കോഴിക്കോട് : കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസാന വാക്ക് കെപിസിസി പ്രസിഡന്റാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോണ്‍ഗ്രസ്സിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുകയാണ് ലക്ഷ്യം. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നോ കമന്റ്സ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്താതെ സംഘടനയെ കുറിച്ച് താന്‍ സംസാരിക്കില്ലെന്നും വി.ഡി. സതീശന് പറഞ്ഞു.
കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഇല്ല എന്നുപറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ല. താന്‍ കെപിസിസി പ്രസിഡന് സ്ഥാനത്ത ഇരുന്നപ്പോള്‍ ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോയി. 17 വര്‍ഷം സംസ്ഥാന കോണ്‍ഗ്രസ്സിന് വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്റെ അഭിപ്രായം തേടിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയെ മാറ്റിനിര്‍ത്തരുത്. എഐസിസിസി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവുമാണ് അദ്ദേഹം. സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായം തേടേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല ഇന്ന് രാവിലെ കോട്ടയം ഡിസിസി അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പ്രസ്താവന നടത്തിയിരുന്നു.
അതേസമയം ആറ് മാസത്തിനുള്ളില്‍ കോണ്‍ഗ്രസ്സില്‍ സംഘടനാപരമായ മാറ്റമുണ്ടാകുമെന്ന് വി.ഡി. സതീശന് പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിനോട് എതിര്‍പ്പില്ല. കേരളത്തില്‍ സംഘടന തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തീരുമാനിക്കാനാവില്ല.അത് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്.
മരം മുറിയിലെ പ്രതികള്‍ ഒളിവില്‍ താമസിച്ചത് എവിടെയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കണം. പോലീസില്‍ ആഭ്യന്തര വകുപ്പിന് നിയന്ത്രണില്ലാതായിരിക്കുന്നു. തെറ്റ് ചെയ്യുന്ന പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്നില്ല. സംസ്ഥാന പോലീസിന്റെ തേര്‍വാഴ്ച അവസാനിപ്പിക്കണം. കുഞ്ഞുങ്ങളോടും സ്ത്രീകളോടും അപമര്യാദയായി പെരുമാറുന്ന ഒരു സംഘം പോലീസിലുണ്ട്.
കൊവിഡ് കാലത്തെ നല്ല പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തുന്ന നടപടിയാണ് ഈ വിഭാഗത്തിന്റേത്. കുറ്റം ചെയ്യുന്ന പോലീസുകാര്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. പോലീസിനെതിരായ സിപിഐ നേതാവ് ആനി രാജയുടെ ആരോപണം ഗുരുതരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: