മലബാറിലെ മാപ്പിള കലാപം ഓര്‍ക്കാനേ പാടില്ല. ബ്രിട്ടീഷുകാരുടെ ക്രൂരതയും ഓര്‍മപ്പെടുത്തരുത്. നൂറുകണക്കിന് ആളുകളുടെ തലവെട്ടി കിണറ്റിലിട്ടതിന്റെ നൂറാം വാര്ഷികമാണെങ്കില്പോലും. എന്നാലും കൂട്ടക്കൊലയ്ക്കും മാനഭംഗങ്ങള്‍ക്കും മതംമാറ്റത്തിനും നേതൃത്വം നല്‍കിയവരെ ഓര്‍ക്കാം. സ്മാരകം പണിയാം. അതിനെ ന്യായീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നത് മുസ്ലീംലീഗുമാത്രമാണെങ്കില് ക്ഷമിക്കാം. എന്നാല്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ചരിത്രകാരെന്നവകാശപ്പെടുന്നവര്ക്കും അത് സഹിക്കുന്നില്ല. അതുപോലെ തന്നെയാണ് അമൃത്സറിലെ ബ്രിട്ടീഷുകാരുടെ കൊടുംക്രൂരതയെ കുറിച്ചുള്ള നിലപാട്.
നൂറുവര്‍ഷം പിന്നിട്ടതാണ് അമൃത്സറിലെ ജാലിയന്‍വാലാബാഗ് രക്തസാക്ഷി സ്മാരകം. അത് നവീകരിച്ചതിനെതിരായി ഇടത് നേതാക്കളുടേയും ഇടതു ചരിത്രകാരന്മാരുടേയും വാക്കുകള്‍ ഏറ്റുപിടിച്ച് രാഹുലും രംഗത്തുവന്നിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ രക്തസാക്ഷികളെ അപമാനിച്ചുവെന്നും കണ്ടെത്തിയിരിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗ്, രാഹുലിന്റെ ആക്ഷേപത്തെ കൈയോടെ തള്ളി. എന്താണ് അവിടെ നിന്ന് മാറ്റിയതെന്ന് മനസ്സിലാവുന്നില്ലെന്നും തന്നെ സംബന്ധിച്ചിടത്തോളം നവീകരണം മികച്ച രീതിയിലാണ് പൂര്‍ത്തിയാക്കിയതെന്ന അഭിപ്രായമാണുള്ളതെന്നും കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി പ്രതികരിച്ചു. നവീകരിച്ച ജാലിയന്‍വാലാബാഗിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വ്വഹിച്ചത്.
ഇടതു ചരിത്രകാരന് ഇര്ഫാന് ഹബീബൂം കമ്യൂണിസ്റ്റ് നേതാക്കളുമാണ് പൊട്ടിപ്പൊളിഞ്ഞുകിടന്ന ജാലിയന്‍വാലാബാഗ് സ്മാരകം നവീകരിച്ചതിനെതിരേ ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രസ്താവന. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം പ്രമാണിച്ചാണ് പൊളിഞ്ഞ ചുമരുകള്‍ പുതുക്കി പണിതും മ്യൂസിയം നവീകരിച്ചും ജാലിയന്‍വാലാബാഗ് സംഭവത്തിന്റെ കഥ പറയുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സൗജന്യമായി പ്രദര്‍ശിപ്പിച്ചും കേന്ദ്ര സാംസ്കാരിക മന്ത്രാലയം നന്നാക്കിയത്. ഇരുപത് കോടി രൂപ ഇതിനായി ചെലവഴിച്ചു. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഇടതു കേന്ദ്രങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്ത ബിജെപിക്ക് രക്തസാക്ഷി സ്മാരകത്തിന്റെ പ്രാധാന്യമറിയില്ലെന്നാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം.
ബിജെപിയും അതിന്റെ പൂര്‍വ രൂപമായ ജനസംഘവും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നതില് തര്‍ക്കമില്ല. സ്വതന്ത്രഭാരതത്തില്‍ പിറന്നതാണല്ലൊ ഈ പാര്‍ട്ടികള്‍. സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ പിറന്നതല്ലെ കമ്യൂണിസ്റ്റ്പാര്‍ട്ടി. സ്വാതന്ത്ര്യസമരത്തോടുള്ള അവരുടെ നിലപാടെന്തായിരുന്നു. ബ്രിട്ടീഷുകാരുടെ കങ്കാണിപണിയല്ലെ നടത്തിപ്പോന്നത്. 1942ലെ ക്വിറ്റ് ഇന്ത്യാ സമരം ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിലെ നിര്‍ണായക ഭാഗമല്ലെ. അതിനോടുള്ള കമ്യൂണിസ്റ്റ് നിലപാടെന്തായിരുന്നു.
സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായിരുന്നോ യെച്ചൂരി? ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ സ്വാതന്ത്ര്യസമരം നയിച്ചവരെത്രയുണ്ട്? രാഹുലും അമ്മ സോണിയയും ഏത് കാലത്താണ് ജനിച്ചതും ഇന്ത്യയിലെത്തിയതും. ഒരിക്കലെങ്കിലും ജാലിയന്‍ വാലാബാഗില്‍ സന്ദര്‍ശിച്ചിട്ടുണ്ടോ ഇരുവരും? അവിടെ ഇപ്പോള്‍ എന്തുചെയ്തു എന്നറിയും മുന്നേ കമ്യൂണിസ്റ്റുകാരെ പിന്തുണച്ചത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്പത്തമാണ്.
സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ് 1919 ഏപ്രില്‍ 13ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ്.ഇ.എച്ച്.ഡയര്‍ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നല്‍കിയത്. ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകള്‍ ജാലിയന്‍വാലാബാഗില്‍ ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയര്‍ തന്റെ ഗൂര്‍ഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാന്‍ ഡയര്‍ ഉത്തരവിടുകയായിരുന്നു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടര്‍ന്നു. വെടിക്കോപ്പ് തീരുന്നതുവരെ. ഏതാണ്ട് 1,650 റൗണ്ട് വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേര് മരണമടഞ്ഞു, ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റു. യഥാര്‍ത്ഥത്തില്‍ ആയിരത്തിലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു.
യോഗം തുടങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഡയര്‍, 90 അംഗങ്ങള്‍ വരുന്ന ഒരു ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു. യന്ത്രവത്കൃതതോക്കുകള്‍ ഘടിപ്പിച്ച രണ്ട് വാഹനങ്ങള്‍കൂടി ആ സേനയോടൊപ്പം കൊണ്ടുവന്നിരുന്നു. എന്നാല്‍ മൈതാനത്തിലേക്കുള്ള വഴി തീരെ ചെറുതായിരുന്നതിനാല്‍ ആ വാഹനങ്ങള്‍ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജാലിയന്‍വാലാബാഗ് മൈതാനം മതിലുകളാല്‍ ചുറ്റപ്പെട്ടതാണ്, മൈതാനത്തിലേക്കുള്ള വാതിലുകള്‍ തീരെ ഇടുങ്ങിയതുമാണ് അതില്‍ തന്നെ പലതും സ്ഥിരമായി അടച്ചിട്ടിരിക്കുകയുമാണ്. പ്രധാന വാതിലാണ് താരതമ്യേന വലിപ്പം കൂടിയതെങ്കിലും, ആ പ്രവേശനവാതില്‍ ഡയര്‍ സൈനികരെക്കൊണ്ടും വാഹനത്തെക്കൊണ്ടും അടച്ചിരുന്നു.
മുന്നറിയിപ്പു നല്‍കാതെ തന്നെയാണ് വെടിവെപ്പിന് ഉത്തരവിട്ടത്. ഇന്ത്യാക്കാരെ ഒരു പാഠം പഠിപ്പിക്കുവാനായിരുന്നു ആ നടപടിയെന്ന് ഡയര്‍ പിന്നീട് പറയുകയുണ്ടായി. അപ്രതീക്ഷിതമായി വന്ന ഈ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനായി, ജനങ്ങള്‍ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള ഒരു ചെറിയ കിണറിലേക്ക് ചാടി. 120 മൃതശരീരങ്ങളാണ് ഈ ചെറിയ കിണറില്‍ നിന്നുമാത്രമായി ലഭിച്ചത്. കിണര്‍ കാട് മൂടിക്കിടക്കുകയായിരുന്നു.
ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ഓര്‍മ്മക്കായി 1963ലാണ് ഇവിടെ ഒരു സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം പണിയുവാന്‍ ഒരു ട്രസ്റ്റ് രൂപീകരിക്കുവാനും കോണ്‍ഗ്രസ്സ് തീരുമാനിച്ചിരുന്നു. 1923ല്‍ ഈ ട്രസ്റ്റ് ജാലിയന്‍വാലാബാഗ് സ്വന്തമാക്കുകയും ചെയ്തു.
എലിസബത്ത് രാജ്ഞി ജാലിയന്‍വാലാബാഗ് സ്മാരകം സന്ദര്‍ശിക്കുകയും രക്തസാക്ഷിസ്മാരകത്തിനു മുന്നില്‍ നിശ്ശബ്ദമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. 2013 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ജാലിയന്‍വാലാബാഗ് സ്മാരകം സന്ദര്‍ശിക്കുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമായിരുന്നു ജാലിയന്‍വാലാബാഗ് കൂട്ടക്കൊല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങിനെ പറയാന്‍പോലും ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസ്സുവരുന്നില്ല. ഗുജറാത്തില്‍ പട്ടേലിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചതുപോലും അംഗീകരിക്കാതിരിക്കുകയും അവഹേളിക്കുകയും ചെയ്തവരാണിവര്‍. അതുതന്നെയാണ് രക്തസാക്ഷി സ്മാരകത്തോടും സ്വീകരിച്ചിരിക്കുന്ന നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: