ന്യൂദല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനം ഭീതിജനകമാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് നടത്തിയ പരാമര്‍ശങ്ങളില്‍ പിണറായി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന് കൊവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഈ സമയത്ത് പരീക്ഷ നടത്തുന്നത് കുട്ടികളെ ആപത്തിലാക്കുമെന്നും വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്ന സപ്തംബര്‍ 13 വരെയാണ് പരീക്ഷ വിലക്കിയത്.
ഇതിനിടെ ജസ്റ്റിസ് ഋഷികേശ് റോയ് കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ചു. ”ഞാന്‍ കേരളത്തില്‍ ചീഫ് ജസ്റ്റിസായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. എന്നിട്ടും കൊവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞില്ലേയെന്നും അദേഹം ചോദിച്ചു.
രാജ്യത്തെ കൊവിഡ് ബാധിതരില്‍ 70 ശതമാനവും കേരളത്തിലാണ്, പ്രതിദിനം 30,000ത്തലേറെ പേര്‍ക്കാണ് രോഗ ബാധ. കുട്ടികളെ ആപത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഋഷികേശ് റോയ്, സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ കൊവിഡ് വ്യാപനം സര്‍ക്കാര്‍ കണക്കിലെടുത്തില്ലേയെന്ന് കോടതി ആരാഞ്ഞു. നിലവിലുള്ള സാഹചര്യം ഗൗരവകരമായി പരിഗണിക്കാതെയാണ് സപ്തംബറില്‍ത്തന്നെ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ട്.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ആപത്താണെന്ന് ഹര്‍ജിക്കാരനായ റസൂല്‍ ഷാനിനു വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് പദ്മനാഭന് പറഞ്ഞു. സപ്തംബര്‍ ആറു മുതല്‍ 27 വരെയായി നടത്തുന്ന പരീക്ഷയില്‍ മൂന്നു ലക്ഷം കുട്ടികളാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാലു ലക്ഷം കുട്ടികള്‍ പങ്കെടുത്ത എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലില്‍ വിജയകരമായി നടത്തിയെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ. സി.കെ. ശശി മറുവാദമായി പറഞ്ഞു. ജൂലൈയില്‍ എന്‍ട്രന്‍സ് നടന്ന കാര്യവും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഏപ്രിലിനു ശേഷം സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി.
കുട്ടികളില്‍ ഒരാള്‍ക്കു പോലും കൊവിഡ് ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു തരൂ. ഏതെങ്കിലും ഒരാള്‍ക്ക് ബാധിച്ചാല്‍ നിങ്ങള്‍ ആയിരിക്കും ഉത്തരവാദിയെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് വരുന്നു കുട്ടികള്‍ ഒന്നിച്ചിരുന്ന് പരീക്ഷ എഴുതിയാല്‍ കൊവിഡിന്റെ അതിവ്യാപനമാകും ഫലമെന്ന് ജസ്റ്റിസ് സി.ടി. രവികുമാറും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: