സ്ഥാനത്തും അസ്ഥാനത്തും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അനാവശ്യ വിവാദമുണ്ടാക്കുക എന്നത് സോണിയാ കോണ്‍ഗ്രസ്സിന്റെ ഒരു ശൈലിയാണ്. പരാജയത്തില്‍നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോഴും കോണ്‍ഗ്രസ്സിനെ ഗംഭീരമായി നയിക്കുകയാണെന്ന് പാര്‍ട്ടി നേതാക്കള്‍ കരുതുന്ന രാഹുല്‍ ഈ ഒരു കാര്യം മാത്രമാണ് ചെയ്യുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തുചെയ്താലും അതിനെ വിമര്‍ശിച്ചില്ലെങ്കില്‍ തങ്ങളുടെ പാര്‍ട്ടിക്കൂറ് സംശയിക്കപ്പെടുമെന്ന മാനസികാവസ്ഥയിലാണ് പല കോണ്‍ഗ്രസ് നേതാക്കളും. മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് ഈ നേതാക്കള്‍ നെഹ്റു കുടുംബത്തോടുള്ള വിധേയത്വം പുലര്‍ത്തുന്നത്. സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവ് ആയി കേന്ദ്രസര്‍ക്കാര്‍ ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐസിഎച്ച്ആര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ഡിജിറ്റല്‍ പോസ്റ്റര്‍ പുറത്തിറക്കുകയുണ്ടായി. ഇതില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയില്ലെന്ന് പറഞ്ഞ് സോണിയയോട് വിധേയത്വം പുലര്‍ത്തുന്ന ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തുവരികയുണ്ടായി. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ബി.ആര്. അംബേദ്കര്‍, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, രാജേന്ദ്ര പ്രസാദ്, വീര സവര്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം നെഹ്റുവിനെ കാണാത്തതാണ് കോണ്‍ഗ്രസ്സുകാരെ അമര്‍ഷംകൊള്ളിച്ചത്. അതേസമയം ജി-23 വിഭാഗത്തില്‍പ്പെടുന്ന വിമത നേതാക്കള്‍ നിശബ്ദത പാലിച്ചത് ശ്രദ്ധേയമാണ്.
എന്താണ് ഇക്കാര്യത്തില്‍ സംഭവിച്ചതെന്ന് അന്വേഷിക്കാനുള്ള സാവകാശം കാണിക്കാതെയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ വാളെടുത്തത്. ഐസിഎച്ച്ആര്‍ നല്കിയ വിശദീകരണം ഇക്കൂട്ടരുടെ സങ്കുചിതരാഷ്ട്രീയത്തെ തുറന്നു കാണിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അന്‍പതോളം സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി പോസ്റ്ററുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ ഒരെണ്ണം മാത്രമാണ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ഈ പോസ്റ്ററില്‍ ഉള്‍പ്പെടാത്ത ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ളവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷിച്ച് ഈ വിവരം മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ അതിനു നില്‍ക്കാതെ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാതിരിക്കാനുള്ള തിടുക്കമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ കാണിച്ചത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യസമരത്തില്‍ നെഹ്റു ഉള്‍പ്പെടെയുള്ള നേതാക്കളുടെ പങ്കിനെ പരാമര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയ്ക്ക് ഇതിനു മുന്‍പും മോദി അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ ഇതൊക്കെ ബോധപൂര്‍വം വിസ്മരിച്ചുകൊണ്ട് നെഹ്റുവിന്റെ പേരില്‍ ബഹളമുണ്ടാക്കുന്ന രീതി അനുവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്സ്.
രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത് നെഹ്റു കുടുംബമാണെന്ന തെറ്റിദ്ധാരണ പടര്‍ത്താന്‍ കോണ്‍ഗ്രസ്സ് എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇതിനുവേണ്ടി മഹാത്മാഗാന്ധിയുടെ പങ്കുപോലും അവഗണിച്ചു. ഇങ്ങനെയൊരു ചരിത്രം കെട്ടിച്ചമച്ച് പേടകത്തിനുള്ളിലാക്കി ഭൂമിക്കടിയില്‍ കുഴിച്ചിടുകപോലും ചെയ്തു ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍. ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇത് പുറത്തെടുത്ത് കളയുകയായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിന് ഒരു പങ്കുണ്ട്. അതു പക്ഷേ കോണ്ഗ്രസ്സുകാര് അവകാശപ്പെടുന്നതുപോലെ അത്രയ്ക്ക് മഹത്തരമൊന്നുമല്ല. നെഹ്റു പ്രഥമ പ്രധാനമന്ത്രിയായതും, അതിനുവേണ്ടി പിതാവ് മോത്തിലാല്‍ നെഹ്റു ചെലുത്തിയ സ്വാധീനവുമൊക്കെ ചരിത്രമറിയുന്നവരില്‍നിന്ന് മറച്ചുപിടിക്കാനാവില്ല. അധികാരം ലഭിച്ചപ്പോള്‍ ഇതേ നെഹ്റു ചെയ്തത് തികഞ്ഞ സ്വജനപക്ഷപാതമണ്. മകള്‍ ഇന്ദിരയെ പ്രധാനമന്ത്രിയാക്കുക മാത്രമല്ല ചെയ്തത്. സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെ മന്ത്രിസഭയിലെടുത്തു. ഇവരുടെ മകളെയും മറ്റ് കുടുംബാംഗങ്ങളെയും അധികാരസ്ഥാനങ്ങളില്‍ കയറ്റിയിരുത്താനും നെഹ്റു മടിച്ചില്ല. മകള്‍ ഇന്ദിരയും ഇതുതന്നെ ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മുപ്പത്തിയെട്ടുവര്‍ഷം പ്രധാനമന്ത്രിമാരായി വാഴിക്കപ്പെട്ടത് നെഹ്റു കുടുംബക്കാരാണ്. യാതൊരു കുറ്റബോധവുമില്ലാതെ ഇങ്ങനെയൊക്കെ ചെയ്തുകൂട്ടിയവരാണ് ഇപ്പോള്‍ തങ്ങളെ അവഗണിക്കുന്നുവെന്ന് മുറവിളി കൂട്ടുന്നത്. കുടുംബവാഴ്ച അസ്തമിച്ചിരിക്കുന്നു. ചരിത്രം നടത്തുന്ന കണക്കെടുപ്പില്‍ അര്‍ഹിക്കുന്ന പദവി മാത്രമേ നെഹ്റു കുടുംബത്തിന് ലഭിക്കുകയുള്ളൂ. വിലപിച്ചിട്ട് കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: