അഡ്വ:ജി.അഞ്ജനാദേവി
സ്ത്രീ മുന്നേറ്റത്തിന് കേവലം ഭൗതികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ക്കപ്പുറം ചിരപുരാതനവും നിരന്തരവുമായ ധാര്‍മ്മികവും സാംസ്കാരികവുമായ മുന്നേറ്റത്തിന്റെ കരുത്തുണ്ട്. അതുകൊണ്ടു തന്നെ ആധുനിക ഫെമിനിസ്റ്റ്, സെമിറ്റിക് കാഴ്ചപ്പാടുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ സാധിക്കുന്നതിന് അപ്പുറമാണത്. മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും രാഷ്ട്രീയ ധാരകളുടെ നിര്‍വചന സാധ്യതകളും ഇന്ത്യന്‍ സ്ത്രീത്വത്തിന് പോരാതെ വരും. എല്ലാ മതങ്ങള്‍ക്കും എല്ലാ ഇസങ്ങള്‍ക്കും മുമ്പ് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമാണ് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുന്നേറ്റത്തിന്. ഈ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടാണ് ആദ്ധ്യാത്മിക രംഗത്തെ സ്ത്രീ മുന്നേറ്റത്തെ പരിശോധിക്കേണ്ടത്.
ഭാരതീയതയോളം സ്ത്രീയുടെ അവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്ത മറ്റൊരു സംസ്കാരം ഇല്ല. സമസ്തമേഖലയിലും വ്യാപിച്ചു നില്ക്കുന്ന ആ ഊര്‍ജ്ജത്തെ ശക്തിരൂപമായി കരുതിപ്പോരുന്ന നാടാണ് ഭാരതം. പടിഞ്ഞാറന്‍ സെമറ്റിക് സങ്കല്‍പ്പങ്ങള്‍ ഈശ്വരീയസത്തയ്ക്ക് പുരുഷഭാവമാണ് നല്കുന്നതെങ്കില് വേദപുരാണേതിഹാസങ്ങള്‍ പുരുഷദൈവങ്ങള്‍ക്ക് തുല്യമായി സ്ത്രീ ഭാവവും കല്പ്പിച്ചു നല്‍കിയിട്ടുണ്ട്. 1500 ബിസി മുതല്‍ 1000 ബിസി വരെയുള്ള കാലഘട്ടം ആദ്യ വേദകാലഘട്ടമായി ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു. 1000 മുതല്‍ 600 വരെയുള്ള കാലഘട്ടമാണ് രണ്ടാം പകുതിയായി കണക്കാക്കുന്നത്. ഈ കാലഘട്ടങ്ങളില്‍ എന്നല്ല ചരിത്രാതീത കാലഘട്ടം മുതല്‍ സ്ത്രീകള്‍ക്ക് അവസര സമത്വവും തുല്യ നീതിയും ഉറപ്പാക്കപ്പെട്ടിരുന്നു. ഭാരതീയ ആദ്ധ്യാത്മിക സങ്കല്പ പ്രകാരം സ്ത്രീപുരുഷഭേദമില്ലാത്ത കെട്ടുപാടുകളില്ലാത്ത ആത്മാവാണ് എല്ലാത്തിന്റെയും അടിസ്ഥാനം. അത്തരം ഉയര്‍ന്ന ആദ്ധ്യാത്മിക ചിന്തയില്‍ സ്ത്രീപുരുഷ വ്യത്യാസം ഇല്ലായിരുന്നു. എന്നു മാത്രമല്ല സര്‍വ്വമേഖലയിലും ഏകത്വം ദര്‍ശിക്കാന്‍ സാധിക്കുകയും ചെയ്യുന്ന സമീപനമായിരുന്നു.
ഭഗവത്ഗീത 9-ാം അധ്യായം 17-ാം ശ്ലോകം പറയുന്നു.
‘പിതാമഹസ്യ ജഗതോ
മാതാ ധാതാ പിതാമഹ
വേദ്യം പവിത്രമോങ്കാര
ഋക് സാമ യജൂരേവ ച’
പ്രപഞ്ചത്തിന്റെ പിതാമഹനും പിതാവും മാതാവും പരമാത്മാവായ ഞാന്‍ തന്നെ എന്നാണ് പറയുന്നത്. ബൃഹദാരണ്യോകോപനിഷത്തില് സൃഷ്ടിപ്രക്രിയ പറയുന്നിടത്ത് സ്ത്രീപുരുഷഭേദം കല്‍പ്പിക്കാനാകാത്ത ‘ആത്മന്’ വിശദീകരിക്കുന്നുണ്ട്. സൃഷ്ടിയുടെ പ്രതീകാത്മക വര്‍ണ്ണനയാണ് സാംഖ്യാദര്ശനത്തിലെ പ്രകൃതി പുരുഷ സങ്കല്പം. ഇവിടെ പുരുഷനില്ലാതെ പ്രകൃതിയും പ്രകൃതി ഇല്ലാതെ പുരുഷനും അപൂര്‍ണ്ണമാണ്. സ്ത്രീ പ്രകൃതിയുടെ തനിമയാണ്. പ്രകൃതിയുടെ താളവും ലയവും ഭംഗിയും സ്ത്രീ പ്രകടിപ്പിക്കുന്നു.
ഭാര്യാഭര്‍തൃബന്ധത്തെ സംബന്ധിച്ച് ഒരാളുടെ കീഴില്‍ മറ്റൊരാള്‍ ഒതുങ്ങുകയല്ല, ഭരിക്കുകയല്ല. ഒരാള്‍ മറ്റൊരാളെ സ്നേഹിക്കുകയും ബഹുമാനിക്കുകയുമാണ് ചെയ്യുന്നത്.
മനുസ്മൃതി പറയുന്നു;
‘സന്തുഷ്ടോ ഭാര്യയാ ഭര്ത്താ
ഭര്‍ത്ത്രാ ഭാര്യാ തഥൈവച
യസ്മിന്നേവകുലേ നിത്യം
കല്ല്യാണം തത്രൈവ ധ്രുവം’
പരസ്പരം സന്തുഷ്ടരായി ജീവിക്കുന്ന ദമ്പതികള്‍ക്കിടയിലാണ് കല്യാണം, മംഗളം ഉള്ളതെന്ന് മനുസ്മൃതി വിശദീകരിക്കുന്നു. തന്ത്രശാസ്ത്ര പ്രകാരം ശിവനും ശക്തിയും വേര്‍തിരിക്കാന്‍ കഴിയാത്ത ഒന്നാണ്. വൈഷ്ണവ വിധിപ്രകാരം ലക്ഷ്മീനാരായണ രൂപത്തില്‍ സ്ത്രീപുരുഷ ശക്തി ആരാധിക്കപ്പെടുന്നു.
വൈവാഹിക ജീവിതത്തിന് പോറലേല്ക്കുമ്പോഴാണ് അസമത്വചിന്ത ഓരോരുത്തരിലും ഉയര്‍ന്നു വരുന്നത്. ഭര്‍ത്താവിനൊപ്പം സകലധര്‍മ്മങ്ങളും അനുഷ്ഠിക്കുന്നവള്‍ എന്ന അര്‍ത്ഥതലത്തില്‍ നില്ക്കുന്ന സഹധര്‍മ്മിണി കേവലം ഭാര്യയാകുമ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.
ഭാരതീയ സംസ്കൃതി പ്രമുഖമായും സ്ത്രീക്ക് കല്‍പ്പിക്കുന്നത് മാതൃഭാവമാണ്. സമ്പത്തിന്റെ അധിപതിയായ ലക്ഷ്മിയായും ജ്ഞാനത്തിന്റെയും അറിവിന്റെയും പ്രതീകമായ സരസ്വതിയായും ശക്തിയുടേയും കരുത്തിന്റെയും പ്രതീകമായ ദുര്‍ഗ്ഗയായും ആ മാതൃഭാവത്തെ ഭാരതം ആരാധിക്കുന്നു.
മന്ത്രങ്ങളില്‍ പരമ പ്രാധാന്യം അര്‍ഹിക്കുന്ന ഗായത്രി മന്ത്രത്തെ വേദമാതാവായി എല്ലാ മന്ത്രങ്ങളുടേയും അമ്മയായി, മാതൃഭാവം കല്പ്പിച്ചു നല്‍കിയാണ് ഭാരതീയര്‍ സ്തുതിക്കുന്നത്. ഇത്തരത്തില്‍ ഭാരതീയ സംസ്കൃതിയില്‍ എല്ലായിടത്തും മാതൃഭാവം കാണാം.
അദ്ധ്യാത്മിക മേഖലയില്‍ എന്നപോലെ വൈജ്ഞാനിക മേഖലയിലും ഭാരതസ്ത്രീക്ക് കിട്ടിയ പ്രാധാന്യം സമാനതകള്‍ ഇല്ലാത്തതാണ്. ഗാര്‍ഗി, മൈത്രേയി, ഘോഷാ, ലോപാമുദ്ര, രോമശ, മമത, അദിതി, അപാല, ശിഖണ്ഡിനി തുടങ്ങിയ 27 ഋഷികാ പരാമര്‍ശങ്ങള്‍ ഋഗ്വേദത്തില്‍ കാണാം. അദ്ധ്യാത്മിക വൈദിക പഠനമാര്‍ഗം തെരഞ്ഞെടുത്ത സ്ത്രീകളെ ‘ബ്രഹ്മവാദിനികള്‍’ എന്നും പഠനം ഉപേക്ഷിച്ച് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചവരെ ‘സദ്ദേയവാദസ്/സദ്യാവധു’ എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്.
1893 ലെ ചിക്കാഗോയില്‍ നടന്ന ലോകമത സമ്മേളനത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ‘അസതോമ സത്ഗമയ..’ സൂക്തം ബൃഹദോകാരണ്യോപനിഷത്തില് ചിട്ടപ്പെടുത്തിയത് ബ്രഹ്മവാദിനി മൈത്രേയിയാണ്.
സീത, കുന്തി, ഗാന്ധാരി, സുഭദ്ര, പാഞ്ചാലി, ഉത്തര, ദമയന്തി, സാവിത്രി, സുനീതി തുടങ്ങിയ പുരാണ നായികമാര്‍ അദ്ധ്യാത്മകതയിലൂടെ നേടിയ മനക്കരുത്തുകൊണ്ടാണ് ഭര്ത്താക്കന്മാര് പ്രതിസന്ധിയിലായ സമയത്ത് അവര്‍ക്ക് കരുത്ത് പകര്‍ന്നത് എന്ന ചരിത്രം നമ്മുടെ മുന്പിലുണ്ട്.
കലയും സാഹിത്യവും സംസ്കാരത്തിന്റെയും കാലഘട്ടത്തിന്റെയും ആവിഷ്ക്കാരം കൂടിയാണല്ലോ. ബാണന്റെ കാദംബരിയും രത്നാവലിയിലെ നാഗരികയും തിലകമഞ്ജരിയിലെ മലയ സുന്ദരിയുമെല്ലാം ആദ്ധ്യാത്മിക ബൗദ്ധിക വൈജ്ഞാനിക മികവുകള്‍ പ്രകടമാക്കിയ രത്നങ്ങളായിരുന്നു. വൈജ്ഞാനിക മേഖലയില്‍ നിന്ന് രാഷ്ട്രതന്ത്രത്തിലേക്ക് വന്നാല്‍ അവിടെയും സ്ത്രീയുടെ വ്യക്തിമുദ്രയും പ്രഭാവവും കാണാം. മൗര്യസാമ്രാജ്യത്തിലെ ശക്തരായ സ്ത്രീകളെക്കുറിച്ച് മഗസ്തതീസും കൗടില്യനും രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധമത പ്രചാരണാര്‍ത്ഥം അശോകന് തന്റെ മകള്‍ സംഘമിത്രയെ ലങ്കയിലേക്ക് അയച്ചതായും ചരിത്രം രേഖപ്പെടുത്തുന്നു.
16-ാം നൂറ്റാണ്ടില്‍ ജീവിച്ച മീരാഭായി ആദ്ധ്യാത്മികതയുടെ കരുത്തുകൊണ്ട് ഭക്തിയെ ആഘോഷമാക്കി മാറ്റിയ സന്യാസിനിയായിരുന്നു. മുസ്ലിം അക്രമകാരികള്‍ ഭാരത സ്ത്രീകളുടെ ആത്മാഭിമാനത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ ചിത്തോറിലെ പത്മിനിയും അഹമ്മദാബാദിലെ ചാന്ദ്ബീവിയും മഹാരാഷ്ട്രയിലെ താരാബായിയും നടത്തിയ പോരാട്ടം മധ്യകാല ഭാരതചരിത്രത്തിലെ അവിസ്മരണീയ ഏടുകളാണ്. അപമാനിതയായി ജീവിക്കുന്നതിലും ഭേദം മരണമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് യുദ്ധത്തില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ജീവിതം സ്വയം ഹോമിച്ച റാണി ദുര്‍ഗാവതിയും ബഹദൂര്‍ഷായുടെ ആക്രമണത്തിനു കീഴടങ്ങാതെ ജോഹര്‍ അനുഷ്ഠിച്ച റാണി കര്‍ണാവതിയും ഈ പട്ടികയിലെ ചിരസ്മരണീയരായ സ്ത്രീരത്നങ്ങളാണ്.
ബ്രിട്ടീഷുകാരോട് പൊരുതി മരിച്ച ഝാന്സിറാണിയും കിത്തൂരിലെ റാണിചന്നമ്മയും സമീപകാല ചരിത്രത്തിലെ ധീരപോരാളികളാണ്.
ജീജാബായിയേയും ഭുവനേശ്വരീദേവിയേയും പോലെ അദ്ധ്യാത്മികതയുടെ ചൈതന്യമുള്ള മാതൃത്വത്തിന്റെ പരിലാളനയില്‍ വളര്‍ന്നുവന്ന ഛത്രപതി ശിവജിയും സ്വാമി വിവേകാനന്ദനും നമ്മുടെ മുന്പിലുണ്ട്. ശ്രീരാമകൃഷ്ണദേവന്റെ സഹധര്‍മ്മിണി ശാരദാദേവി ഒരേ സമയം സന്യാസിനിയും ശിഷ്യയും ആദ്ധ്യാത്മിക വഴികാട്ടിയും ആയിരുന്നു. സ്വാമി വിവേകാനന്ദന്റെ ആശയാദര്‍ശങ്ങളില്‍ ആകൃഷ്ടയായി ശിഷ്യത്വം സ്വീകരിച്ച ഭഗിനി നിവേദിതയും നമ്മുടെ മുന്പിലുണ്ട്.
ബുദ്ധപ്രസ്ഥാനത്തിലെ ഥേരി സന്യാസിനിമാര്‍, ജൈനപ്രസ്ഥാനത്തിലെ സന്യാസിനിമാര്‍, ശാരദാമഠം, വിവേകാനന്ദകേന്ദ്രം, ബ്രഹ്മകുമാരീ മഠങ്ങള്‍ മുതല്‍ ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മാതാ അമൃതാനന്ദമയി മഠം വരെയുള്ള സ്ത്രീകള്‍ നേതൃത്വം നല്കുന്ന ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ ഒരു പരമ്പരയാണ് നമുക്കുള്ളത്. തമിഴ്നാട്ടിലെ ആള്‍വാര്‍, ആണ്ടാള്‍, അവ്വയാര്‍, കാരക്കലമ്മയാര്, കര്‍ണ്ണാടകത്തിലെ അക്കമഹാദേവി, ആന്ധ്രയിലെ വെങ്കമ്മ, കേരളത്തിലെ കുറൂരമ്മ തുടങ്ങിയവര്‍ അദ്ധ്യാത്മിക പ്രണേതാക്കളായിരുന്ന മഹത് വ്യക്തിത്വങ്ങളാണ്.
ഭാരതം സ്ത്രീയെ ഗൃഹലക്ഷ്മിയായും കുലലക്ഷ്മിയായും കാണുന്നു. ഗ്രാമദേവതകളും കുലദേവതകളും നമ്മുടെ ഗ്രാമങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഉണ്ടായിരുന്നു. കാളിയമ്മന്‍, മാരിയമ്മന്‍, ചാമുണ്ഡി, ദ്രൗപതിയമ്മന്‍ തുടങ്ങിയവര്‍ ആ പട്ടികയില്‍ വരുന്ന ദേവതാ സങ്കല്പങ്ങളാണ്. കേരളത്തില്‍ ദേവിയെ ഭഗവതിയായി ആരാധിക്കുന്നു. എല്ലാ ഭവനങ്ങളിലും ദേവീസാന്നിധ്യം ഉണ്ടെന്നാണ് സങ്കല്പം. അതിന്റെ ഭാഗമായാണ് കര്‍ക്കിടക സംക്രാന്തിയോട് അനുബന്ധിച്ച് വീടും പരിസരവും ശുചിയാക്കി ശ്രീഭഗവതിയെ എതിരേല്ക്കാന് തയ്യാറാകുന്ന മലയാളി മനസ്സ്. ‘ശ്രീ ഭഗവതി അകത്ത്, ചേട്ടാ ഭഗവതി പുറത്ത്’ എന്ന വിളിച്ചു പറയലോടെ ശ്രീയുടെ വരവും അശ്രീകരത്തിന്റെ ഇല്ലാതാകലും നടക്കുന്നു.
ഹിന്ദുധര്‍മ്മം തലമുറയിലേക്ക് കൈമാറുന്നത് ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയുമാണ്. സാധാരണക്കാരായ സ്ത്രീകള്‍ പോലും തങ്ങളുടെ നിത്യജീവിതത്തില്‍ അനുഷ്ഠിച്ചിരുന്ന ആചാരങ്ങളായ തിരുവാതിര, കാര്‍ത്തിക വിളക്ക്, ദശപുഷ്പം പൂജിക്കല്‍, നാല്പാമരം അരച്ചു കുറിയിടല്, അടുപ്പ് ഗണപതിയിടല്, കറുകമാല ചൂടല്‍, രാമായണമാസം ആചരിക്കല്‍ എന്നിവയുടെ ഭാഗം തന്നെയാണ് ചക്കുളത്തുകാവിലെ നാരിപൂജയും, ആറ്റുകാല്‍ ക്ഷേത്രത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ ഒരുമിച്ചുകൂടി ദേവിക്ക് അര്‍പ്പിക്കുന്ന പൊങ്കാലയുമൊക്കെ.
ഭാരതത്തിലുടനീളം ഹിന്ദു ക്ഷേത്രങ്ങളും ധര്‍മശാലകളും സ്ഥാപിച്ചുകൊണ്ട് ആദ്ധ്യാത്മിക മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന അഹല്യബായ് ഹോള്‍ക്കറെ പോലെ, ആധുനിക സമൂഹത്തിന് ആദ്ധ്യാത്മിക അനുഭൂതി പ്രധാനം ചെയ്യുന്ന മഹത്തായ ദൗത്യമാണ് മാതാ അമൃതാനന്ദമയീദേവി നടത്തി വരുന്നത്. തദ്ദേശീയരും വിദേശികളുമായ നൂറുകണക്കിന് ശിഷ്യസമ്പത്തിലൂടെ, വിശിഷ്യ സന്യാസിനിമാരിലൂടെ ലക്ഷക്കണക്കിന് ഭക്തരെ മാതൃഭാവത്തിന്റെ ചരടില്‍ കോര്‍ത്ത മഹത്തായ അദ്ധ്യാത്മിക ദൗത്യമാണ് അമ്മ നിര്‍വ്വഹിക്കുന്നത്. ലോകമെമ്പാടുമുള്ള ആശ്രമങ്ങളും സ്ഥാപനങ്ങളും ഈ ദൗത്യത്തിന് വലിയ കരുത്താണ് പകരുന്നത്.
ശ്രീരാമകൃഷ്ണാശ്രമം, ചിന്മയാമിഷന്, ഹരേരാമ ഹരേകൃഷ്ണ പ്രസ്ഥാനം, സത്യസായി കേന്ദ്രങ്ങള്‍, ശ്രീ ശ്രീ രവിശങ്കര്‍, ശ്രീ ബാബാ രാംദേവ്, സദ്ഗുരു, ശ്രീ എം തുടങ്ങിയ നൂറുകണക്കിന് ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇവയിലോരോന്നിലും കേവലം സാന്നിധ്യം മാത്രമല്ല നേതൃപരമായ പങ്കാളിത്തവും സ്ത്രീക്കുണ്ട് എന്നത് അഭിമാനകരമാണ്. രാജ്യത്താകമാനം നടക്കുന്ന ചെറുതും വലുതുമായ സത്സംഗങ്ങളില്‍ ഗണനീയമായ സ്ത്രീ പങ്കാളിത്തം കാണാന്‍ സാധിക്കുന്നു.
ആധുനിക സമൂഹം മനുഷ്യനില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും ഉത്പാദിപ്പിക്കുന്ന മാനസികപ്രശ്നനങ്ങള് -ചിത്തഭ്രമം, വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് പരിഹാരം കൂടിയാണ് ഈ കേന്ദ്രങ്ങള്‍.
കേരളത്തിലെ പ്രമുഖ നാഗരാജ ക്ഷേത്രമായ ഹരിപ്പാട് മണ്ണാറശാലയില്‍ ‘വലിയമ്മ’ എന്നു വിളിക്കുന്ന – വിവാഹിതയായ കുടുംബിനിക്കും -ബ്രഹ്മചാരിണിയാകാനും ഒരു മഹാക്ഷേത്രത്തിന്റെ പ്രധാന പൂജാരിണിയാകാനും സാധിക്കുന്നു എന്നത് ഭാരതത്തിന്റെ ആദ്ധ്യാത്മിക രംഗത്തെ വനിതാ മുന്നേറ്റത്തിന്റെ വലിയ ദൃഷ്ടാന്തമാണ്.
സ്ത്രീ അമ്മയായും ഭാര്യയായും ഗുരുവായും ശിഷ്യയായും അതാത് കാലഘട്ടങ്ങളില്‍ ആദ്ധ്യാത്മിക ഔന്നത്യം പുലര്‍ത്തിയിരുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ സഹസ്രാബ്ദങ്ങള്‍ നീണ്ട ഭാരതവര്‍ഷത്തില്‍ എണ്ണിയാലൊടുങ്ങാത്തതാണ്.
ആദ്ധ്യാത്മികതയോ ഭാരത സാംസ്കാരിക ധാരയെ കുറിച്ച് അഭിമാനബോധമോ ഇല്ലാത്ത ഒരുകൂട്ടം ആള്ക്കാര് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചിട്ടില്ല എന്ന് തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടുവന്നത് നമുക്ക് മറക്കാറായിട്ടില്ല. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ആചാര പദ്ധതികള്‍ അതുപോലെ തുടരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ലക്ഷക്കണക്കിന് സ്ത്രീകള്‍ നടത്തിയ മുന്നേറ്റം സമീപകാല കേരളം കണ്ട ഏറ്റവും വലിയ ആദ്ധ്യാത്മികതയിലൂന്നിയ ഒരു സാമൂഹിക മുന്നേറ്റമായിരുന്നു.
മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തില്‍ കേരളത്തിലെ സന്യാസി ശ്രേഷ്ഠന്മാരും കേരളത്തിന്റെ നവോത്ഥാനത്തിന്റെ നേരവകാശികളായ സാമുദായിക നേതൃത്വവും ഒരുമിച്ച് കൈകോര്‍ത്ത ഒരു മുന്നേറ്റമായി അത് പരിണമിച്ചു. ‘അദ്ധ്യാത്മികത കൊണ്ട് ലോകത്തെ കീഴടക്കൂ’ എന്നാണ് സ്വാമി വിവേകാനന്ദന് ഭാരതത്തിനോട് ആഹ്വാനം ചെയ്തത്. സ്ത്രീ അവളുടെ സ്വത്വം തിരിച്ചറിഞ്ഞ് കാലഘട്ടത്തിന്റെ കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് മുന്നേറിയ സഹസ്രാബ്ദങ്ങളുടെ ചരിത്രമാണ് നമുക്കുള്ളത്. അത് തന്നെയായിരുന്നു അതാത് കാലഘട്ടങ്ങളിലെ പ്രതിസന്ധികള്‍ക്കുള്ള പരിഹാരവും. അനുസ്യൂതമായ ആ മുന്നേറ്റം ഇനിയും തുടരും.ആദ്ധ്യാത്മികത ജീവിതചര്യയും ജീവിതധാരയുമാണ് ഭാരതസ്ത്രീക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: