ആലപ്പുഴ: സിപിഎമ്മും ഇടതുപക്ഷവും സംഘടിത മതവിഭാഗത്തിന് മുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രകടനവും, സാധാരണക്കാരുടെയും തൊഴിലാളി വര്‍ഗത്തിന്റെയും പിന്തുണയുമല്ല തുണയായത് മറിച്ച് കാന്തപുരം വിഭാഗത്തിന്റെ സഹായമാണെന്ന് സിപിഎമ്മിന്റെ അവലോകന റിപ്പോര്‍ട്ട് തന്നെ വെളിവാക്കുന്നു. മുന്നണിക്ക് ബാധ്യതയായി മാറിയ ഐഎന്‍എല്ലിലെ തമ്മിലടിയും അവസാനിപ്പിക്കാന്‍ കാന്തപുരത്തിന്റെ സഹായം വേണ്ടി വന്നു.
ഇന്ന് ഇടതുപക്ഷത്തിലും സിപിഎമ്മിലും താരം കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാരും, അദ്ദേഹം നയിക്കുന്ന സുന്നി വിഭാഗവുമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിപിഎമ്മിലെ പ്രബല വിഭാഗം തുടരുന്ന അടവുനയത്തിന്റെ ഭാഗമാണ് ഈ സഹകരണം. മുസ്ലീം വിഭാഗത്തെ കൂടെ കൂട്ടാന്‍ പാര്‍ട്ടി നയങ്ങളും, സമീപനങ്ങളുമല്ല, മറിച്ച് കടുത്ത യാഥാസ്ഥിതിക വിഭാഗത്തെ പ്രീണിപ്പിക്കുക എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. ഇതിന്റെ ദുര്യോഗമാണ് ഇടതുമുന്നണിയെ ആകെ കൈപ്പിടിയിലാക്കുന്ന വിധത്തില്‍ കാന്തപുരവും, അദ്ദേഹം നയിക്കുന്ന വിഭാഗവും മാറിയതെന്നാണ് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നണിയെ നയിക്കുന്ന സിപിഎം ഇടപെടാതെ കാഴ്ചക്കാരായി മാറുകയും, കാന്തപുരത്തിനെ ദൗത്യം ഏല്‍പ്പിക്കുകയും ചെയ്തതോടെ സിപിഎം പൂര്‍ണമായും മതശക്തികള്‍ക്ക് കീഴടങ്ങിയെന്നാണ് വിമര്‍ശനം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകന റിപ്പോര്‍ട്ടിലും കാന്തപുരം വിഭാഗത്തെ സിപിഎം വാനോളം പുകഴ്‌ത്തിയിരിക്കുകയാണ്. മുസ്ലിം സമുദായത്തില്‍ ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാന്‍ ജമാഅത്തെ ഇസ്ലാമി നടത്തിയ പരിശ്രമത്തിന് ലീഗ് പിന്തുണയും കിട്ടി. എന്നാല്‍, കാന്തപുരം വിഭാഗം സജീവ പിന്തുണ ഇടതുപക്ഷത്തിന് നല്‍കിയതാണ് തുണയായതെന്നാണ് വിലയിരുത്തല്‍. ശബരിമലയിലെ ആചാര സംരക്ഷണത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ച എന്‍എസ്എസിനെ രൂക്ഷമായി കുറ്റപ്പെടുത്തുമ്പോഴാണ് മുസ്ലീം മതവിഭാഗത്തിന് പുകഴ്‌ത്തല്‍ എന്നതും ശ്രദ്ധേയമാണ്.
സ്ത്രീകളുടെ വിവാഹ പ്രായം തുടങ്ങി എല്ലാ പുരോഗമന നിലപാടുകള്‍ക്കും എതിരായ സമീപനം സ്വീകരിക്കുന്ന കാന്തപുരം വിഭാഗം ഇന്ന് മുന്നണിയെ നയിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് കണ്ണൂര്‍ ലോബി പാര്‍ട്ടിയോട് കാണിച്ച ഏറ്റവും വലിയ അപരാധമാണെന്നാണ് മറുപക്ഷം കുറ്റപ്പെടുത്തുന്നത്. ഈ മാസം ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ ഈ വിഷയവും ചര്‍ച്ചയാകണമെന്ന് അവര്‍ പറയുന്നു.
മതന്യൂനപക്ഷങ്ങളിലെ തീവ്രനിലപാടുകളുള്ള മുഴുവന്‍ സംഘടനകളെയും കൂടെ കൂട്ടി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയെങ്കിലും വിഎസ് നയിച്ച 2006ലെ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനം ഇടതുപക്ഷത്തിന് ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: