കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ തെലങ്കാനയില്‍ അറസ്റ്റിലായ പ്രതിയുടെ വെളിപ്പെടുത്തലില്‍ കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്കും ഈ ശൃംഖലയുമായി ബന്ധമെന്ന് സംശയം. കഴിഞ്ഞ ദിവസം സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ തെലങ്കാനയില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശി റസലാണ് തെലുങ്കാന പൊലീസിനോട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
നയതന്ത്ര ബാഗേജ് ഉള്‍പ്പെടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ പ്രധാനപ്രതികളിലൊരാളായ കെ.ടി. റമീസിന് വേണ്ടി നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് റസ്സല്‍ നല്കിയ മൊഴി. ഇതോടെ റമീസിനെ അന്വേഷണ സംഘം ഇയാളെ വൈകാതെ ഹൈദരാബാദിലെത്തിച്ച് ചോദ്യം ചെയ്യും. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് മറയാക്കി സ്വർണം കടത്തിയതിന് കസ്റ്റംസും എന്‍ഐഎയും എന്‍ഫോഴ്സമെന്റും രജിസ്റ്റർ ചെയ്ത കേസുകളില്‍ പ്രതിയാണ് കെ.ടി. റമീസ്. റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നും സ്വർണം കടത്താന്‍ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്കും കടത്ത് സംഘത്തിനുമിടയിലെ ഏജന്റായി പ്രവർത്തിച്ചിട്ടുണ്ടെന്നും റസ്സല്‍ തെലങ്കാന പൊലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്.
റസലിനെ 2020ല്‍ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളത്ത് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. റസലും ഇതേ കേസില്‍ പ്രതിയായ ഇപ്പോൾ ഒളിവില്‍ കഴിയുന്ന മലപ്പുറം സ്വദേശി സലീം പുന്നക്കോട്ടിലും കോഴിക്കോട് കേസിലെ പ്രതികളും ചേർന്നാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയതെന്നാണ് കേരള പൊലീസിന്റെ കണ്ടെത്തല്‍.
സമാന്തര എക്സ്ചേഞ്ചുകൾക്ക് വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ സിംകാർഡുകളെത്തിച്ചു നല്കിയതും റസ്സലാണെന്ന് പറയപ്പെടുന്നു. ഈ സിംകാർഡുകളുപയോഗിച്ച് ഓൺലൈന്‍ പെയ്മെന്റ് ആപ്പുകൾ വഴി സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ സ്വർണ ഖനനം നടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലും കേസിലെ പ്രതികൾ എക്സ്ചേഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. പി.വി. അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വര്‍ണ്ണഖനികളില്‍ ഖനനബിസിനസ് ആരംഭിച്ചതിനെച്ചൊല്ലി ചില സംശയങ്ങള്‍ ഉയരുന്നുണ്ട്.
നേരത്തെ കൊയിലാണ്ടിയില്‍ സ്വർണ കടത്ത് കാരിയറായ ഹനീഫയെ തട്ടികൊണ്ടുപോയ കടത്ത് സംഘം മോചിപ്പിക്കാന്‍ പണമാവശ്യപ്പെട്ട് വിളിച്ചത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ എന്‍ഐഎ ഉദ്യോഗസ്ഥർ വീണ്ടും കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് സംബന്ധിച്ച് ചില വിവരങ്ങൾ ശേഖരിച്ചു.
തീവ്രവാദബന്ധമടക്കം ആരോപിക്കപ്പെടുന്ന കേസില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകൾ പുറത്തുവരുമോയെന്നാണ് ഇനി അറിയേണ്ടത്. കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവം ഗൗരവമായി അന്വേഷണിക്കുമെന്നും ഇതിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോയെന്ന് പ്രത്യേകം അന്വേഷിക്കുമെന്നും നേരത്തെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരായ ബെന്നി ബെഹനാനും കൊടിക്കുന്നില്‍ സുരേഷും നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ അഭിപ്രായപ്രകടനം.
വിദേശത്തേക്കടക്കം ഫോണ്‍ ചെയ്യാവുന്ന സംവിധാനമാണ് ഈ സമാന്തര ടെലിഫോണ്‍ എക്സിചേഞ്ചിലുള്ളത്. ഇതിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്ന സംശയം കേരളത്തില്‍ നിന്നുള്ള എംപിമാരും കേന്ദ്രന്ത്രിയ്ക്ക് മുമ്പാകെ പ്രകടിപ്പിച്ചിരുന്നു. അതിനാലാണ് അടിയന്തര ശ്രദ്ധ വിഷയത്തില്‍ പതിയണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടത്.
കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി ഡിസിപി സ്വപ്നില്‍ എം. മഹാജന് പറഞ്ഞു. അറസ്റ്റിലായ ഒരു ആളില്‍ നിന്നും 713 സിം കാര്‍ഡുകള്‍ പിടിച്ചെടുത്തതായും ഡിസിപി പറഞ്ഞു. ഇത്രയും സിമ്മുകള്‍ ഇവരെങ്ങിനെ വാങ്ങിയെന്നും ഭീകരവാദപ്രവര്‍ത്തിനാണോ ഇതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും ഡിസിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: