തിരുവനന്തപുരം :മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ എന്‍. പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐര്ആര് രജിസ്റ്റര്‍ ചെയ്തു. സത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തത്. മാതൃഭൂമി കൊച്ചി യൂണിറ്റിലെ റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിന് പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് നടപടി.
പ്രശാന്തിനെതിരായ പരാതിയില്‍ പോലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കേസെടുക്കുന്നത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനില്‍നിന്ന് നിയമോപദേശവും തേടി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താമെന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം.
മാധ്യമപ്രവര്ത്തകന് ഉദ്യോഗസ്ഥനോട് വിവരങ്ങള്‍ തേടുന്നത് തൊഴിലിന്റെ ഭാഗമാണ്. വിവരങ്ങള്‍ നല്‍കാനും നല്കാതിരിക്കാനും ഉദ്യോഗസ്ഥന് അവകാശമുണ്ട്. എന്നാല്‍ മോശമായ പ്രതികരണം പാടില്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് പ്രശാന്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
ആഴക്കടല്‍ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎന്‍സി (കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന്) എംഡിയായ എന്‍. പ്രശാന്തിനോട് പ്രതികരണം ചോദിച്ചതിന് അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍ മറുപടിയായി നല്‍കുകയായിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ പദവിയില്‍ ഇരിക്കുന്ന ആളില്‍നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ലെന്നും അധികാരികളോടു പരാതിപ്പെടുമെന്നും റിപ്പോര്‍ട്ടര്‍ അറിയിച്ചു. ഇതോടെ വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി എന്നുമായിരുന്നു പ്രശാന്തിന്റെ പ്രതികരണം.
നമ്പറെടുത്ത് ആദ്യം വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ വാട്സ്ആപ്പില്‍ സന്ദേശമയച്ചത്. സംഭവം വിവാദമാവുകയും വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാനും തുടങ്ങിയതോടെ പ്രശാന്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. പിന്നാലെ പ്രശാന്തല്ല താനാണ് മറുപടികള്‍ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: