ഹിന്ദുവംശഹത്യയെന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന മാപ്പിളക്കലാപത്തെയും, അതിന് നേതൃത്വം നല്കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും വെള്ളപൂശി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്താസമ്മേളനം പരിഹാസ്യമായി പരിണമിച്ചതില്‍ പുതുമയില്ല. മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ അബദ്ധങ്ങളുടെയും വിവരക്കേടുകളുടെയും ഘോഷയാത്രയായി മാറിയിട്ട് കാലങ്ങളായി. വീണ്ടുവിചാരമോ ജാഗ്രതയോ ഇല്ലാത്ത ഭരണാധികാരിയെന്ന നിലയ്ക്ക് ഇങ്ങനെയൊക്കെ പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന മട്ടിലുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റം കേരളത്തിന് സുപരിചിതമാണ്. നേരത്തെ എഴുതിക്കൊണ്ടുവരുന്ന കാര്യങ്ങളെ മുന്‍നിര്‍ത്തി ചിലരെക്കൊണ്ട് ചോദ്യങ്ങള്‍ ഉന്നയിപ്പിച്ച് മറുപടി പറയുന്ന വളരെ അപഹാസ്യമായ രീതിയാണ് മുഖ്യമന്ത്രി പിന്തുടരുന്നത്. ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്തുവിടുന്നതിനപ്പുറം ഒരു വാചകംപോലും പറയാനാവാത്ത യാന്ത്രിക ശൈലി മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള നിലയും വിലയും കെടുത്തുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. മലബാറില്‍ നടന്ന മാപ്പിളക്കലാപം സ്വാതന്ത്ര്യസമരമാണെന്നും, മറിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ ചരിത്രം അറിയാത്തവരാണെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള അജ്ഞത പൂര്‍ണമായി വെളിപ്പെടുന്നതാണ് കണ്ടത്. തെറ്റുപറ്റാത്ത മനുഷ്യരില്ല. പക്ഷേ തിരുത്തലിന് തയ്യാറാകാതെ വിവരക്കേടുകള്‍ പറയുന്നത് മഹത്തായ കാര്യമാണെന്നു കരുതുന്നയാളെ സഹിക്കേണ്ടിവരുന്നത് കേരളത്തിലെ ജനങ്ങളുടെ ബാധ്യതയായി മാറുകയാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തയാളുകളാണ് മാപ്പിളക്കലാപത്തിന് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് നീക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. ഇതു പറഞ്ഞ മുഖ്യമന്ത്രിക്കുതന്നെയാണ് സ്വാതന്ത്ര്യസമരത്തെക്കുറിച്ചും മാപ്പിളക്കലാപത്തെക്കുറിച്ചും യാതൊരു ധാരണയുമില്ലാത്തതെന്ന് വ്യക്തമായി. മാപ്പിളക്കലാപത്തില്‍ മതഭ്രാന്തിന്റെ അഴിഞ്ഞാട്ടമാണ് നടന്നതെന്ന് പുസ്തകമെഴുതിയ ആളാണ് സ്വാതന്ത്ര്യസമരസേനാനിയും കെപിസിസിയുടെ ആദ്യ അധ്യക്ഷനുമായിരുന്ന കെ. മാധവന്‍നായര്‍. മാധവന്നായരുടെ പേര് ഒന്നല്ല, മൂന്നുതവണ തെറ്റായാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വാതന്ത്ര്യസമരത്തില്‍ വ്യത്യസ്ത ധാരകളുണ്ടെന്നും, അതില്‍ സഹനസമരം മുതല്‍ സായുധസമരവും കാര്ഷികകലാപവുമൊക്കെ ഉണ്ടെന്നും പറഞ്ഞാണ് മതപരമായ ലക്ഷ്യത്തോടെ നടന്ന മാപ്പിളക്കലാപത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ വ്യത്യസ്ത ധാരകളുണ്ടെന്ന് മുഖ്യമന്ത്രി പറയാതെതന്നെ ജനങ്ങള്‍ക്ക് അറിയാം. അതില്‍ എങ്ങനെയാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ടക്കൊലകളും ബലാല്‍സംഗങ്ങളും മതംമാറ്റങ്ങളുമൊക്കെ ഉള്‍പ്പെടുന്നതെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഇതിന് നേതൃത്വം നല്കിയ വാരിയംകുന്നന് എങ്ങനെയാണ് സ്വാതന്ത്ര്യസമരസേനാനിയാകുന്നതെന്നും പറയണം.
മാപ്പിളക്കലാപത്തിന് നേതൃത്വം നല്കിയ വാരിയന്‍കുന്നനെയും കൂട്ടാളികളെയും സ്വാതന്ത്ര്യസമരസേനാനികളായി എല്ലാവരും അംഗീകരിച്ചതാണെന്ന് കളവു പറയുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. മാപ്പിളക്കലാപത്തില്നിന്ന് രക്ഷ തേടി താനുള്‍പ്പെടെയുള്ള കുടുംബം ജന്മനാട്ടില്നിന്ന് ജീവനുംകൊണ്ട് ഓടിയതാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ഗാമിയും സ്വന്തം പാര്‍ട്ടിയുടെ ആചാര്യനുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് പലയിടത്തും എഴുതിയിട്ടുണ്ട്. കലാപം മതഭ്രാന്തിന് വഴിമാറിയെന്ന സത്യവും ഇഎംഎസിന് സമ്മതിക്കേണ്ടിവന്നു. ഇതിനാണ് വാരിയംകുന്നനെപ്പോലുള്ളവര് നേതൃത്വം നല്‍കിയത്. അങ്ങനെയുള്ളയാള്‍ ഇപ്പോള്‍ സ്വീകാര്യനാവുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. വാരിയംകുന്നനും കൂട്ടാളികളും സ്വാതന്ത്ര്യസമരസേനാനികളല്ലെന്ന് കോണ്‍ഗ്രസ് സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ഉമാശങ്കര്‍ ദീക്ഷിത് പാര്‍ലമെന്റില്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളതാണ്. സി. അച്യുതമേനോന് മുഖ്യമന്ത്രിയായിരിക്കെ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമരസേനാനികളുടെ ഡയറക്ടറിയിലും വാരിയംകുന്നന്റെയോ ആലി മുസ്ലയാരുടെയോ പേരില്ല. ഇതൊന്നും അറിയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി അധികാര ദുരുപയോഗമാണ് നടത്തുന്നത്. സ്വാതന്ത്ര്യസമരം എന്താണെന്നുപോലും അറിയാത്ത പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണല്ലോ എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞ് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. ആ പാര്‍ട്ടിയുടെ നേതാവായ മുഖ്യമന്ത്രി സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പരമാബദ്ധങ്ങള്‍ പറയുന്നതില്‍ അതിശയോക്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: