വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് സേന ഉപേക്ഷിച്ചുപോയ 73 യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും താലിബാന് തീവ്രവാദികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം നിര്‍വ്വീര്യമാക്കി യുഎസ് സേന. ഇതോടെ ഇതെല്ലാം ഉപയോഗിക്കാമെന്ന താലിബാന്റെ മോഹം തകര്‍ന്നു.
യുഎസ് സൈനികര്‍ അവസാനമായി പിന്‍വാങ്ങുന്നതിന് മുന്‍പ് 73 യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും ഉപയോഗശൂന്യമാക്കിയതായി യുഎസ് ജനറല്‍ അറിയിച്ചു. ഈ യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും താലിബാന്റെ കൈകളില്‍ എത്താതിരിക്കാനായിരുന്നു യുഎസ് സേന ഇങ്ങിനെ ചെയ്തത്.
കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന 73 വിമാനങ്ങള്‍ നിര്‍വ്വീര്യമാക്കിയതായി യുഎസിന്റെ സെന്‍ട്രല്‍ കമാന്റ് മേധാവി ജനറല്‍ കെന്നത്ത് മക്ന്‍സി പറഞ്ഞു. യുഎസ് സേനാംഗങ്ങള്‍ തന്നെയാണ് മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ഈ വിമാനങ്ങള്‍ ഉപയോഗ്യശൂന്യമാക്കിയത്.
‘ഈ വിമാനങ്ങള്‍ ഇനി ആര്‍ക്കും പറപ്പിക്കാന്‍ കഴിയില്ല…ഇനിയാര്‍ക്കും ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല,’ ജനറല്‍ കെന്നത്ത് മക്ന്‍സി പറഞ്ഞു. ‘ഈ വിമാനങ്ങളെല്ലാം യുദ്ധ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാത്തവയാണ്. എന്തായാലും ഇനിയൊരിക്കലും ഇവ പറപ്പിക്കാന്‍ കഴിയില്ല,’- അദ്ദേഹം പറഞ്ഞു.
ആഗസ്ത് 14 മുതലാണ് സൈനികരെ യുഎസിലേക്ക് തിരിച്ചയച്ച് തുടങ്ങിയത്. പിന്മാറ്റം സുഗമമാക്കാന്‍ 6000 സേനാംഗങ്ങളെ പെന്റഗണ്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് അയച്ചിരുന്നു. 70 ഓളം എംആര്‍എപി വിഭാഗത്തില്‍പ്പെട്ട സായുധ തന്ത്രപ്രധാന യുദ്ധവാഹനങ്ങളും നിര്‍വ്വീര്യമാക്കിയിട്ടുണ്ട്. 27 ഹംവീസും നിര്‍വ്വീര്യമാക്കി. യുഎസിലെ പേരുകേട്ട മിലിറ്ററി ട്രക്കുകളാണ് ഹംവി. ഇനിയാര്‍ക്കും ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
കാബൂള്‍ വിമാനത്താവളത്തെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടി ഉയര്‍ത്തിയ സി-റാം സംവിധാനങ്ങളും നിര്‍വ്വീഹര്യമാക്കിയിട്ടുണ്ട്. തിരിച്ചടിക്കാനുള്ള റോക്കറ്റ്, ആര്‍ട്ടിലറി, മോര്‍ട്ടാറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സംവിധാനം. ‘സൈനികര്‍ പിന്മാറുന്ന അവസാനനിമിഷം വരെ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി നിര്‍ത്തിയിരുന്നു. പിന്നീട് ഇത് നിര്‍വ്വീര്യമാക്കി. ഈ സംവിധാനങ്ങള്‍ അങ്ങേയറ്റം സങ്കീര്‍ണ്ണമായവയും നേരെയാക്കാന്‍ ഏറെ സമയമെടുക്കുന്നവയുമാണ്. അതുകൊണ്ട് അതിനി ഉപയോഗിക്കാന്‍ കഴിയാത്തവിധം നിര്‍വ്വീര്യമാക്കി,’- ജനറല്‍ കെന്നത്ത് മക്ന്‍സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: