കൊല്ലം: പെന്ഷന് പേയ്മെന്റ് ട്രഷറിയുടെ ആശ്രാമത്തെ കണ്ടല്ക്കാടിനടുത്ത് ഒരുങ്ങുന്ന പുതിയ കെട്ടിടം മുതിര്‍ന്ന പൗരന്മാരില് ഭയവും ആശങ്കയും സൃഷ്ടിക്കുന്നു. ഒരാള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കാതെ ദശാബ്ദങ്ങളോളം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ട്രഷറിയാണ് ഇങ്ങോട്ടേക്ക് മാറ്റുന്നത്. ജനസഞ്ചാരമില്ലാത്തതും ബസ് റൂട്ടില്ലാത്തതുമായ അഡ്വഞ്ചര്‍ പാര്‍ക്ക് റോഡിലേക്ക് ഓഫീസ് പ്രവര്‍ത്തനം മാറ്റുവാനുള്ള നീക്കം വിവാദമായിട്ടുണ്ട്.
സാധാരണ ഗതിയില്‍ ഒരു പുതിയ കെട്ടിടമുണ്ടാക്കുമ്പോള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാണ്. എന്നാല്‍ പ്രതിദിനം ആയിരത്തോളം മുതിര്‍ന്ന പൗരന്മാരെത്തേണ്ട പുതിയ ട്രഷറി കെട്ടിടം അപര്യാപ്തതയുടെയും അസൗകര്യങ്ങളുടെയും നേര്‍ക്കാഴ്ചയാണ്. സിവില്‍ സ്റ്റേഷനില്‍ പെന്ഷന് വിതരണവിഭാഗം, ജനറല്‍ വിഭാഗം, വിശ്രമമുറിയും ടോക്കണ്‍ വിതരണ കേന്ദ്രവും എന്നിങ്ങനെ മൂന്ന് ഹാളുകളിലായി പ്രവര്‍ത്തിച്ചിരുന്നതാണ് ഓഫീസ്. ഈ സ്ഥാനത്ത് ഒരു ചെറിയ ഹാളിലേക്ക് ഒതുങ്ങുമെന്നതാണ് ആശ്രാമത്തെ സ്ഥിതി. പത്ത് പേര്‍ക്ക് പോലും ഒരേ സമയം നില്‍ക്കാനുള്ള സ്ഥലസൗകര്യം ഇവിടെയില്ല. വിശ്രമമുറിയില്ല. ഏത് ബസ് സ്റ്റോപ്പില്‍ നിന്നായാലും തുച്ഛമായ പെന്ഷന് തുകയില്‍ നിന്ന് ആട്ടോചാര്‍ജ് നല്കി പോകേണ്ട സ്ഥിതിയാണ്.
ട്രഷറിയോട് ചേര്‍ന്ന് കിടക്കുന്ന പണ്ടുരയിടം വഴിയാത്രക്കാരുടെ പേടിസ്വപ്നമാണ്. അപകടത്തില്‍പ്പെട്ട് തകര്‍ന്ന വാഹനങ്ങളുടെ ശവപ്പറമ്പും അണലിയടക്കമുള്ള ഉഗ്രവിഷമുള്ള ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവുമാണ് ഇവിടം. സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും ശല്യവുമുണ്ട്. ചവറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ പതിനായിരത്തോളം പെന്‍ഷന്‍കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം പെന്ഷന് വാങ്ങാന്‍ കളക്ട്രേറ്റില്‍ എത്തിയവര്‍ തങ്ങളുടെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചു.
പ്രക്ഷോഭം ശക്തമാക്കും
പെന്‍ഷന്‍കാരുടെ കളക്ട്രേറ്റ് ധര്‍ണ്ണയില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് നിരവധി പെന്‍ഷന്‍കാര്‍ അണിനിരന്നു. സംഘടനാഭേദമേന്യെ പെന്ഷന് വാങ്ങാനെത്തിയവര്‍ ഇതില്‍ പങ്കാളികളായി. മുഖ്യമന്ത്രി, ധനമന്ത്രി, മനുഷ്യാവകാശക്കമ്മീഷന്, ജില്ലാ കളക്ടര്‍, ട്രഷറി ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനുള്ള തീരുമാനത്തിലാണ് പെന്ഷന്സംഘടനക്കാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: