കാബൂള്‍: യുഎസ് സേന പൂര്‍ണ്ണമായും ചൊവ്വാഴ്ച പിന്‍വാങ്ങിയതോടെ അഫ്ഗാനിസ്ഥാന്‍ അക്ഷരാര്‍ത്ഥത്തില്‍ താലിബാന്റെ പിടിയിലായിക്കഴിഞ്ഞു. പഞ്ച് ശീര്‍ എന്ന ഏക പ്രവിശ്യയില്‍ മാത്രമാണ് താലിബാനെതിരെ പൊരുതുന്ന വടക്കന്‍ സംയുക്ത സേനയുള്ളത്. ബാക്കി ഭാഗങ്ങളെല്ലാം താലിബാന്റെ കാല്‍ക്കീഴില്‍. ഇനി താലിബാന്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ ആരെല്ലാമായിരിക്കും തലപ്പത്തെത്തുക? ഇതറിയാന്‍ താലിബാന്റെ നേതാക്കളെ പരിചയപ്പെടണം.
ഹൈബത്തുള്ള അഖുണ്‍സാദ
ഹൈബത്തുള്ള അഖുണ്‍സാദയാണ് താലിബാന്റെ പ്രധാന കമാന്‍ഡര്‍. 1990കളില്‍ താലിബാന്‍ സ്ഥാപിതമാകുമ്പോള്‍ മുല്ല ഒമര്‍ ഇരുന്ന പദവിയാണിത്. മുല്ല ഒമറിന്റെയും മുല്ല മന്‍സൂറിന്റെയും പിന്‍ഗാമിയായ ഹൈബത്തുള്ള പഷ്തൂണ്‍ സമുദായാംഗമാണ്. ഇദ്ദേഹം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ സ്വദേശിയാണ്.
മുല്ല ബറാദാര്‍
താലിബാന്റെ രാഷ്‌ട്രീയ സമിതിയുടെ നേതാവാണ് മുല്ല ബറാദര്‍. താലിബാനും യുഎസും തമ്മിലുള്ളസമാധാന ചര്‍ച്ചയെത്തുടര്‍ന്നാണ് ഏട്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പാകിസ്ഥാന്‍ ജയിലില്‍ നിന്നും മുല്ല ബറാദാറിനെ ജയില്‍ വിമോചിതനാക്കിയത്. അദ്ദേഹം പിന്നീട് ഖത്തറിലെ ദോഹയിലിരുന്ന് താലിബാനും യുഎസും തമ്മിലുള്ള ചര്‍ച്ചകള്‍ നിയന്ത്രിച്ചു. ഇദ്ദേഹം തന്നെയാണ് ചൈനയിലും ചര്‍ച്ചകള്‍ക്കായി പോയത്.
പഷ്തൂണ്‍ വംശക്കാരനാണ്.
മുല്ല മുഹമ്മദ് യാക്കൂബ്
മുഹമ്മദ് യാക്കൂബ് പാരമ്പര്യം അവകാശപ്പെടുന്ന നേതാവാണ്. ശരിക്കുപറഞ്ഞാല്‍ താലിബാന്റെ സമുന്നത നേതാവായ മുല്ല ഒമറിന്റെ മകന്‍. 2016ല്‍ അദ്ദേഹം താലിബാനെ നയിച്ചു. പിന്നീട് അദ്ദേഹം നേതൃപദവിയിലേക്ക് ഹൈബത്തുള്ള അഖുന്‍സാദയെ അവരോധിച്ചു. താലിബാനെ നയിക്കാന്‍ മാത്രം തനിക്ക് പ്രായമായിട്ടില്ലെന്നാണ് യാക്കൂബിന്റെ വാദം. ഇപ്പോഴും മുപ്പതുകളുടെ തുടക്കത്തിലാണ് യാക്കൂബ്. താലിബാന്റെ സൈനിക കമാന്‍ഡറാണ്. താലിബാന്‍ സിദ്ധാന്തങ്ങളുടെയും മതകാര്യങ്ങളുടെയും ചുമതലയും ഇദ്ദേഹത്തിന് തന്നെ. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ താലിബാന്‍ തീവ്രവാദികള്‍ക്കിടയില്‍ യാക്കൂബ് മതിപ്പ് നേടി. ഇതാണ് സൈനികമേധാവിയായി മാറാന്‍ വഴിയൊരുക്കിയത്. എങ്കിലും താലിബാന്റെ മൃദുസ്വരമാണ് യാക്കൂബ്.
സിറാജുദ്ദീന്‍ ഹഖാനി
ഹക്കാനി ശൃംഖയുടെ നേതാവ്. താലിബാന്റെ വാളാണ് ഹക്കാനി ശൃംഖല. ഒരു തീവ്രവാദ സംഘമാണിത്. പഷ്തൂണ്‍ സമുദായക്കാരനാണ്. പാകിസ്ഥാനിലാണ് ബാല്യം ചെലവഴിച്ചത്. താലിബാനെതിരെ ഉയരുന്ന എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തുന്ന ചുമതലയാണ് ഇദ്ദേഹത്തിന്‍റേത്. കലാപത്തിന്റെ ചുമതലയാണ് ഹഖാനിക്ക്.
മുല്ല അബ്ദുള്‍ ഹക്കീം ഇഷാഖ്‌സായ്
തീവ്രനിലപാടുകാരനായ പുരോഹിതന്‍. പാകിസ്ഥാനിലെ ക്വെറ്റയിലെ ഇഷാഖബാദ് പ്രദേശത്ത് ഇസ്ലാമിക് മതപഠനകേന്ദ്രം നടത്തിയിരുന്നു. ഇതായിരുന്നു പണ്ടത്തെ താലിബാന്‍ ആസ്ഥാനം. യുഎസുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്ന 21 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു. പഷ്തൂണ്‍ സമുദായക്കാരന്‍. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ സ്വദേശി. താലിബാന്റെ പ്രവൃത്തികള്‍ക്കെല്ലാം മതപരമായ ന്യായം കണ്ടെത്തുന്ന പുരോഹിതന്‍. താലിബാനും അല്‍ക്വെയ്ദയും പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയും തമ്മിലുള്ള ഇടക്കണ്ണിയാണ് ഇദ്ദേഹം. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ക്വാ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹക്കാനിയ ഇസ്ലാമിക് സെമിനാരിയിലെ അധ്യാപകനായിരുന്നു. ഈ സെമിനാരി താലിബാന്റെ ജിഹാദ് സര്‍വ്വകലാശാലയായി അറിയപ്പെടുന്നു. ഇവിടെ നിന്നാണ് താലിബാന്‍ പോരാളികള്‍ എത്തുന്നത്.
ഖാരി ദിന്‍ മുഹമ്മദും മൗലവി അബ്ദുള്‍ സലാം ഹനഫിയും
ഇവര്‍ രണ്ടു പേരുമാണ് പഷ്തൂണുകളല്ലാത്ത രണ്ട് താലിബാന്‍ നേതാക്കള്‍. ഇതില്‍ ഖാരി ദിന്‍ മുഹമ്മദ് താജിക് വംശജനും മൗലവി അബ്ദുള്‍ സലാം ഹനഫി ഉസ്‌ബെക്കുമാണ്. മുന്‍ താലിബാന്‍ ഭരണത്തില്‍ ഇരുവരും ഗവര്‍ണര്‍മാരായിരുന്നു. ദോഹയിലെ യുഎസ് ചര്‍ച്ചകളില്‍ താലിബാന്‍ പ്രതിനിധികളായിരുന്നു.
താലിബാന് പൊതുവേ അഞ്ച് തട്ടുകളാണ് ഉള്ളത്. സുപ്രീം നേതാവ്, ഇദ്ദേഹത്തിന്റെ ഉപനേതാക്കള്‍, നേതൃത്വ കൗണ്‍സില്‍, കമ്മീഷനുകള്‍, പിന്നിലെ ഭരണ വിഭാഗം. താഴെത്തട്ടിലാണ് നിഴല്‍ ഗവര്‍ണര്‍മാരും പ്രാദേശിക സൈനിക കമാന്‍ഡര്‍മാരും.
റഹ്ബാരി ഷൂറ
റഹ്ബാരി ഷൂറയാണ് താലിബാന്റെ നേതൃത്വ കൗണ്‍സില്‍. പാകിസ്ഥാനിലെ ബലൂചിസ്താനിലുള്ള ക്വെറ്റ നഗരത്തിലാണ് ഈ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. റഹ്ബാരി ഷൂറയുടെ നേതൃത്വം ഹൈബത്തുള്ള അഖുണ്‍സാദയുടെ കൈകളിലാണ്. അദ്ദേഹത്തെ സഹായിക്കാന്‍ മൂന്ന് പേര്‍ മുല്ല അബ്ദുള്‍ ഗനി ബറാദറും മുല്ല മുഹമ്മദ് യാക്കൂബും സിറാജുദ്ദീന്‍ ഹഖാനിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: