ഹെറാത്ത്: പടിഞ്ഞാറന്‍ അഫ്ഗാനിലെ വികസിത നഗരപ്രദേശമായ ഹെറാത്തില്‍ താലിബാനെതിരെ സ്ത്രീകളുടെ പ്രതിഷേധം. പഠിക്കാനും ജോലിയെടുക്കാനും സ്ത്രീകളെ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു താലിബാനെതിരായ സ്ത്രീകളുടെ പരസ്യ പ്രകടനം.
പ്രകടനത്തില്‍ ഡസന്‍കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. ജോലിചെയ്യാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ കാര്യത്തില്‍ താലിബാന്റെ കയ്യില്‍ നിന്നും ഉത്തരമൊന്നും ലഭിക്കാത്തതിനാലാണ് സമരം വേണ്ടി വന്നതെന്ന് അതിന് നേതൃത്വം നല്കിയ മരിയം ഇബ്രാം പറഞ്ഞു. 24 കാരിയായ മറിയം ഇബ്രാമിനോടും മറ്റ് സ്ത്രീകളോടും ജോലിക്ക് വരരുതെന്ന് അവര്‍ ജോലിചെയ്തുകൊണ്ടിരുന്ന ഒഫീസുകള്‍ അറിയിച്ചിരുന്നു. ഇതായിരുന്നു പ്രതിഷേധപ്രകടനത്തിലേക്കെത്തിച്ചത്. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരമാണ് ഹെറാത്ത്.
പല തവണ താലിബാന് നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ താലിബാന് തീരുമാനമൊന്നും എടുക്കാത്തതിനാലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഇബ്രാം പറഞ്ഞു.
‘ഞങ്ങള്‍ താലിബാന് നേതാക്കളുമായി സംസാരിക്കാന്‍ ശ്രമിച്ചു. 20 വര്‍ഷം മുമ്പുള്ള താലിബാനല്ലാതെ അവിടെ മറ്റാരെയും കാണാന്‍ സാധിച്ചില്ല. അവരില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല,’ ഇബ്രാം പ്രതികരിക്കുന്നു. ‘ഒരു മാസം മുമ്പ് താലിബാന് അധികാരം ഏറ്റെടുത്ത ശേഷം താലിബാന് നേതൃത്വം സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും വിദ്യാഭ്യാസം നടത്താന്‍ അനുവദിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ പഴയ താലിബാന് ഭരണം തന്നെ തിരിച്ചുവരുമെന്നാണ് ഭയപ്പെടുന്നത്,’ ഇബ്രാം ആശങ്കപ്പെടുന്നു.
തങ്ങള്‍ പൊലീസ് മേധാവിയുള്‍പ്പെടെ പല താലിബാന് നേതാക്കളുമായി സംസാരിച്ചെന്നും ഇബ്രാം പറയുന്നു. ‘പഴയ അഫ്ഗാന് സര്‍ക്കാരിനെ നിങ്ങള്‍ മാറ്റി. പക്ഷെ നിങ്ങള്‍ ഞങ്ങളുടെ ജനാധിപത്യവും തൂത്തുകളഞ്ഞു. പക്ഷെ ഇതിന്റെ സ്ഥാനത്ത് എന്താണ് നിങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്?’- ഇബ്രാം ചോദിക്കുന്നു.
ഡസന്‍ കണക്കിന് സ്ത്രീകള്‍ അഫ്ഗാനിലെ ഹെറാത്തില്‍ നടത്തിയ പ്രകടനത്തിന്റെ ചിത്രങ്ങള്‍ സെഹ്റ റാഹിമി എന്ന ടോളോ ന്യൂസ് റിപ്പോര്‍ട്ടര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. താലിബാന് അധികാരമേറ്റെടുത്ത ശേഷം അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ നടന്ന ആദ്യത്തെ തുറന്ന സമരമാണിതെന്നും സഹ്റ റഹീമി പറയുന്നു.
പഴയ അഫ്ഗാന് ഭരണം അഴിമതി നിറഞ്ഞതാണെന്ന താലിബാന്റെ വിമര്‍ശനത്തോട് യോജിക്കുന്നതായി സ്ത്രീസമരങ്ങള്‍ക്ക് നേതൃത്വം നല്കിയ ഇബ്രാം പറയുന്നു. ‘പക്ഷെ അറിയേണ്ടത് എന്താണാണ് സ്ത്രീകള്‍ക്ക് താലിബാന് വാഗ്ദാനം ചെയ്യുന്നത് എന്നാണ്,’- അല്‍ ജസീറയുമായുള്ള അഭിമുഖത്തില്‍ ഇബ്രാം പറയുന്നു.
താലിബാന്റെ നേതൃത്വത്തിലുള്ള ഭാവി സര്‍ക്കാരില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമുണ്ടായിരിക്കില്ലെന്ന താലിബാന് നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായിയുടെ അഭിപ്രായപ്രകടനമാണ് ഹെറാത്തില്‍ സ്ത്രീകള്‍ പൊടുന്നനെ സംഘടിക്കാനും സമരം ചെയ്യാനും ഇടയാക്കിയത്. ‘സ്ത്രീകളില്ലാത്ത ഒരു സര്‍ക്കാര്‍ ഒരിക്കലും നീണ്ടകാലം നിലനില്‍ക്കില്ല. ഞങ്ങള്‍ സ്ത്രീകളുടെ അവകാശം മാത്രമാണ് ചോദിക്കുന്നത്,’ ഇബ്രാം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: