തിരുവനന്തപുരം നഗരത്തില്‍ കശ്മീരികളായ അഞ്ച് യുവാക്കള്‍ തോക്കുകളുമായി പോലീസിന്റെ പിടിയിലായ സംഭവം അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇവരെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്. പിടിയിലായ അഞ്ചുപേരും കശ്മീരി സ്വദേശികളാണെന്നതും, എല്ലാവരും ഒരുമിച്ച് തിരുവനന്തപുരത്ത് എത്തിയതും പ്രത്യക്ഷത്തില്‍ സംശയാസ്പദമാണ്. ഇവരില്‍നിന്ന് പിടിച്ചെടുത്ത പലതരത്തിലുള്ള തോക്കുകള്‍ കശ്മീരില്‍നിന്ന് ശേഖരിച്ചവയാണെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് ഇതിന്റെ രേഖകള്‍ കശ്മീരിലെ രജൗരിയിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തോക്കിന്റെ രേഖകള്‍ രജൗരിയില്‍നിന്ന് നല്‍കിയതല്ലെന്ന് അവിടുത്തെ എഡിഎം സ്ഥിരീകരിച്ചിരിക്കുകയാണ്. അപ്പോള്‍പ്പിന്നെ എങ്ങനെയാണ് ഇവര്‍ക്ക് തോക്കു ലഭിച്ചതെന്നും, ഇതിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നുമുള്ള സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘം കശ്മീരിലേക്ക് പോകുമെന്നാണ് വിവരം. കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികളും മിലിറ്ററി ഇന്റലിജന്‍സുമൊക്കെ പ്രശ്നം ഗൗരവത്തിലെടുക്കുകയും, വിവരങ്ങള്‍ പരിശോധിച്ചുവരികയുമാണ്. ഭീകരവാദത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ കശ്മീര്‍ കണക്ഷന് കുപ്രസിദ്ധമാണല്ലോ. ഭീകരപ്രവര്‍ത്തനത്തിനുള്ള പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് മലയാളികള്‍ സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ് മരിച്ച സംഭവം ആരും മറന്നിട്ടില്ല.
അഫ്ഗാന് പൗരനായ ഒരാള്‍ കൊച്ചിയിലെ ഷിപ്പ്യാര്ഡില് അനധികൃതമായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി പിടികൂടിയിട്ട് അധികനാളായില്ല. അവിടെ നിര്‍മാണത്തിലിരുന്ന ഐഎന്‍എസ് വിക്രാന്തിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍ മോഷണം പോയതില്‍ ഇയാളുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്. പ്രതിരോധ മന്ത്രി ഷിപ്പ്യാര്ഡ് സന്ദര്‍ശിച്ച വേളയിലും ഈ അഫ്ഗാന്കാരന് അവിടെ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനിടെ പാക്കിസ്ഥാനിലേക്ക് കടക്കാന്‍ പദ്ധതിയിട്ട് പതിമൂന്നുപേരടങ്ങുന്ന സംഘം ഒരു ബോട്ടില്‍ ശ്രീലങ്കയില്‍നിന്ന് കേരളത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയുണ്ടായി. ആയുധങ്ങളും മയക്കുമരുന്നുമൊക്കെ ഉള്ളതായി കരുതപ്പെടുന്ന ഈ ബോട്ടിലെ സംഘം ഇപ്പോഴും കേരളത്തില്‍ തങ്ങുന്നതായാണ് കേന്ദ്ര ഏജന്‍സികള്‍ കരുതുന്നത്. സംസ്ഥാന പോലീസ് സംഭവം നിസ്സാരവല്‍ക്കരിക്കുകയാണ്. തമിഴ്നാട് നല്കിയ മുന്നറിയിപ്പ് കേരളം അവഗണിച്ചതിന്റെ ഫലമായി കളിയക്കാവിള അതിര്‍ത്തിയില്‍ ഒരു എഎസ്ഐ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായല്ലോ. ഒരു സംഘം തീവ്രവാദികള്‍ കേരളത്തിലെത്തിയതായി കര്‍ണാടക സര്‍ക്കാരും കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്കുകയുണ്ടായി. കേരളത്തിന്റെ രാഷ്ട്രീയ-ഭരണ കാലാവസ്ഥ ഇവിടെ ഒളിച്ചുകഴിയാന്‍ സഹായകമാണെന്ന് തിരിച്ചറിഞ്ഞാണ് തീവ്രവാദികളുടെ വരവ്.
അഫ്ഗാനില്‍ അധികാരം പിടിച്ച താലിബാന് അവിടുത്തെ ജയിലുകളില്‍നിന്ന് തുറന്നുവിട്ട ഇന്ത്യക്കാരായ ഇരുപത്തിയഞ്ച് ഐഎസ് ഭീകരര്‍ കേരളത്തിലും എത്തിച്ചേരാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കുന്ന മുന്നറിയിപ്പ് അതീവ ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതാണ്. ഈ ഭീകരരില്‍ അധികം പേരും മലയാളികളുമാണത്രേ. കശ്മീരിലെ ഭീകരവാദത്തെ സഹായിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നാണ് അഫ്ഗാനിലെ താലിബാന് ഒടുവിലായി പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാന്റെ മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന മുന്‍നിലപാട് തള്ളിയാണ് താലിബാന്റെ പുതിയ ഭീഷണി. പാക്കിസ്ഥാന്റെ സഹായത്തോടെ താലിബാനെ പൂര്‍ണമായി നിയന്ത്രിക്കുന്നത് ചൈനയാണ്. തങ്ങളുടെ ഇന്ത്യാ വിരോധം തീര്‍ക്കാന്‍ താലിബാന് ഭീകരരെ ചൈന ഉപയോഗിക്കുമെന്ന് ഉറപ്പാണ്. ചൈനയോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തുകയും, ആ രാജ്യത്തിന്റെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഇടതുപാര്‍ട്ടികളാണ് കേരളം ഭരിക്കുന്നത്. ഐഎസായാലും അല്‍ഖ്വയ്ദയായാലും താലിബാനായാലും സിപിഎമ്മിന് ഒരുപോലെയാണ്. ഈ ഭീകര സംഘടനകളുടെ ഇന്ത്യാ വിരോധം സിപിഎമ്മിന് പൂര്‍ണമായും സ്വീകാര്യമാണ്. മതത്തിന്റെ പേരില്‍ കൂട്ടക്കൊല നടത്തി അധികാരം പിടിച്ചിരിക്കുന്ന താലിബാനെ വിമര്‍ശിക്കാന്‍ ഇതുവരെ സിപിഎം തയ്യാറായിട്ടില്ല എന്നത് നിസ്സാരവല്‍ക്കരിക്കാനാവില്ല. അവര്‍ക്ക് അധികാരമുള്ള ഒരേയൊരു സംസ്ഥാനമായ കേരളം തങ്ങളുടെ സ്വന്തം നാടായി ഇസ്ലാമിക ഭീകരവാദികള്‍ക്ക് തോന്നുന്നത് സ്വാഭാവികമാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: