തിരുവനന്തപുരം: മാപ്പിളക്കലാപം വര്‍ഗീയ കലാപമല്ലെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി സ്വാതന്ത്ര്യ സമര സേനാനി തന്നെയെന്നും ആവര്‍ത്തിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. സ്വാതന്ത്ര്യ സമരം ബ്രട്ടീഷുകാര്‍ക്കെതിരാണെങ്കില്‍ മലബാര്‍ കാലാപവും സ്വാതന്ത്ര്യ സമരം തന്നെ. കൊളോണിയല്‍ ചരിത്രകാരന്മാര് മനപൂര്‍വ്വം മലബാര്‍ കലാപത്തെ മാപ്പിള ലഹള എന്നാക്കുകയായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. തിരുവനന്തപുരം നെഹ്റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും ചര്‍ച്ച ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍.
ചരിത്രത്തില്‍ ഭഗത് സിങ്ങിന് നല്കുന്ന സ്ഥാനം തന്നെയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും നല്‍കുന്നത്. 1857ന് ശേഷം ബ്രട്ടീഷ്കാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ സമരമായിരുന്നു മലബാര്‍ കലാപം. ചരിത്രകാരന്മാര് ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറിലെ സവര്‍ണ്ണ ഹിന്ദുക്കളാണ് ജന്മിമാര് എന്ന് അറിയപ്പെട്ടിരുന്നത്.
മാപ്പിളകള്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുമായിരുന്നു. ജന്മിമാര് പ്രവര്‍ത്തിച്ചിരുന്നത് സര്‍ക്കാരിന്റെ ഭാഗമായിട്ടായിരുന്നു. അതായത് ബ്രട്ടീഷുകാര്‍ക്ക് വേണ്ടി. ഇവര്‍ ചെയ്ത തെറ്റുകളെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മാപ്പിളകള്‍ തടഞ്ഞു. ഇത് സര്‍ക്കാരിനെതിരെയുള്ള സമരമായതിനാല്‍ വര്‍ഗ്ഗീയ കലാപം എന്ന് പറയാന്‍ സാധിക്കില്ല. ബ്രിട്ടീഷുകാര്‍ക്കും ജന്മിത്വത്തിനും എതിരായ സമരമാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ഇതിനെ അംഗീകരിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.
കുമാരനാശാന്റെ ദുരവസ്ഥയിലെ ഒരു വരിയെ കൂട്ടുപിടിച്ചാണ് മലബാര്‍ കലാപത്തെ വര്‍ഗ്ഗീയ കലാപമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. കുമാരനാശാന് പോലും ഇത്ര ദുരവസ്ഥ ഉണ്ടാകുമെന്ന് വിചാരിച്ചു കാണില്ല. എല്‍.കെ. അദ്വാനി പാകിസ്ഥാനില്‍ പോയി ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച് ജിന്ന മഹാനായ മതനിരപേക്ഷ വാദിയെന്ന് പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്. ദ്വിരാഷ്ട്രത്തിന് വേണ്ടി വാദിച്ച ജിന്നയെ പുകഴ്ത്താം എന്നാല്‍ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പ്രവര്‍ത്തിച്ച വാരിയംകുന്നനെ വര്‍ഗ്ഗീയ വാദിയെന്ന് ചിത്രീകരിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. എം.എം. ഹസ്സന് അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്. തമ്പാന്, സി.പി.ജോണ്‍, നസീല്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: