ന്യൂയോർക്ക്: ലഹരിയില്‍ ജീവിതം ഹോമിച്ച പ്രശസ്തരുടെ പട്ടിക ചെറുതല്ല. ആ പട്ടികയിലേക്ക് ഒരാള്‍ കൂടി-പ്രശസ്ത നടന് മൈക്കല്‍ കെ. വില്ല്യംസ്. ജനപ്രീതിയാര്‍ജ്ജിച്ച അമേരിക്കന്‍ ഡ്രാമാ സീരീസ് ആയ ”ദി വയര്‍” എന്ന പരമ്പരയിലൂടെ ആരാധകരെ സൃഷ്ടിച്ച മൈക്കല്‍ ന്യൂയോര്‍ക്ക് ബ്രൂക്ക്ലിനില് തന്റെ ആഡംബര വസതിയിലാണ് മരിച്ചത്. മയക്കുമരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഉച്ചയോടെ, 54 കാരനായ മൈക്കലിനെ വില്യംസ്ബര്‍ഗ് അപ്പാര്‍ട്ട്മെന്റിലെ സ്വീകരണമുറിയില്‍ അബോധാവസ്ഥയില്‍, അദ്ദേഹത്തിന്റെ മരുമകന് കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചതായാണ് മാധ്യമ റിപ്പോര്‍ട്ട്. വിളിച്ചിട്ട് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് ഉടന്‍ എമര്‍ജന്‍സി നമ്പറായ 911 ല്‍ അറിയിച്ചു. തണുത്തുവിറച്ച ശരീരവുമായി ബോധമില്ലാതെ കിടക്കുകയായിരുന്നു. അവിടെയെത്തിയ മെഡിക്കല്‍ സംഘമാണ് മരിച്ചതായി അറിയിച്ചത്. ഉച്ചയ്ക്ക് 2.12 നാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബന്ധപ്പെടാതിരുന്നതിനാല്‍, അന്വേഷിക്കാനായിയിരുന്നു മരുമകന് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. അടുക്കളയിലെ മേശയ്ക്ക് മുകളില്‍ ഹെറോയ്ന്‍ കണ്ടെത്തി. അതുപോലെ മയക്കു മരുന്ന് ഉപയോഗത്തിന് സഹായിക്കുന്ന ചില ഉപകരണങ്ങളും വീടിനുള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീടിനകത്ത് കശപിശ നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ആരും ബലം പ്രയോഗിച്ച് അകത്തു കടന്നതിന്റെ ലക്ഷണങ്ങളും ഇല്ലായെന്നും പോലീസ് അറിയിച്ചു. സംശയകരമായ ഒന്നും കണ്ടെത്താനാകാത്തതിനാല്‍, മയക്കുമരുന്നിന്റെ അമിത ഉപയോഗം തന്നെയാണ് മരണകാരണം എന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ മരുമകന്റെ ഭാര്യ ഇക്കാര്യം നിഷേധിക്കുകയാണ്. അദ്ദേഹത്തിന്റെ മരണം മയക്കുമരുന്നു മൂലമല്ല എന്ന് ഉറപ്പിച്ചു പറയുന്ന അവര്‍ പക്ഷെ അക്കാര്യം കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറായില്ല. എല്ലാവരേയും സഹായിക്കുവാന്‍ മുന്നിട്ടറങ്ങിയിരുന്ന ഒരു നല്ല മനസ്സിനുടമയായിരുന്നു അദ്ദേഹം എന്നു മാത്രമാണ് പിന്നീട് അവരുടെ പ്രതികരണം.
അഞ്ചുതവണ എമ്മി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു മൈക്കല്‍ വില്യംസ്. എന്നാല്‍ എച്ച്ബിഒ യിലെ ”ദി വയര്‍” എന്ന സീരീസിലൂടെയായിരുന്നു ഏറെ ശ്രദ്ധേയനായത്. 2002 മുതല്‍ 2008 വരെ തുടര്‍ച്ചയായി ഓടിയ സീരീസില്‍ ഒമര്‍ ലിറ്റില്‍ എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. അന്നത്തെ പ്രസിഡന്റ് ബരാക്ക് ഒബാമ, തനിക്കേറെ ഇഷ്ടപ്പെട്ട സീരീസ് ദി വയര്‍ ആണെന്നും അതിലെ ഏറ്റവും ഇഷ്ടകഥാപാത്രം ഒമര്‍ ആണെന്നും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: