ഇടുക്കി: കെഎസ്ഇബി ആറ് ദിവസത്തിനിടെ വില്‍പ്പന നടത്തിയത് 47.77 കോടിയുടെ വൈദ്യുതി. ഉത്തരേന്ത്യയിലെ വിവിധ താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമമുണ്ടായതോടെയാണ് വൈദ്യുതി വില കുതിച്ചുയര്‍ന്നത്. യൂണിറ്റിന് ശരാശരി 35 രൂപ വരെ വിലയുണ്ടായിരുന്നത് ഇതോടെ 10 രൂപയിലേക്കെത്തി. മഴക്കാലത്ത് വളരെ അപൂര്‍വമായാണ് ഇത്തരത്തില്‍ ഉയര്‍ന്ന വില ലഭിക്കുന്നതെന്നും നിലവില്‍ വൈദ്യുതി വില കുറഞ്ഞുവരികയാണെന്നും എസ്എല്‍ഡിസി അധികൃതര്‍.
ആഗസ്റ്റ് 26ന് ആണ് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. അന്ന് 3.45 മില്യണ്‍ യൂണിറ്റ് വൈദ്യുതി 12.28 രൂപ യൂണിറ്റിന്(4.24 കോടി) എന്ന നിരക്കിലാണ് വിറ്റത്. ഏറ്റവും കൂടിയ തുക ഒരുദിവസം കിട്ടിയത് 28ന് ആണ്. അന്ന് മാത്രം 13.541 കോടിയുടെ വൈദ്യുതി വിറ്റു. 27ന് 3.34 കോടിയുടെയും 29ന് 12.39 കോടിയുടേയും വില്‍പ്പന നടന്നു. 30ന് 9.53, 31ന് 4.70 കോടി രൂപയുടേയും വൈദ്യുതി വിറ്റു.
സംസ്ഥാനത്ത് ലോക്ഡൗണിനെ തുടര്‍ന്ന് ഉപഭോഗം കുറഞ്ഞതിനാല്‍ ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള പുറം വൈദ്യുതി ആവശ്യാനുസരണം വാങ്ങുകയും സറണ്ടര്‍ (തിരികെ നല്‍കുക) ചെയ്യുകയുമാണ് കെഎസ്ഇബി ചെയ്യുന്നത്. വാങ്ങുന്നതിലും കൂടുതല്‍ വില ലഭിക്കുമ്പോള്‍ വൈദ്യുതി വില്‍പ്പനയും നടത്തും. മഴക്കാലം ആരംഭിച്ച ശേഷം ഇതുവരെ ഏതാണ്ട് 250 കോടിയോളം രൂപയുടെ വൈദ്യുതിയാണ് കെഎസ്ഇബി വിറ്റത്.
സംസ്ഥാനത്ത് 22 ശതമാനം മഴ കുറഞ്ഞപ്പോഴും കെഎസ്ഇബിയുടേയും ജലസേചന വകുപ്പിന്റെയും സംഭരണികളില്‍ അവശേഷിക്കുന്നത് മികച്ച ജലശേഖരം. കെഎസ്ഇബിയുടെ പ്രധാനപ്പെട്ട സംഭരണികളിലാകെ അവശേഷിക്കുന്നത് 72% വെള്ളമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 66.49% ആയിരുന്നു ഇത്.
നിലവിലെ വെള്ളമുപയോഗിച്ച് 2967.13 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഇടുക്കിയില്‍ 70% വെള്ളം അവശേഷിക്കുന്നുണ്ട്. 2375.94 അടിയാണ് ജലനിരപ്പ്. രണ്ടാം ലോക്ഡൗണിനെ തുടര്‍ന്നെത്തിയ വൈദ്യുതി ഉത്പാദനത്തിലെ കുറവാണ് മഴ കുറഞ്ഞപ്പോഴും ജലനിരപ്പ് താഴാതിരിക്കാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: