ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. ബാഗല്‍കോട്ട്, വിജയപുര ജില്ലകളിലാണ് നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 11.30 നും ഞായറാഴ്ച്ച അര്‍ദ്ധരാത്രി 12 മണിക്കും ഇടയിലായിട്ടാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭാവ കേന്ദ്രം സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയാണെന്ന് കര്‍ണാടക സ്റ്റേറ്റ് നാച്വറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിംഗ് സെന്റര്‍ (കെ.എസ്.എന്‍.ഡി.എം.സി) അധികൃതര്‍ പറഞ്ഞു.
ഭൂചലനം അനുഭവപ്പെട്ടതോടെ വിജയപുര നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേയും ബസവന ബഗെവാഡി, ടിക്കോട്ട, ഇന്‍ഡി, സിന്തഗി എന്നിവിടങ്ങളിലേയും ജനങ്ങള്‍ വീടുവിട്ട് പുറത്തേക്ക് ഓടി. ഭൂചലനം 30 സെക്കന്റുകളോളം നീണ്ടു നിന്നതായി ഈ പ്രദേശത്തിലുള്ളവര്‍ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കോ റോഡുകള്‍ക്കോ കേടുപാടുകളൊ ആള്‍നാശമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വടക്കന്‍ കര്‍ണാടകയിലെ ജില്ലകളില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഭൂചലനത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നറിയിച്ച് മന്ത്രി ശശികല ജോലെ. പ്രതിഭാസം പഠിക്കാന്‍ ജിയോളജിസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജയപുര ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ബെംഗളൂരുവിലെ ദുരന്തനിവാരണ യൂണിറ്റിനോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഉടന്‍ വിജയപുര സന്ദര്‍ശിക്കുകയും ചെയ്യും. അതിനാല്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, വിജയപുര ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ പി.സുനില്‍ കുമാര്‍, പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ എന്നിവരുമായി ഇതിനകം തന്നെ സാഹചര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, സംഭവത്തില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും എല്ലാം നിയന്ത്രണത്തിലാണെന്നും അവര്‍ ഉറപ്പുനല്‍കിയതായും മന്ത്രി വ്യക്തമാക്കി. എല്ലാ താലൂക്ക് മേധാവികളോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: