കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ, ഡോളര്‍ കടത്തു കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ പോലീസ്, ഇ ഡി ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്റെയും ഭാര്യയുടെയും മൊബൈല്‍ ഫോണ്‍ കോളുകളാണ് സംസ്ഥാന ഇന്റലിജന്‍സ് ചോര്‍ത്തിയത്. വിവരം പുറത്തായതോടെ കേന്ദ്ര ഏജന്‍സികള്‍ വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
രാജ്യസുരക്ഷയുടെ ഭാഗമായ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണവേളയില്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തിയുടെയും ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ വിവേകിന്റെയും ഫോണുകള്‍ സമാന രീതിയില്‍ സംസ്ഥാന ഇന്റലിജന്‍സ് ചോര്‍ത്തിയിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ബിജെപി ബന്ധമുണ്ടെന്ന സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആരോപണത്തിന്റെ ചുവടുപിടിച്ചാണ് പലതവണയായി അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയത്. രാധാകൃഷ്ണന്റെ ഭാര്യയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് വിളിച്ച ഫോണ്‍ വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു.
ഇ ഡി അസി. ഡയറക്ടറായിരുന്ന പി. രാധാകൃഷ്ണന് സ്ഥാനക്കയറ്റം ലഭിച്ച് ഇപ്പോള്‍ ഡെപ്യൂട്ടി ഡയറക്ടറാണ്. കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്ക്കെതിരേ പരാതി ലഭിച്ചാല്‍, ബന്ധപ്പെട്ട ഏജന്‍സിയെ അറിയിക്കാന്‍ മാത്രമാണ് സംസ്ഥാന പോലീസിന് അധികാരമുള്ളത്. ഇവരുടെ ഫോണ്‍ നിരീക്ഷിക്കാനുള്ള അധികാരം സംസ്ഥാന പോലീസിനില്ല. ഈ നിയമം മറികടന്നാണ് സിപിഎമ്മിന് വേണ്ടി സംസ്ഥാന പോലീസ് ഇന്റലിജന്‍സ് ചാവേറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: