേഖപ്പെടുത്തിയത് ‘വരദാംബികാപരിണയ’ത്തെയാണ്. എഴുത്തിന്റെ മേഖലയില്‍ സ്ത്രീകള്‍ കൈകടത്താത്ത കൈവഴികള്‍ കുറവാണ് എന്ന് ചരിത്രപഠനത്തിലൂടെ മനസ്സിലാക്കാം.
മാതൃഭൂമിയെ ഉണര്‍ത്തി നിലനിര്‍ത്തേണ്ടത് ആര്യമഹിളകളുടെ കര്‍ത്തവ്യമാണ് എന്ന് തിരുമലാംബ തന്റെ കവിതകളിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. വൈഷ്ണവ സമ്പ്രദായത്തിലൂടെ തിരുമല തിരുപ്പതി വെങ്കടേശനെ സ്തുതിക്കുന്ന ‘വരദാംബിക പരിണയ’ത്തില്‍ അച്യുതദേവരായന്റെ വിവാഹവിഷയങ്ങള് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുളുവ സാമ്രാജ്യത്തിന്റെ ആരംഭത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും വിവരിക്കുന്ന വരദാംബിക പരിണയം സാഹിത്യദൃഷ്ട്യാ അനേകം പ്രത്യേകതകള്‍ നിറഞ്ഞതാണ്. അറുപത് വാക്കുകള്‍ ചേര്‍ത്തുള്ള വളരെ നീളംകൂടിയ വാചകം ഈ ചമ്പുകാവ്യത്തിലുണ്ട്. വൃത്തത്തിന്റെ കടിഞ്ഞാണിടലും ആലങ്കാരിക ആധികാരികതയും എഴുത്തിന്റെ മാറ്റ് കൂട്ടിയിട്ടേയുള്ളൂ. വരദാംബികാ പരിണയം ചരിത്രകാവ്യമായിരിക്കെത്തന്നെ പ്രണയകാവ്യവും വീരരസത്തെയുയര്ത്തിപ്പിടിച്ച ചമ്പുകാവ്യവുമാണ്. വൈവിധ്യരചനാവൈഭവം വളയിട്ട കൈകള്‍ക്കും വഴങ്ങുമെന്ന അറിവ് വായനക്കാരനിലേക്കെത്തിക്കാന്‍ വരദാംബികാ പരിണയത്തിലൂടെ തിരുമലാംബയ്ക്കായി. പതിനാറാം നൂറ്റാണ്ടിന്റെ നേര്‍ചിത്രം പഠിപ്പിച്ചെടുക്കാന്‍ ഈ കൃതി സഹായിക്കുന്നു എന്നതും ചരിത്രസത്യമത്രെ.
രാമഭദ്രാംബ
പതിനേഴാം നൂറ്റാണ്ടിന്റെ രേഖാചിത്രം രാമഭദ്രാംബയുടെ ‘രഘുനാഥാഭ്യുദയ’ത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. തഞ്ചാവൂര്‍ നായക രാജാവായ രഘുനാഥനെക്കുറിച്ച് സമഗ്രമായി വിവരിക്കുന്ന കാവ്യമാണിത്. രാജാവിന്റെ ദിനചര്യതൊട്ട്. സേനാവിജയം വരെ ഈ കൃതിയിലുണ്ട്. ഇത്തരത്തില്‍ നായകന്റെ ദിനചര്യകള്‍പോലും കാവ്യത്തില്ച്ചേര്ക്കുന്ന രീതി പിന്നീടൊരു പ്രവണതയായി മാറി.
രഘുനാഥരാജാവിന്റെ രാജ്യസഭയിലെ സാഹിത്യകാരിയായിരുന്നു രാമഭദ്രാംബ. രാജസദസ്സിലെ രത്നമായ അവര്‍ തന്റെ എഴുത്തിന്റെ മികവിനാല്‍ ‘സാരസ്വതഭദ്രപീഠ’പദവിക്ക് അര്‍ഹയായി. എട്ട് ഭാഷകളില്‍ ‘ശതലക്ഷിണി’യായിരുന്നു അവര്‍ എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. രഘുനാഥാഭ്യുദയം, രാജാവിന്റെയും സൈന്യത്തിന്റെയും വീരപരാക്രമങ്ങളും വിജയകഥകളും നിറഞ്ഞതായതിനാല്‍ അംഗിരസമായി സ്വീകരിച്ചത് വീരരസത്തെത്തന്നെയാണ്. പന്ത്രണ്ട് സര്‍ഗ്ഗങ്ങളുണ്ട് ഈ കാവ്യത്തിന്. മൂന്ന് ഭാഷകളില്‍ പദരചന നടത്തിയിരുന്ന മഹതി കൂടിയാണ് രാമഭദ്രാംബ. ‘അഷ്ടാവധാന’ പ്രവീണകൂടിയായ രാമഭദ്രാംബ സംസ്കൃതസാഹിത്യത്തിന്റെ പെണ്‍താരകമായി സാഹിത്യനഭസ്സില്‍ നിറഞ്ഞാടിയിരിക്കുന്നു.
സംസ്കൃത രചനകളിലെ മലയാളി വനിതകള്‍
കേരളീയയായ സംസ്കൃത വിദുഷിയും കവയിത്രിയുമായിരുന്നു സ്വാതിതിരുനാള്‍ അംബാദേവിത്തമ്പുരാട്ടി. ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത കവികളുമായി അവര്‍ സൗഹൃദം പുലര്‍ത്തുകയും, സാഹിത്യചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. മലയാളത്തിലും സംസ്കൃതത്തിലും ധാരാളമെഴുതിയിരുന്നെങ്കിലും പലതും അപ്രകാശിതങ്ങളാണ്. മലയാള മാസികകളില്പ്പലതിലും അവരുടെ കൃതികള്‍ നിരന്തരം പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലെ പെണ്മാസികയായ ‘വനിതാകുസുമ’ത്തില്‍ തമ്പുരാട്ടി എഴുതിയ ‘ശ്രീഭൂതനാഥോദയം’ ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്നു.
അംബാദേവിത്തമ്പുരാട്ടിയുടെ ഏറ്റവും പ്രസിദ്ധമായ സംസ്കൃതരചന ‘ദശകുമാരചരിത’മാണ്. വിഖ്യാത പണ്ഡിതനായ ദണ്ഡിയുടെ ദശകുമാര ചരിതം തമ്പുരാട്ടി സ്വന്തം വരികളില്‍ വീണ്ടും എഴുതി. പല വാക്കുകളും ദണ്ഡിയുടേതുതന്നെ ഉപയോഗിച്ചപ്പോള്‍, പലയിടങ്ങളിലും, അവയുടെ പര്യായങ്ങളാണ് ഉപയോഗിച്ചത്. മലയാളലിപിയിലെഴുതിയ ഈ സംസ്കൃത കാവ്യത്തിന്റെ കുറച്ചുഭാഗങ്ങളാണ് നാല്പത്തിനാലുപേജുള്ള ഒരു നോട്ടുപുസ്തകത്തിലൂടെ നമുക്കുലഭിച്ചിട്ടുള്ളത്. ദണ്ഡിയുടെ രചനയെ പുനരാവിഷ്ക്കരിക്കാനുള്ള വൈദഗ്ധ്യം അംബാദേവിത്തമ്പുരാട്ടിയുടെ പ്രസിദ്ധിയും അംഗീകാരവും വര്‍ധിപ്പിച്ചു. വൃത്തവൈവിദ്ധ്യവും പാണ്ഡിത്യ വൈശിഷ്ട്യവും ഒപ്പം അതിമനോഹരമായ രചനാശൈലിയുമുള്ള അവരുടെ കൃതികള്‍ക്ക് വായനാക്കാരേറെയുണ്ടായിരുന്നു. അംബാദേവിത്തമ്പുരാട്ടിയുടെ എല്ലാ കവിതകളും വള്ളത്തോള്‍ വായിക്കുകയും വിശകലനങ്ങളും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്യുമായിരുന്നു. പല പദ്യങ്ങളും തമ്പുരാട്ടി എഴുതിയത് പരിചയക്കാരനായ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ആവശ്യപ്രകാരമായിരുന്നു. ചെമ്പോല്ക്കൊട്ടാരത്തിന്റെ ഏറ്റവും മികച്ച വിദുഷിയായി അറിയപ്പെട്ടതും കവയിത്രിയായ സ്വാതിതിരുനാള്‍ അംബാദേവിത്തമ്പുരാട്ടിയായിരുന്നു. ആസ്വാദകരുടെ അംഗീകാരങ്ങള്‍ ആവോളം സ്വരൂപിച്ച മികച്ച എഴുത്തുകാരിയായിരുന്നു തമ്പുരാട്ടി.
മനോരമ തമ്പുരാട്ടി
കേരളീയരായ സംസ്കൃത വിദുഷികളിലെ നക്ഷത്രത്തിളക്കമാണ് കോഴിക്കോട്ടുകിഴക്കേക്കോവിലകത്ത് മനോരമത്തമ്പുരാട്ടി. എഴുത്തുകാരി എന്നതിനേക്കാള്‍ ഉപരി തികഞ്ഞ സംസ്കൃത പണ്ഡിതയും ഗുരുനാഥയുമായിട്ടാണ് കേരളക്കര അവരെ കണ്ടത്. ഒട്ടനവധി ഒറ്റശ്ലോകങ്ങളാണ് മനോരമത്തമ്പുരാട്ടിയുടേതായി നിലനില്‍ക്കുന്നത്. ജീവിതക്ലേശങ്ങളായിരിക്കാം ഒരുപക്ഷേ ഒരു ഗ്രന്ഥരചനയിലേക്ക് തമ്പുരാട്ടിയെ എത്തിക്കാതിരുന്നത്. എന്നാല്‍ അവരുടെ ശിഷ്യരാകാന്‍ ആഗ്രഹിച്ചവര്‍ ഏറെയാണ്. തമ്പുരാട്ടിയുടെ ശിഷ്യപരമ്പരയില്പ്പലരും രചനകളിലേര്‍പ്പെട്ടിട്ടുണ്ട്.
മനോരമത്തമ്പുരാട്ടിയും ധര്‍മ്മരാജാവും തമ്മില്‍ നടത്തിയിരുന്ന കത്തിടപാടുകള്‍ സംസ്കൃത പദ്യരൂപത്തിലായിരുന്നു. പന്ത്രണ്ടാം വയസ്സിലേ തമ്പുരാട്ടി ‘പ്രൗഢമനോരമ’ എന്ന വ്യാകരണഗ്രന്ഥം ഹൃദിസ്ഥമാക്കിയിരുന്നു. അങ്ങിനെ ലഭിച്ച ബിരുദ നാമമായിരുന്നു ‘മനോരമ’ എന്നത്. പിന്നീടവര്‍ എക്കാലവുമറിയപ്പെട്ടത് ആ പേരിലൂടെത്തന്നെയായാണ്. ‘പ്രൗഢമനോരമ’യിലുള്ള തമ്പുരാട്ടിയുടെ വ്യുല്പ്പത്തിയെക്കുറിച്ചും അതിമനോഹരമായ അംഗലാവണ്യത്തെക്കുറിച്ചും പുകഴ്ത്തി ശ്ലോകങ്ങള്‍ പോലും രചിക്കപ്പെട്ടിട്ടുണ്ട്.
ആദ്യ ഭര്‍ത്താവ് മരിച്ചതിനുശേഷം അവ്യുല്പന്നനായിരുന്ന പാക്കത്തു ഭട്ടതിരിയെയാണ് മനോരമത്തമ്പുരാട്ടി പിന്നീട് വിവാഹം കഴിച്ചത്. അദ്ദേഹത്തെക്കുറിച്ച് തമ്പുരാട്ടി എഴുതിയ ശ്ലോകം വളരെ പ്രസിദ്ധമാണ്.
‘യസ്യ ഷഷ്ഠീ ചതുര്‍ത്ഥീ ച വിഹസ്യ ച വിഹായ ച
അഹം കഥം ദ്വിതീയാ സ്യാദ്; ദ്വിതീയാ സ്യാമഹം കഥം?’
പാക്കത്ത് ഭട്ടതിരിയെപ്പറ്റിത്തന്നെ, ദമ്പതിമാരുടെ പ്രേമത്തെ അടിസ്ഥാനമാക്കി മനോരമത്തമ്പുരാട്ടി എഴുതിയ ഒരു ശ്ലോകം ഇവിടെ ചേര്‍ക്കുന്നു.
സ്ത്രീപുംസത്വാവലംബീ ജഗതി ഖലു നൃണാം
ദ്വന്ദ്വധര്മ്മാഭിലാഷോ
രാഗസ്സോപാധികോസാവപി വിഭവമുഖൈ
രംഗകൈഃ ഷഡ്ഭിരംഗീ
തേഷ്വേകസൈ്യകദേശേളതി നിജവിഷയം
പ്രേമമാന്ദ്യം പ്രമാദാ
ദ്യോഷാദോഷം മുഷാ യഃ കഥയതി വിദൂഷേ
ഹന്ത! തസ്മൈ നമോസ്തു.
കാലാകാലങ്ങളില്‍ ഭാരതീയരായ സ്ത്രീകള്‍ വിദ്യാഭ്യാസം നേടിയിരുന്നു എന്നും ഇവിടെ പുരുഷന്മാരെപ്പോലും സംസ്കൃതം പഠിപ്പിച്ചിരുന്ന വിദുഷികള്‍ ഉണ്ടായിരുന്നു എന്നും ഉള്ളതിന്റെ തെളിവാണ് മനോരമത്തമ്പുരാട്ടി.
ഉപസംഹാരം
സാഹിത്യരചന എഴുത്തുകാരന്റെ കൂടപ്പിറപ്പാണ്. ശക്തമായ വികാരവിചാരങ്ങളെ വരികളിലാക്കുന്നത് ആത്യന്തികമായി ആത്മനിര്വൃതിക്കുതന്നയാണ്. അവിടെ ജനിക്കുന്ന സാഹിത്യത്തിന് ജാതിമതഭേദങ്ങളോ സ്ത്രീപുരുഷ പക്ഷങ്ങളോ ഇല്ല. കാലത്തിന്റെ യാത്രയില്‍ സമൂഹത്തിന് ചിന്തയിലും പ്രവൃത്തിയിലും മാറ്റങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്. എന്നാലതിനെ മാറിയ കാലഘട്ടത്തിന്റെ വ്യതിയാനമെന്നു കരുതാതെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. സ്ത്രീകളൊരിക്കലും അബലകളല്ല; ആയിരുന്നുമില്ല. സ്ത്രീശക്തിയെ ഭയക്കുന്ന ആധുനിക മനസ്സുകളാണ് അധിക്ഷേപത്തിന്റെ വക്താക്കളാവുന്നത്. അമ്മയും കുടുംബനാഥയുമായ സ്ത്രീതന്നെയല്ലേ യഥാര്‍ത്ഥത്തില്‍ സമൂഹത്തിന്റെ അച്ചുതണ്ട്! അതുകൊണ്ടുതന്നെ ഉത്തരവാദിത്തമുള്ള പെണ്മ ചെയ്യുന്നത് നല്ലനാളെകളെ സൃഷ്ടിക്കാന്‍ പടക്കോപ്പൊരുക്കുകയാണ്. എഴുത്തിന്റെ ലോകം വലിയൊരളവോളം ഭാവനയുടേതെങ്കില് സ്ത്രീയുടെ ലോകം ഉത്തരവാദിത്തത്തിന്റേതാണ്. അവിടെയിരുന്നും വനിതകള്‍ രചനകളിലേര്‍പ്പെടുന്നു എന്നതാണ് ചരിത്രം വ്യക്തമാക്കുന്നത്.
വീണുകിട്ടുന്ന സാഹചര്യത്തില്‍, ബൗദ്ധിക വ്യായാമങ്ങള്‍ക്ക് സാധിച്ചില്ലെങ്കിലും, ഭാവാര്‍ദ്രമായ സ്െ്രെതണകല്പ്പനകളെങ്കിലും സംസ്കൃതത്തില്‍ വരികളാക്കി എന്നത് ഈ കവയിത്രികളുടെ മിടുക്കാണ്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് തലപുറത്തേക്കിട്ട് അസ്മിത അറിയുകയും അറിയിക്കുകയും ചെയ്യാന്‍ കുറെ സ്ത്രീകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വീട്ടുഭരണം തൊട്ട് രാഷ്ട്രഭരണം വരെ നിര്‍വ്വഹിച്ചിരുന്ന സ്ത്രീകള്‍ക്ക് എഴുത്തും വായനയും സുലഭമായിരുന്നില്ല എന്ന പറയാനാവില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: