ആറന്മുള: പുതുക്കുളങ്ങര പള്ളിയോടത്തിൽ ചെരുപ്പിട്ട് കയറി ഫോട്ടോ ഷൂട്ട് നടത്തിയ സീരിയൽ നടി താരത്തിനെതിരേ വ്യാപക പ്രതിഷേധം. പള്ളിയോടങ്ങളില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നാണ്. പള്ളിയോടത്തിൽ ചെരുപ്പിട്ടു കയറി മതസ്പർദ്ധ ഉണ്ടാക്കാനും ആചാരലംഘനം നടത്താനും ശ്രമിച്ച ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന്, സെക്രട്ടറി പാര്‍ഥസാരഥി ആര്.പിള്ള എന്നിവര്‍ വ്യക്തമാക്കി.
വ്രതശുദ്ധിയോടെയാണ് പുരുഷന്മാര് പള്ളിയോടത്തില്‍ കയറുന്നത്. പള്ളിയോടങ്ങളെല്ലാം നദിതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ് സൂക്ഷിക്കുന്നത്. ഇവിടെപ്പോലും ആരും പാദരക്ഷ ഉപയോഗിക്കില്ല. മാത്രമല്ല, ഓരോ പള്ളിയോടവും അതാത് പള്ളിയോടക്കരയുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ അനുമതിയില്ലാതെ പള്ളിയോട പുരയിലോ പള്ളിയോടത്തിലോ ആരും കയറാൻ പാടില്ലാത്തതാണ്. വ്രതശുദ്ധിയോടെ മാത്രം കയറുന്ന പള്ളിയോടത്തിൽ എങ്ങനെയാണ് ഈ നടി കയറിയതെന്നു അറിയില്ല.
കരക്കാരുടെ ഒത്താശയോടെയാണ് കയറിയതെങ്കിൽ കരക്കാർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പള്ളിയോടം സേവാസംഖം അറിയിച്ചു. ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലും നിമിഷ ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം ആദിപമ്പയുടെ കരയിലാണ് പള്ളിയോടം മാലിപ്പുരയിൽ സൂക്ഷിച്ചിരുന്നത്. അധികം ആൾത്താമസം ഇല്ലാത്ത പ്രദേശമാണിത്. അതിനാൽ ഇവിടെ ഫോട്ടോഷൂട്ട് നടന്നകാര്യം അധികമാരും അറിഞ്ഞില്ല.
സംഭവം വിവാദമായതോടെ ചിത്രങ്ങൾ നിമിഷ പിൻവലിച്ചു. ഓണത്തിന് മുൻപാണ് ഫോട്ടോ ഷൂട്ട് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: