ബെംഗളൂരു : കേരളത്തില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാരിലും കര്‍ണ്ണാടകം കര്‍ശ്ശന കോവിഡ് പരിശോധന ഏര്‍പ്പെടുത്തി. യാത്രക്കാരുടെ പക്കല്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഉണ്ടെങ്കിലും റെയില്‍വേ സ്റ്റേഷന് ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒരു ദിവസത്തിനുള്ളില്‍ തന്നെ പരിശോധന ഫലം ലഭിക്കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കര്‍ണ്ണാടകം ഇപ്പോള്‍ കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുമായി എത്തിയവരാണ്. കൂടാതെ സംസ്ഥാനത്ത് വ്യാജ കോവിഡ് സര്ട്ടിിറ്റക്കറ്റുകള് വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഇത്.
റെയില്‍വേ സ്റ്റേഷനിലും മറ്റും നടത്തുന്ന പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കും. പിന്നീട് ഏഴ് ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തും അതില്‍ നെഗറ്റീവ് ആയെങ്കില്‍ മാത്രമേ ക്വാറന്റീന് അവസാനിപ്പിക്കാന്‍ സാധിക്കൂ. കേരളത്തില്‍ നിന്നുള്ളവര്‍ക്കായി നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലെല്ലാം പരിശോധന കര്‍ശനമാക്കി.
റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്ന ആളുകളില്‍ നിന്ന് ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ളവ വാങ്ങിയ ശേഷമാണ് പരിശോധന. ഫലം പോസിറ്റീവായാല്‍ ഇവരെ തെരഞ്ഞുപിടിച്ച് ക്വാറന്റീന് ചെയ്യും. ഇതിനായി ഹോട്ടലുകള്‍, നേരത്തെയുള്ള കോവിഡ് സെന്ററുകളും ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നെത്തുന്ന എല്ലാവരേയും ക്വാറന്റീന് ചെയ്യിപ്പിക്കും എന്നായിരുന്നു ഇന്നലെ കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നഴ്സിങ്, എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.
അതിനിടെ കോലാറിലെ 38 നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികളും കേരളത്തില്‍ നിന്നുള്ളവരാണ്. നേരത്തെ ഇവിടെ 28 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പോസിറ്റീവ് ആയവരുടെ എണ്ണം 66 ആയി. 265 വിദ്യാര്‍ത്ഥികളാണ് കോളേജിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: